2017, മേയ് 23, ചൊവ്വാഴ്ച

ഇന്ത്യയോടുള്ള ഒപ്പെക്‌ സമീപനം ഉദാരമാക്കണം : കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍




ഒപ്പെക്‌ രാജ്യങ്ങള്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ കൂടുതല്‍ ഉദാരത പുലര്‍ത്തണമെന്ന്‌ പെട്രോളിയം പ്രകൃതിവാതക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു. മെയ്‌ 25 ന്‌ ആസ്‌ട്രിയയിലെ വിയന്നയില്‍ നടക്കുന്ന ഒപ്പെക്‌ മന്ത്രിതല യോഗത്തിനു മുന്നോടിയായി വിയന്ന നടന്ന രണ്ടാമത്‌ ഇന്ത്യ-ഒപ്പെക്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡയലോഗില്‍ ആണ്‌ കേന്ദ്രമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്‌. ഡയലോഗിന്റെ സഹ അദ്ധ്യക്ഷനാണ്‌ ഇന്ത്യ.
ഇന്ത്യ-ഒപ്പെക്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡയലോഗിന്റെ അടുത്ത സമ്മേളനത്തിന്‌ 2018-ല്‍ ഇന്ത്യയാണ്‌ ആതിഥേയത്വം വഹിക്കുക. ഒപ്പെക്‌ സെക്രട്ടറി ജനറല്‍ സാന്‍സുയി ബാര്‍ക്കിന്തോയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളിലും കേന്ദ്രമന്ത്രി ഈ ആവശ്യം ഉന്നയിച്ചു.
ഇന്ത്യയുടെ ക്രൂഡ്‌ ഓയില്‍ ഇറക്കുമതിയുടെ 86 ശതമാനവും പ്രകൃതിവാതകത്തിന്റെ 70 ശതമാനവും പാചകവാതകത്തിന്റെ 95 ശതമാനവും ഒപ്പെക്‌ രാജ്യങ്ങളില്‍ നിന്നാണെന്ന്‌ ധര്‍മേന്ദ്ര പ്രധാന്‍, ഒപ്പെക്‌ സെക്രട്ടറി ജനറലിനെ അറിയിച്ചു.
ഇന്ത്യയുടെ വര്‍ധിപ്പിച്ച എണ്ണ ശുദ്ധീകരണ ശേഷിയും ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന പെട്രോ-കെമിക്കല്‍ മേഖലയുടെ സമഗ്രചിത്രവും അദ്ദേഹം ഒപ്പെക്‌ സെക്രട്ടറി ജനറലിനോട്‌ വിശദീകരിച്ചു. 
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക്‌ ഏഷ്യന്‍ രാജ്യങ്ങളുടെ ചെലവിലാണ്‌ ഒപ്പെക്‌സ്‌ സബ്‌സിഡി നല്‍കുന്നതെന്ന്‌ ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു. ഇന്ത്യയ്‌ക്കാണ്‌ ഏറ്റവും കൂടുതല്‍ ഇളവുകള്‍ക്ക്‌ അര്‍ഹത. ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക വികസനപരമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ ഉത്തരവാദപൂര്‍ണ്ണമായ ഒരു വിലയെപറ്റി ഒപ്പെക്‌ കൂട്ടായ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോളിയം സെക്രട്ടറി, വിയന്നയിലെ ഇന്ത്യന്‍ അംബാസഡര്‍, ഐഒസി, എച്ച്‌പിസി, ബിപിസി, എംആര്‍പി, എച്ച്‌എംഇ, റിലയന്‍സ്‌, എസ്‌ആര്‍ എന്നീ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പെട്ട ഏഴ്‌ വലിയ എണ്ണ ശുദ്ധീകരണ കമ്പനികളുടെ സിഇഒ-മാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഇന്ത്യയിലെ എനര്‍ജി മിക്‌സ്‌ വലിയ പരിവര്‍ത്തന ദിശയിലാണ്‌. പ്രകൃതിദത്ത ഊര്‍ജ്ജസ്രോതസ്സുകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്‌. സൗരോര്‍ജ്ജത്തിന്റെ വില യൂണിറ്റിന്‌ 4 സെന്റായി കുറഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാറ്റ്‌, ബയോമാസ്‌ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളുമാണെന്ന്‌ മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ