2017, മേയ് 28, ഞായറാഴ്‌ച

പ്രതിവിഷമരുന്നുകള്‍ കണ്ടുപിടിക്കണമെന്ന്‌ ദേശീയ ഇന്റേണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സ


പുതിയ പ്രതിവിഷമരുന്നുകള്‍ കണ്ടുപിടിക്കണമെന്ന്‌ ദേശീയ ഇന്റേണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സ


കൊച്ചി: വിഷ ചികിത്സാരംഗത്ത്‌ ഇന്ത്യയില്‍ സമഗ്രമായ ഗവേഷണങ്ങള്‍ നടത്തി പുതിയ പ്രതിവിഷമരുന്നുകള്‍ കണ്ടുപിടിക്കണമെന്ന്‌ ദേശീയ ഇന്റേണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സ്‌ ആവശ്യപ്പെട്ടു. വിഷ ചികിത്സയിലെ അതികായനും ഓക്‌സ്‌ഫോര്‍ഡ്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ഓഫ്‌ മെഡിസിന്റെ ചീഫ്‌ എഡിറ്ററും റോയല്‍ കോളേജിന്റെ മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്‌ടറുമായ പ്രൊഫ. ഡേവിഡ്‌ വാറലിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നത്‌. 
ഒരേ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ക്കുപോലും വിവിധ പ്രദേശങ്ങളില്‍ വിവിധ രീതിയിലുള്ള വിഷങ്ങളാണ്‌ ഉള്ളത്‌. ഓരോ വിഷത്തിനും അനുയോജ്യമായ മരുന്നുകളാണ്‌ രോഗികള്‍ക്ക്‌ നല്‍കേണ്ടത്‌. എന്നാല്‍ നിരവധി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കണ്ടുപിടിച്ച മരുന്നുകളാണ്‌ ഇപ്പോഴും ഇന്ത്യയിലെ മുഴുവന്‍ പ്രദേശത്തും ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇവിടെ വിഷമേല്‍ക്കുന്നതുമൂലമുള്ള മരണനിരക്ക്‌ വളരെ കൂടുതലാണ്‌. മണ്ണില്‍ പണിയെടുക്കുകയും പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന പാവപ്പെട്ടവര്‍ക്കാണ്‌ വിഷചികിത്സ കൂടുതല്‍ ആവശ്യമായി വരാറുള്ളത്‌. എന്നാല്‍ ഈ പ്രശ്‌നം മുഖ്യധാരയിലൂടെ ശ്രദ്ധയിലേക്ക്‌ എത്തുന്നില്ല. ഇത്‌ ഒരു വലിയ സാമൂഹ്യവിപത്തായി കണക്കാക്കി ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും പ്രത്യേക പഠനങ്ങള്‍ നടത്തി പ്രതിവിഷ നിര്‍മ്മാണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതിനായി അധികാരപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂന്നു ദിവസമായിട്ടാണ്‌ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബ്രിട്ടനിലെ റോയല്‍ കോളേജിന്റെ നേതൃത്വത്തില്‍ സമ്മേളനം നടന്നത്‌. വിദേശത്തുനിന്ന്‌ ഉള്‍പ്പെടെയുള്ള അറുന്നൂറോളം പേരാണ്‌ ഇതില്‍ പങ്കെടുത്തത്‌. സമാപന സമ്മേളനത്തില്‍ റോയല്‍ കോളേജ്‌ പ്രതിനിധികളെ ആദരിച്ചു. സമ്മേളനം വലിയ വിജയമായിരുന്നുവെന്നും ഇതുപോലുള്ള സമ്മേളനങ്ങള്‍ ഇന്ത്യയിലെ വൈദ്യശാസ്‌ത്രരംഗത്തിന്‌ മുതല്‍ക്കൂട്ടായിരിക്കുമെന്നും ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഡോ. ജാബിര്‍ അബ്‌ദുള്ളക്കുട്ടി പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ