2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഭാരതസഭാ ചരിത്രത്തിലേക്കു വാതില്‍ തുറന്ന്‌ 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം'

എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തിന്റെ ആര്‍ക്കെവിസ്റ്റും ക്യുറേറ്ററുമായ റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി തയാറാക്കിയ �ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം� എന്ന ഗ്രന്ഥം മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരന്‍, സിജോ പൈനാടത്ത്‌, ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ എന്നിവര്‍ സമീപം.)

കൊച്ചി: രണ്ടു സഹസ്രാബ്‌ദം പഴക്കമുള്ള ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിലേക്കു വാതില്‍ തുറന്നൊരു ബൃഹദ്‌ഗ്രന്ഥം ചരിത്രാന്വേഷികളുടെയും സഭാസ്‌നേഹികളുടെയും ശ്രദ്ധനേടുന്നു. കേരളസഭയിലെ പ്രധാനപ്പെട്ട രേഖാലയങ്ങളിലൊന്നായ (ആര്‍ക്കൈവ്‌സ്‌) എറണാകുളം - അങ്കമാലി അതിരൂപത രേഖാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകളിലേക്കും അതു സംബന്ധിക്കുന്ന ചരിത്രവഴികളിലേക്കുമാണു 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' (Dux Ad Historiam- ചരിത്രത്തിലേക്കു വഴികാട്ടി) എന്ന പേരിലുള്ള ഇംഗ്ലീഷ്‌ ഗ്രന്ഥം വെളിച്ചം വീശുന്നത്‌. ഭാരതസഭയുടെയും പ്രത്യേകമായി സുറിയാനി ക്രൈസ്‌തവരുടെയും ചരിത്രത്തിലേക്കു വാതില്‍ തുറക്കുന്ന അപൂര്‍വ ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണു സഭാചരിത്രകാരനും എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തിന്റെ ആര്‍ക്കെവിസ്റ്റും ക്യുറേറ്ററുമായ റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി തയാറാക്കിയ 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' . 
സഭയിലെ രേഖാലയങ്ങളിലെയും പുരാതന ദേവാലയങ്ങളിലെയും പുരാതനനിര്‍മിതികള്‍, എഴുത്തുകള്‍, ചരിത്രവസ്‌തുതകള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെടാതെ അതുസംബന്ധിച്ച അറിവുകള്‍ ആധുനികലോകത്തിനു പകര്‍ന്നു നല്‍കുകയാണു പുസ്‌തകം ലക്ഷ്യമിട്ടിട്ടുള്ളത്‌. 
സഭാചരിത്രത്തിനു പുറമേ, സോഷ്യല്‍ ഹിസ്‌റ്ററി, എക്കണോമിക്‌ ഹിസ്‌റ്ററി, പ്രാദേശിക ചരിത്രം, കുടുംബങ്ങളുടെ ചരിത്രം, ഡെമോഗ്രഫി, ജീനിയോളജി, കല, കൃഷി, ആര്‍ക്കിടെക്‌ചര്‍, കുടിയേറ്റം, സ്‌ത്രീപഠനം തുടങ്ങിയ പൊതു വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്കു രേഖാലയങ്ങള്‍ എത്തരത്തിലാണു വഴികാട്ടിയാവുന്നതെന്നു ഗ്രന്ഥത്തില്‍ പ്രദിപാദനമുണ്ട്‌. 
പുരാതന ക്രിസ്‌തീയ ദേവാലയങ്ങളില്‍ കണ്ടെത്തുന്ന താളിയോലകളെയും അവയുടെ പ്രാധാന്യത്തെയും 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' ചൂണ്ടിക്കാട്ടുന്നു. താളിയോലകള്‍, ചുരുളുകള്‍, താളിയോലഗ്രന്ഥങ്ങള്‍, കോപ്പര്‍ പ്ലേറ്റുകള്‍ (ചെപ്പേടുകള്‍), ഗ്രാനൈറ്റ്‌ ഇന്‍സ്‌ക്രിപ്‌ഷനുകള്‍, വുഡന്‍ ഇന്‍സ്‌പ്രിക്ഷനുകള്‍ എന്നിവയെക്കുറിച്ചുള്ള പഠനം ഗവേഷകര്‍ക്ക്‌ സഹായകമാണ്‌. താളിയോലകളുടെ നിര്‍മിതി, അതില്‍ എഴുതുന്ന രീതി, സൂക്ഷിക്കുന്ന രീതികള്‍, അതില്‍ കാണപ്പെടുന്ന വിഷയങ്ങള്‍, വിവിധ വിഭാഗങ്ങള്‍, ഗവേഷണ സാധ്യതകള്‍ എന്നിവ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. 
എറണാകുളം - അങ്കമാലി അതിരൂപതയുടെ രേഖാലയത്തില്‍ ചരിത്രപ്രധാനമായ 40000 താളിയോലകള്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഇതിനൊപ്പം ഡിജിറ്റല്‍ രൂപത്തിലാക്കിയ 60000 താളിയോലകളും രേഖാലയത്തിന്റെ പ്രത്യേകതയാണ്‌. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രേഖാലയം കഴിഞ്ഞാല്‍ താളിയോലകള്‍ ഏറ്റവുമധികം ശേഖരിച്ചിട്ടുള്ള രേഖാലയവും ഇതുതന്നെ. 
രണ്ടു സഹസ്രാബ്‌ദം പഴക്കമുള്ള ഭാരതസഭയുടെ ചരിത്രവും കടന്നുപോയ കാലഘട്ടത്തിലെ സംഭവങ്ങളും രേഖകളും ഇന്നത്തെ തലമുറയ്‌ക്കെന്നപോലെ വരും കാലത്തിനുവേണ്ടിക്കൂടി പകര്‍ന്നു നല്‍കേണ്ടതുണ്ടെന്ന ബോധ്യത്തില്‍ നിന്നാണു 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' തയാറാക്കിയിട്ടുള്ളതെന്നു റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി പറഞ്ഞു. 
സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി 'ദുക്‌സ്‌ ആദ്‌ ഹിസ്റ്റോറിയാം' പ്രകാശനം ചെയ്‌തു. തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ആദ്യപ്രതി ഏറ്റുവാങ്ങി. അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌്‌, മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍, മെല്‍ബണ്‍ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍, റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്‌ എന്നിവര്‍ പങ്കെടുത്തു. 


കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ വിളിക്കുക
റവ.ഡോ. ഇഗ്നേഷ്യസ്‌ പയ്യപ്പിള്ളി
9847566722  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ