2017, ഏപ്രിൽ 29, ശനിയാഴ്‌ച

ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്‌ ഹൃദയം നിറഞ്ഞ ജന്മദിനം




കൊച്ചി
നന്ദിയും സ്‌നേഹവും നിറഞ്ഞ ഹൃദയങ്ങള്‍ എപ്രകാരം പ്രവര്‍ത്തിക്കുമെന്ന്‌ മുന്‍കൂട്ടി കാണാന്‍ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിനും കഴിഞ്ഞില്ല. ഹൃദയത്തിന്റെ `ബയോളജി' കാണാപാഠമായ ഡോക്‌ടര്‍ക്കും അതിന്റെ `കെമിസ്‌ട്രി' പിടികിട്ടിയില്ല! രണ്ടാമത്തെ ബൈപ്പാസ്‌ ശസ്‌ത്രക്രിയയും കഴിഞ്ഞ്‌ തീയേറ്ററില്‍നിന്ന്‌ ഇറങ്ങിയപ്പോഴാണ്‌ കുറച്ചുപേര്‍ കാണാന്‍ വന്നിരിക്കുന്ന വിവരം ഡോക്‌ടര്‍ അറിഞ്ഞത്‌. വാതില്‍ തുറന്ന്‌ തന്റെ മുറിയിലേക്ക്‌ കടന്നുവന്നവരെ കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ ആശ്ചര്യമായി. പൂച്ചെണ്ടുകള്‍ നീട്ടി അവര്‍ ഒന്നുചേര്‍ന്ന്‌ പാടി: `ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ'
ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം ഹൃദയം മാറ്റിവച്ചവരില്‍ പത്തുപേരും അവരുടെ കുടുംബാംഗങ്ങളുമാണ്‌ തങ്ങളുടെ പ്രിയ ഡോക്‌ടറുടെ പിറന്നാളാഘോഷത്തിനായി ലിസി ആശുപത്രിയില്‍ ഒത്തുചേര്‍ന്നത്‌. കേക്ക്‌ മുറിച്ച്‌ ഡോക്‌ടര്‍ക്കു നല്‍കിയാണ്‌ ആഘോഷങ്ങള്‍ തുടങ്ങിയത്‌. തുടര്‍ന്ന്‌ അവര്‍ പത്തുപേരും ചേര്‍ന്ന്‌ ഡോക്‌ടര്‍ക്ക്‌ സദ്യ വിളമ്പി. സമര്‍പ്പണവും പ്രതിഭയും കൊണ്ട്‌ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന ഡോക്‌ടറെപ്പോലും അത്ഭുതപ്പെടുത്തിയ പിറന്നാളാഘോഷം.
തന്റെ മൂന്നാമത്തെ ഹൃദയവുമായി ജീവിക്കുന്ന ഗിരീഷ്‌കുമാര്‍ ആണ്‌ ഇങ്ങനെ ഒരാശയം മറ്റുള്ളവരുമായി പങ്കുവച്ചത്‌. ആശുപത്രി അധികൃതരുമായി ആലോചിച്ചശേഷം ഡോക്‌ടര്‍ അറിയാതെ അവര്‍ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. പെട്ടെന്ന്‌ തീരുമാനിച്ച കാര്യമായതിനാല്‍ ഹൃദയം മാറ്റിവച്ച എല്ലാവര്‍ക്കും എത്താന്‍ കഴിഞ്ഞില്ല. മിക്കവരും ഇപ്പോള്‍ സ്വയം ജോലിചെയ്‌ത്‌ കുടുംബം പുലര്‍ത്തുകയാണ്‌. തങ്ങളുടെ പിതാവിന്റെ സ്ഥാനമാണ്‌ ഡോക്‌ടര്‍ക്കുള്ളതെന്നും അദ്ദേഹത്തിന്റെ ജന്മദിനം ഒന്നിച്ച്‌ ആഘോഷിക്കാന്‍ സാധിച്ചത്‌ വലിയ ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്ക്‌ ഹൃദയം ദാനം ചെയ്‌തവരേയും അവരുടെ കുടുംബാംഗങ്ങളെയും സ്‌മരിച്ചുകൊണ്ടാണ്‌ അവര്‍ ആഘോഷങ്ങള്‍ ആരംഭിച്ചത്‌.
നിരവധി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുവാന്‍ സാധിച്ചിട്ടില്ലെന്നും ഇപ്പോള്‍ ആ സങ്കടമെല്ലാം മാറിയെന്നും ഇവരെല്ലാം സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയാണെന്നും ഡോ. ജോസ്‌ ചാക്കോ പറഞ്ഞു. ഒരു പിറന്നാള്‍ ആഘോഷം എന്നതിലുപരി ഇത്തരം ഒത്തുചേരലുകള്‍ എല്ലാവര്‍ക്കും മുന്നോട്ടുള്ള ജീവിതത്തില്‍ ആത്മവിശ്വാസം പകരുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാ. തോമസ്‌ വൈക്കത്തുപറമ്പിലിന്റെ നേതൃത്വത്തിലുള്ള വൈദികരും സഹപ്രവര്‍ത്തകരായ ഡോക്‌ടേഴ്‌സും മറ്റു സ്റ്റാഫ്‌ അംഗങ്ങളും ഡോക്‌ടര്‍ക്ക്‌ പിറന്നാള്‍ ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ