2017, ജൂൺ 16, വെള്ളിയാഴ്‌ച

പ്രവാസികള്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നടപടി പരിശോധിക്കും

: നിയമസഭ സമിതി


പ്രവാസികളുടെ തിരിച്ചറിയല്‍ കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷ ഒരുമാസത്തിനകം 
പ്രവാസി ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും

കാക്കനാട്: സംരംഭം തുടങ്ങാനും വീട്, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കുമായി വായ്പയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് വിവിധ കാരണങ്ങളുടെ പേരില്‍ വായ്പ നിഷേധിക്കുന്ന ദേശസാത്കൃത ബാങ്കുകളുടെ നടപടി കര്‍ശനമായി പരിശോധിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സിറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡി കൃത്യമായി ബാങ്കുകള്‍ക്ക് ലഭിക്കുന്നില്ലെന്നും അതിനാല്‍ പ്രവാസികള്‍ക്ക് മറ്റു പല കാരണങ്ങളും പറഞ്ഞ് വായ്പ നിഷേധിക്കുകയാണെന്നും വ്യക്തമാക്കി നിരവധി പരാതികളാണ് നിയമസഭ സമിതിക്കു മുന്നില്‍ പ്രവാസി സംഘടനകളും വ്യക്തികളും ഉന്നയിച്ചത്. ബാങ്കുകള്‍ക്ക് 15% സബ്‌സിഡി കൃത്യമായി നല്‍കുന്നുണ്ടെന്നും വായ്പ നിഷേധിക്കുന്ന അപേക്ഷകര്‍ നോര്‍ക്കയെ സമീപിച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നും നോര്‍ക്ക് സിഇഒ അറിയിച്ചു. സഹകരണ ബാങ്കുകളെയും ജില്ലാ, പ്രാഥമിക സംഘങ്ങളെയും പ്രവാസികള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളെ കൂടുതലായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകള്‍ 10% ല്‍ താഴെ മാത്രമേ പ്രവാസികളുടെ വായ്പ നല്‍കൂ എന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ കടുംപിടിത്തം ഒഴിവാക്കി അനായാസം വായ്പ ലഭ്യമാക്കുന്നതിന് സഹകരണ ബാങ്കുകളെയും കേരളത്തിലെ ബാങ്കുകളെയും സമീപിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. 

പ്രവാസികള്‍ക്കുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഒരു മാസത്തിനുള്ളില്‍ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികളുടെ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അപേക്ഷകളുടെ എണ്ണം 1.5 ലക്ഷമായി വര്‍ധിച്ചതിനാല്‍ യഥാസമയം കാര്‍ഡ് ലഭ്യമാക്കുന്നത് ശ്രമകരമായിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ വരുന്നതോടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എളുപ്പമാകും. ഇതിനായുള്ള ബന്ധപ്പെട്ട രേഖകള്‍ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സാക്ഷ്യപ്പെടുത്താനാകും. പ്രവാസികള്‍ക്ക് വിവിധ ആനുകൂല്യങ്ങളും രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ലഭിക്കുന്നതിന് നോര്‍ക്ക രജിസ്‌ട്രേഷന്‍ കാര്‍ഡ് ആവശ്യമാണ്. 

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനായി ചേര്‍ന്ന സമിതിക്കു മുന്നില്‍ നിരവധി പരാതികളെത്തി. പാറക്കടവ് മാബ്ര സ്വദേശിയായ കൊച്ചു ത്രേസ്യ 2008 ല്‍ അബുദാബിയില്‍ വെച്ച് മരിച്ച ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട പരാതിയുമായാണ് സമിതിക്കു മുന്നിലെത്തിയത്. അബുദാബിയില്‍ അല്‍-ഫത്തീന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്ന ജോസ് ദുബായിലേക്ക് ഓട്ടം പോകുന്നതിനിടെയാണ് മരിച്ചത്. 7 ലക്ഷം രൂപ അന്നു കമ്പനി നല്‍കി. എന്നാല്‍ ഇന്‍ഷുറന്‍സ്, റോഡ് ക്ലെയിം എന്നിവ സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കമ്പനിയില്‍ നിന്നോ എംബസിയില്‍ നിന്നോ വിവരമില്ല. ഇതുമായി ബന്ധപ്പെട്ട് നോര്‍ക്കയ്ക്ക് പ്രത്യേക പരാതി സമര്‍പ്പിക്കാനും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും സമിതി നിര്‍ദേശം നല്‍കി. 

പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പ്രവാസി കമ്മീഷന് ഓഫീസും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി ആവശ്യമുന്നയിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വാഹനമോ ഫണ്ടോ മറ്റു സൗകര്യങ്ങളോ നല്‍കിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും രണ്ടാഴ്ചയ്ക്കകം കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ഷാനവാസ് സമിതിയെ അറിയിച്ചു. 

പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സമിതി ഉറപ്പു നല്‍കി. കമ്മീഷനിലെ നാല് അംഗങ്ങളില്‍ രണ്ടു പേര്‍ വിരമിച്ചു. ഒരാള്‍ ഉടന്‍ വിരമിക്കും. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അംഗങ്ങളെ നിയമിക്കും. ഓഫീസ് പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമിതി അറിയിച്ചു. 

60 വയസ് കഴിഞ്ഞവരെയും പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള പ്രവാസി സംഗമം നിയമസഭ സമിതിക്ക് നിവേദനം നല്‍കി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനായി 2000 മുതല്‍ പ്രവര്‍ത്തിച്ച പ്രവാസി സംഗമത്തിലെ അംഗങ്ങളില്‍ പലര്‍ക്കും 2009 ല്‍ ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ പ്രായം കഴിഞ്ഞതിനാല്‍ അംഗത്വം ലഭിക്കുന്നില്ലെന്നും അവരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കൂടാതെ പെന്‍ഷന്‍ അടവ് കുടിശിക മൂന്നു ഗഡുക്കളായി അടയ്ക്കാനനുവദിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. 

80 ശതമാനത്തിലധികം പ്രവാസി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളെ പ്രവാസി ദേശങ്ങളായി പ്രത്യേക പരിഗണന നല്‍കുകയും ഇവിടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നതടക്കം 32 ആവശ്യങ്ങളാണ് യുഎഇ പ്രവാസി ഇന്ത്യ സമര്‍പ്പിച്ച നിവേദനത്തിലുള്ളത്. പെന്‍ഷന്‍ തുക 5000 രൂപയാക്കുക, പ്രവാസി വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ എന്‍ആര്‍ഐ സീറ്റുകള്‍, ജില്ല കളക്ടറേറ്റുകളില്‍ പ്രവാസി കെയര്‍ ഓഫീസുകള്‍ ആരംഭിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നിവേദനത്തിലുണ്ട്. പ്രവാസികള്‍ മരിച്ചാല്‍ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുക, അപകടങ്ങള്‍ക്ക് സഹായധനം അഞ്ചു ലക്ഷമാക്കുക, സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതിന് പ്രവാസികളോടുള്ള അവഗണന ഇല്ലാതാക്കുക, ഓരോ ജില്ലയിലും പ്രവാസി മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുക തുടങ്ങിഏഴിന നിര്‍ദേശങ്ങളാണ് പ്രവാസി വെല്‍ഫെയര്‍ ഫോറം സമര്‍പ്പിച്ചിരിക്കുന്നത്.

താഴേത്തട്ടിലുള്ള പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും പ്രവാസി സംരംഭകര്‍ക്കായി പ്രത്യേക സെല്‍ ആരംഭിക്കണമെന്നും കേരള പ്രവാസി ഫെഡറേഷന്‍ സൊസൈറ്റി ആവശ്യപ്പെട്ടു. പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യം സംയോജിപ്പിച്ച് സമൂഹത്തിന് പ്രയോജനപ്പെടുത്തണമെന്നുപം സംഘടന നിര്‍ദേശിക്കുന്നു. പ്രവാസികള്‍ക്ക് വായ്പ ലഭിക്കുന്നില്ലെന്ന പരാതിയാണ് കേരള സംസ്ഥാന പ്രവാസി തൊഴില്‍ സംഘടന സമിതിക്കു മുന്നില്‍ വെച്ചത്. പ്രവാസിയായതിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെടുകയാണ്. സ്വന്തമായി വീടോ മറ്റ് ആസ്തികളോ ഇല്ലാത്ത നിരവധി പേര്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട അനുഭവിക്കുന്നുവെന്നും സംഘടന പറയുന്നു. 

പ്രവാസികളുടെ പെന്‍ഷന്‍, ചികിത്സ, സഹായ, ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാകുന്നുണ്ടോ എന്നു കര്‍ശനമായി പരിശോധിക്കുമെന്നും നിയമസഭ സമിതി ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സമിതി അംഗങ്ങളായ പാറക്കല്‍ അബ്ദുള്ള, വി. അബ്ദുറഹ്മാന്‍, പി.ജെ. ജോസഫ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍, എം. രാജഗോപാല്‍, കാരാട്ട് റസാഖ്, ഇ.ടി. ടൈസണ്‍ മാസ്്റ്റര്‍ എന്നിവരും നോര്‍ക്ക ഡെപ്യൂട്ടി സെക്രട്ടറി രാജന്‍, എന്‍ആര്‍കെ വെല്‍ഫെയര്‍ ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. രാജേഷ് എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.  

വിദ്യാര്‍ഥികളുടെ ബസ് യാത്ര ഉറപ്പാക്കാന്‍ യോഗം
കാക്കനാട്: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ബസ് യാത്ര സുഗമമാക്കുന്നതിനായി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ജൂണ്‍ 28 ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ല സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി (എസ്ടിഎഫ്‌സി) യുടെ യോഗം ചേംബറില്‍ നടക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ