2017, ഫെബ്രുവരി 25, ശനിയാഴ്‌ച

ഏറെ പേടിക്കണം ഹെപ്പറ്റൈറ്റിസ്‌ സിയെ




15 കോടി രോഗബാധിതര്‍ : പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം മരണം


ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധ കൃത്യമായി തിരിച്ചറിയാത്തതു മൂലം രോഗം കൂടുതല്‍ ആളുകളിലേയ്‌ക്ക്‌ പകരാന്‍ ഇടയാക്കുന്നുവെന്ന്‌ കൊച്ചി പിവിഎസ്‌ മെമ്മോറിയല്‍ ഹോസ്‌പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റായ ഡോ. എബി സിറിയക്‌ ഫിലിപ്‌സ്‌. വിദേശത്തേയ്‌ക്ക്‌ ജോലിയ്‌ക്കായുള്ള നിര്‍ബന്ധിത വൈദ്യപരിശോധനയിലാണ്‌ മാരകമായ ഹെപ്പറ്റൈറ്റിസ്‌ സി രോഗം പലപ്പോഴും കണ്ടെത്തുന്നതെന്ന്‌ ഡോ. സിറിയക്‌ പറഞ്ഞു.
ഹെപ്പറ്റൈറ്റിസ്‌സി വൈറസ്‌ മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്‌ ഹെപ്പറ്റൈറ്റിസ്‌സി. പ്രത്യേകിച്ച്‌ രോഗലക്ഷണങ്ങള്‍ പുറമെ കാണിക്കാതെ വര്‍ഷങ്ങളോളം ശരീരത്തില്‍ കഴിയുന്ന ഹെപ്പൈറ്ററ്റിസ്‌ സി വൈറസ്‌ പിന്നീട്‌ കരള്‍ വീക്കം, സിറോസിസ്‌, ലിവര്‍ കാന്‍സര്‍ എന്നിവയ്‌ക്ക്‌ കാരണമാകും. 
തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതാണ്‌ ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധ യഥാസമയം കണ്ടുപിടിച്ച്‌ ചികിത്സിക്കുന്നതിനു തടസമാകുന്നത്‌. പനി. ക്ഷീണം, ഇരുണ്ട നിറമുള്ള മൂത്രം, അടിവയറില്‍ വേദന, ത്വക്കിന്‌ മഞ്ഞനിറം എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ അപൂര്‍വമായി കാണാറുണ്ട്‌.
ഹെപ്പറ്റൈറ്റിസ്‌ സി രക്തത്തിലൂടെ പകരുന്ന വൈറസാണ്‌. പ്രധാനമായും സുരക്ഷിതമല്ലാത്ത ശസ്‌ത്രക്രിയകളിലൂടെയാണ്‌ രോഗം പകരുന്നത്‌. വേണ്ടവിധം അണുനാശനം നടത്താത്ത ഉപകരണങ്ങള്‍, ശരിയായി പരിശോധിക്കാത്ത രക്തം എന്നിവയുടെ ഉപയോഗമാണ്‌ അതിനുകാരണം. 
കര്‍ശനമായ രക്തപരിശോധന മാനദണ്ഡങ്ങള്‍ നിലിവിലില്ലാതിരുന്ന തൊണ്ണൂറുകളിലും അതിനു മുമ്പുമുള്ള കാലത്തും ഈ രോഗം പടര്‍ന്നിട്ടുണ്ടാകാം. അക്കാലത്ത്‌ ഈ വൈറസ്‌ കണ്ടുപിടിച്ചിരുന്നുമില്ല. സ്ഥിരമായ രക്തമാറ്റം ആവശ്യമായ ഹീമോഫീലിയ രോഗികളിലേയ്‌ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ സി പകരാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 13 കോടി മുതല്‍ 15 കോടി വരെ ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധിതര്‍ ലോകത്തുണ്ട്‌. ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനം ഈ രോഗത്തിന്റെ പിടിയിലാണ്‌. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച്‌ ഹെപ്പറ്റൈറ്റിസ്‌ സി ബാധിച്ചിട്ടുള്ളവരില്‍ നല്ലൊരുപങ്കും ലിവര്‍ സിറോസ ിസ്‌, ലിവര്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളിലേക്കാണ്‌ ചെന്നെത്തുന്നത്‌. ഹെപ്പറ്റൈറ്റിസ്‌ സിയുമായി ബന്ധപ്പെട്ട കരള്‍രോഗങ്ങള്‍ മൂലം ലോകത്ത്‌ ഓരോ വര്‍ഷവും അഞ്ചു ലക്ഷംപേരെങ്കിലും മരിക്കുന്നതായാണ്‌ കണക്ക്‌. 
കുത്തിവയ്‌പിനുള്ള സൂചി കൊണ്ടുള്ള മുറിവ്‌ രോഗബാധയ്‌ക്ക്‌ കാരണമായേക്കാം. ഉപയോഗിച്ച സിറിഞ്ച്‌, സൂചി, മരുന്നുകുപ്പി, ഇന്‍ഫ്യൂഷന്‍ ബാഗ്‌; അണുവിമുക്തമല്ലാത്ത ശസ്‌ത്രക്രിയ, ദന്തചികിത്സ ഉപകരണങ്ങള്‍ എന്നിവയും രോഗവ്യാപനത്തിന്‌ ഇടയാക്കും. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും അണുബാധ പകരാന്‍ കാരണമാണ്‌. ദക്ഷിണേന്ത്യയില്‍ ഡയാലിസിലൂടെ ഹെപ്പറ്റൈറ്റിസ്‌ സി പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌ : ഡോ. സിറിയക്‌ കൂട്ടിച്ചേര്‍ത്തു.
ടാറ്റു പതിക്കാനും കാത്‌ കുത്താനും മറ്റും ഉപയോഗിക്കുന്ന സൂചി എന്നിവ അണുവിമുക്തമല്ലെങ്കിലും ഹെപ്പറ്റൈറ്റിസ്‌ സി പകരാം. അണുബാധിതര്‍ ഉപയോഗിക്കുന്ന റേസര്‍, ടൂത്ത്‌ ബ്രഷ്‌ തുടങ്ങിയവയും രോഗബാധയ്‌ക്ക്‌ കാരണമായേക്കാം. 
ഹെപ്പൈറ്ററ്റിസ്‌ എ, ബി എന്നിവയില്‍ നിന്ന്‌ വ്യത്യസ്‌തമായി ഹെപ്പൈറ്ററ്റിസ്‌ സിയ്‌ക്ക്‌ പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല.അതുകൊണ്ടുതന്നെ രോഗം വരാതെ നോക്കുകയാണ്‌ പ്രധാനം. വായിലൂടെ കഴിക്കാവുന്ന ദ്രാവകരൂപത്തിലുള്ള മരുന്നുകള്‍ ഈ രോഗത്തിനു ലഭ്യമാണ്‌. നിശ്ചിതകാലം ഈ മരുന്നുകള്‍ കഴിച്ച്‌ രോഗം ഭേദപ്പെടുത്താനാവുമെന്നും ഡോ.സിറിയക്‌ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ