2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

20000 ട്രക്ക്‌ ഡ്രൈവര്‍മാര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കും


എന്‍എസ്‌ഡിസിയും എഎസ്‌ആര്‍ടിയും ചേര്‍ന്ന്‌ 


കൊച്ചി: വൈദഗ്‌ധ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ (എന്‍എസ്‌ഡിസി) സ്റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അണ്ടര്‍ടേക്കിങ്‌സ്‌ അസോസിയേഷനുമായി (എഎസ്‌ആര്‍ടിയു) ചേര്‍ന്ന്‌ വലിയ വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്നതിന്‌ വര്‍ഷന്തോറും 20,000 ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കും. 
ഇതിനായി അസോസിയേഷനു കീഴിലുള്ള സമിതികള്‍ വഴി ഇന്ത്യയിലുടനീളം ആധുനിക സൗകര്യങ്ങളോടെ ഡ്രൈവര്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ (ഡിടിഐ) സ്ഥാപിക്കും. എഎസ്‌ആര്‍ടിയു അംഗങ്ങളിലൂടെ 70 ഇന്‍സ്റ്റിറ്റിയൂട്ടുകളാണ്‌ സ്ഥാപിക്കുന്നത്‌. 
എന്‍എസ്‌ഡിസി-എഎസ്‌ആര്‍ടിയു കരാര്‍ അനുസരിച്ച്‌ പ്രധാനമന്ത്രി കൗശല്‍ വികാസ്‌ യോജനയുടെ കീഴിലായിരിക്കും പ്രത്യേക പദ്ധതിയായി പരിശീലനം നല്‍കുക. തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കും എഎസ്‌ആര്‍ടിയുകള്‍ക്കു കീഴിലുള്ള തൊഴിലാളികള്‍ക്കുമായിരിക്കും പരിശീലനം നല്‍കുക.
ആധുനിക സാങ്കേതിക വിദ്യകളായ ജിപിഎസ്‌ പോലുള്ളവ ഉപയോഗിക്കാന്‍ അറിയാവുന്ന പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ക്ക്‌ വലിയ ഡിമാന്‍ഡുള്ള കാലമാണിതെന്നും ഡ്രൈവര്‍മാര്‍ക്ക്‌ ആവശ്യമായ അടിസ്ഥാന വൈദഗ്‌ധ്യം ലഭ്യമാക്കേണ്ടതുണ്ടെന്നും ഈ കരാറിലുടെ ഡ്രൈവര്‍മാര്‍ക്ക്‌ വലിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കി ഈ രംഗത്തെ വിടവു നികത്തുകയാണ്‌ ലക്ഷ്യമിടുന്നതെന്നും എഎസ്‌ആര്‍ടിയുമായുള്ള ധാരണാ പത്രം കൈമാറികൊണ്ട്‌ എന്‍എസ്‌ഡിസി എംഡിയും സിഇഒയുമായ മനീഷ്‌ കുമാര്‍ പറഞ്ഞു.
വാണീജ്യ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചതോടെ വിദഗ്‌ധ ട്രക്ക്‌ ഡ്രൈവര്‍മാരെയും മെക്കാനിക്കല്‍ സ്റ്റാഫിനെയും ഇന്ന്‌ ഏറെ ആവശ്യമുണ്ടെന്നും എന്‍എസ്‌ഡിസിയുമായി ചേര്‍ന്ന്‌ ഈ കുറവ്‌ പരിഹരിക്കുന്നതിലും കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ അവസരം ഒരുക്കുന്നതിലും സന്തോഷമേയുള്ളുവെന്നും എഎസ്‌ആര്‍ടിയു, ഇഡി, പി. ആനന്ദ്‌ റാവു പറഞ്ഞു.
കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഡ്രൈവര്‍മാരുടെ 22 ശതമാനം കുറവുണ്ടെന്നും അത്‌ മാസം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാണ്‌. ഒരു വര്‍ഷം ഒരു ലക്ഷം ട്രക്ക്‌ ഡ്രൈവര്‍മാരെയെങ്കിലും ആവശ്യമായി വരുമെന്നാണ്‌ ലോജിസ്റ്റിക്‌സ്‌ കമ്പനികള്‍ പറയുന്നത്‌. 2020ല്‍ 50 ശതമാനം ഡ്രൈവര്‍മാരുടെ കുറവുണ്ടാകുമെന്നും കണക്കാക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ