2017, മേയ് 28, ഞായറാഴ്‌ച

ദേശീയ ഇന്റേര്‍ണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സിന്‌ തുടക്കം




കൊച്ചി: ബ്രിട്ടനിലെ റോയല്‍ കോളേജ്‌ ഓഫ്‌ ഫിസിഷ്യന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ ഇന്റേര്‍ണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സിന്‌ തുടക്കമായി. ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ റോയല്‍ കോളേജ്‌ ഇന്റര്‍നാഷണല്‍ ഡയറക്‌ടര്‍ പ്രൊഫ. അലി ജാവേദ്‌ സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ട്രോപിക്കല്‍ മെഡിസിന്‍, ന്യൂറോളജി, പള്‍മണോളജി, റുമറ്റോളജി, കാന്‍സര്‍, ക്രിട്ടിക്കല്‍ കെയര്‍, ഹെമറ്റോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ലോക പ്രശസ്‌തരായ ഡോക്‌ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്യും. കൂടാതെ വിവിധ ശില്‍പശാലകളും പരിശീലനങ്ങളും സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തുന്നതാണ്‌. ഓക്‌സ്‌ഫോര്‍ഡ്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ഓഫ്‌ മെഡിസിന്റെ ചീഫ്‌ എഡിറ്റിര്‍ പ്രൊഫ. ഡേവിഡ്‌ വാറലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ്‌ ക്ലാസുകളും പരിശീലനങ്ങളും നയിക്കുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 600-ഓളം ഡോക്‌ടര്‍മാരാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.
സമ്മേളനത്തോടനുബന്ധിച്ച്‌ ബ്രിട്ടനില്‍ വിദഗ്‌ധ പരിശീലനത്തിന്‌ ഡോക്‌ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ലിസി ആശുപത്രിയില്‍വച്ച്‌ നടന്നു. റോയല്‍ കോളേജില്‍ നിന്നെത്തിയ പ്രത്യേക സംഘം ആണ്‌ അഭിമുഖം നടത്തിയത്‌. സാധാരണയായി ബ്രിട്ടനില്‍ വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കണമെങ്കില്‍ അവര്‍ നടത്തുന്ന പ്ലാബ്‌ പരീക്ഷയില്‍ വിജയിച്ചിരിക്കണം. എന്നാല്‍ ഈ അഭിമുഖത്തില്‍നിന്നും തെരഞ്ഞെടുക്കുന്ന ഡോക്‌ടര്‍മാര്‍ക്ക്‌ ഈ പരീക്ഷ എഴുതേണ്ട ആവശ്യമില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന അതതുരംഗത്തെ വിദഗ്‌ധരില്‍നിന്നും ലഭിക്കുന്ന അറിവുകള്‍ യുവതലമുറയിലെ ഡോക്‌ടര്‍മാര്‍ക്കും അതുവഴി രോഗികള്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന്‌ സയന്റിഫിക്‌ കമ്മറ്റി ചെയര്‍മാന്‍ ഡോ. റോണി മാത്യു അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഡോ. ജാബിര്‍ അബ്‌ദുള്ളക്കുട്ടി പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ