2017, ഏപ്രിൽ 30, ഞായറാഴ്‌ച

ജിഎസ്‌ടി: ജനങ്ങളെ ബോധവാന്മാരാക്കാന്‍ ശ്രമം തുടങ്ങി- നിലേഷ്‌ വികാംസെ






കൊച്ചി: രാജ്യത്ത്‌ ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്‌ടി) നിലവില്‍ വരുന്നതോടെ സങ്കീര്‍ണമായ രീതിയിലുള്ള വിവിധ നികുതികളുടെ കുത്തൊഴുക്ക്‌ നിയന്ത്രിക്കാനാവുമെന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐസിഎഐ) ദേശീയ പ്രസിഡന്റ്‌ നിലേഷ്‌ എസ്‌. വികാംസെ. ഐസിഎഐ എറണാകുളം ശാഖയുടെ നേതൃത്വത്തില്‍ ജിഎസ്‌ടിയെപ്പറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തിന്‌ ഒരു നികുതി എന്ന സങ്കല്‍പത്തില്‍ രൂപപ്പെടുത്തിയ ജിഎസ്‌ടി ജൂലൈ ഒന്നിനാണു രാജ്യത്തു നിലവില്‍ വരിക. രാജ്യത്തെ ഏറ്റവും വലിയ ഫെഡറല്‍ നികുതി പരിഷ്‌കരണമാണിത്‌. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട സുപ്രധാന നികുതിനയമാണ്‌ത്‌. ഇത്‌ സമ്പദ്‌ഘടനയിലേക്കു മുന്നേറുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളെയും ഇതെപ്പറ്റി അറിവുള്ളവരാക്കണം. മാറ്റത്തിന്‌ അവരെ സജ്ജരാക്കണം. ഇതിനായി ഐസിഎഐ രാജ്യത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കിവരികയാണ്‌- നിലേഷ്‌ വികാംസെ ചൂണ്ടിക്കാട്ടി.
ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴിലുള്ള പ്രാക്‌റ്റീസിങ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ക്കുള്ള പരിഷ്‌കരിച്ച വിദ്യാഭ്യാസ പാഠ്യപദ്ധതിക്കും പരിശീലന പരിപാടിക്കും കേന്ദ്ര കോര്‍പ്പറേറ്റ്‌ അഫയേഴ്‌സ്‌ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്‌. അതു ലഭിച്ചാല്‍ 1988ലെ ഭേദഗതിപ്രകാരം നടപ്പാക്കും. പരിഷ്‌കരിച്ച സിഎ പാഠ്യപദ്ധതിയുടെ പഠനോപകരണങ്ങള്‍ തയാറാക്കിവരികയാണ്‌- അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റിയംഗം ബാബു ഏബ്രഹാം കള്ളിവയലില്‍ ആശംസകള്‍ നേര്‍ന്നു. എറണാകുളം ശാഖ ചെയര്‍മാന്‍ ലൂക്കോസ്‌ ജോസഫ്‌ സ്വാഗതവും സെക്രട്ടറി ജേക്കബ്‌ കോവൂര്‍ നന്ദിയും പറഞ്ഞു. 
ഐസിഎഐ മുന്‍ പ്രസിഡ്‌ ആര്‍ ഭൂപതിയുടെ (ചെന്നൈ) നേതൃത്വത്തില്‍ ജിഎസ്‌ടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഡോ. ഗിരീഷ്‌ അഹൂജ (ന്യൂഡല്‍ഹി), അഡ്വ. ജി. ശിവദാസ്‌ (ബംഗളൂരു) എന്നിവര്‍ വിശകലനം ചെയ്‌തു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരായ വി. രാജശേഖരന്‍, എന്‍.എല്‍. സോമന്‍, ജെ. സിര്‍ജോവി, റാസി മൊയ്‌തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ സെമിനാറുകളില്‍ സംബന്ധിച്ചു.

ഫോട്ടോ- 1
ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ എറണാകുളം ശാഖ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ദേശീയ പ്രസിഡന്റ്‌ നിലേഷ്‌ എസ്‌. വികാംസെ ഉദ്‌ഘാടനം ചെയ്യുന്നു. ജേക്കബ്‌ ഏബ്രഹാം, ആര്‍. ഭൂപതി, ലൂക്കോസ്‌ ജോസഫ്‌, ബാബു ഏബ്രഹാം കള്ളിവയലില്‍, ഡോ. ഗിരീഷ്‌ അഹൂജ, എന്‍. ജേക്കബ്‌ കോവൂര്‍ എന്നിവര്‍ സമീപം.

ഫോട്ടോ- 2
ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ എറണാകുളം ശാഖ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ദേശീയ പ്രസിഡന്റ്‌ നിലേഷ്‌ എസ്‌. വികാംസെ ഉദ്‌ഘാടനം ചെയ്യുന്നു. പൗലോസ്‌ പോള്‍, പി.ടി. ജോയ്‌, പി.ആര്‍. ശ്രീനിവാസന്‍, രഞ്‌ജിത്ത്‌ ആര്‍. വാരിയര്‍, ബാബു ഏബ്രഹാം കള്ളിവയലില്‍, ആര്‍. ഭൂപതി, ലൂക്കോസ്‌ ജോസഫ്‌, ഡോ. ഗിരീഷ്‌ അഹൂജ, എന്‍. ജേക്കബ്‌ കോവൂര്‍, ടി.എന്‍. സുരേഷ്‌, റോയ്‌ വര്‍ഗീസ്‌ എന്നിവര്‍ സമീപം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ