2016, ജൂൺ 23, വ്യാഴാഴ്‌ച

കൊച്ചിയില്‍ വാട്ടര്‍ സ്‌കൂട്ടര്‍ മുങ്ങി, വിനോദസഞ്ചാരിയെ കാണാതായി



കൊച്ചി
ബോള്‍ഗാട്ടി പാലസിനു സമീപം വാട്ടര്‍ സ്‌കൂട്ടര്‍ മുങ്ങി ഒരാളെ കാണാതായി. രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു. കാണാതായ ആള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.പാലക്കാട്‌ സ്വദേശി ബിനീഷിനെയാണ്‌ കാണാതായത്‌. 
ഇന്നലെ ഉച്ചയ്‌ക്ക്‌ 12.40 ഓടെയാണ്‌ സംഭവം. 
കൊച്ചിയില്‍ വിനോദസഞ്ചാരത്തിനു എത്തിയ യുവാക്കളാണ്‌ അപകടത്തില്‍പ്പെട്ടത്‌. വേമ്പനാട്ടുകായലില്‍ വാട്ടര്‍ സ്‌കൂട്ടര്‍ ഉപയോഗിച്ചു സവാരി നടത്തിയ ഗോവിന്ദരാജ്‌,ബിനീഷ്‌, ജോമോന്‍, എന്നിവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. അമിതവേഗത്തില്‍ പാഞ്ഞ വാട്ടര്‍ സ്‌കൂട്ടര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം കാണുവാന്‍ കഴിഞ്ഞ മറൈന്‍ഡ്രൈവില്‍ ഉണ്ടായിരുന്ന ഉല്ലാസ ബോട്ടുകളാണ്‌ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഉടന്‍ എത്തിയത്‌. ബോട്ടുകളില്‍ നിന്നും എറിഞ്ഞുകൊടുത്ത ബോയ യില്‍ പിടിച്ചു ഒരാള്‍ രക്ഷപ്പെട്ടു. മറ്റൊരു സ്‌പീഡ്‌ ബോട്ട്‌ എത്തിയാണ്‌ രണ്ടാമനെ രക്ഷിച്ചത്‌. വാട്ടര്‍ സ്‌കൂട്ടര്‍ യു ടേണ്‍ എടുത്തപ്പോള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. 
പോലീസും ഫയര്‍ഫോഴ്‌സും നാവിക സേനാംഗങ്ങളും അപകടം അറിഞ്ഞു ഉടന്‍ രക്ഷാദൗത്യത്തിനു ഇറങ്ങി. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്‌ മൂന്നുപേരും. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെയാണ്‌ വാട്ടര്‍ സ്‌കൂട്ടറില്‍ ഇവര്‍ സഞ്ചരിച്ചിരുന്നത്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ