2016, ജൂൺ 12, ഞായറാഴ്‌ച

ഭക്ഷണം കഴിക്കുന്നത്‌ മൊബൈലില്‍ പകര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകനെ ബിജിമോള്‍ എം.എല്‍.എ ഓടിച്ചിട്ട്‌ പിടികൂടി



പീരുമേട്‌: ഭക്ഷണം കഴിക്കുന്നത്‌ മൊബൈലില്‍ പകര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകനെ ബിജിമോള്‍ എം.എല്‍.എ ഓടിച്ചിട്ട്‌ പിടികൂടി അടിക്കാനോങ്ങിയെന്ന്‌ ആരോപണം. ഒരു വിവാഹവീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു സംഭവം. വീഡിയോ പകര്‍ത്തുന്നത്‌ ചോദ്യം ചെയ്‌തതോടെ ഇയാള്‍ പുറത്തേയ്‌ക്ക്‌ ഓടുകയായിരുന്നു. ബിജിമോളും ഇയാളുടെ പിറകേയോടി പിടികൂടി. ഇതിനിടെ ഹോട്ടല്‍ ഉടമയായ ബിജിമോളുടെ ബന്ധു ഇയാളെ മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്‌.ബിജിമോളുടെ പരാതിയില്‍ പീരുമേട്‌ പോലീസ്‌ കേസെടുത്തു. ഏലപ്പാറ അതുല്യ നിവാസില്‍ എന്‍.കെ വല്‍സലനെതിരെയാണ്‌ (57) കേസ്‌. മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കുകയും സ്‌ത്രീകളുടെ സ്വകാര്യതയ്‌ക്കു ഭംഗം വരുത്തുന്ന രീതിയില്‍ സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞുവെന്നുമാണ്‌ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്‌.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ സമീപത്തെത്തിയ വല്‍സലന്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. പീരുമേട്‌ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതിനെ കുറിച്ചും വല്‍സലന്‍ സംസാരിച്ചതായി പരാതിയുണ്ട്‌. മാത്രമല്ല, ഒപ്പമിരിക്കുന്നവരെ സൂക്ഷിക്കണം, ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലര്‍ത്തും' എന്നും പറഞ്ഞത്രേ. ഈ സമയത്താണ്‌ ബിജിമോള്‍ പ്രകോപിതയായത്‌. കൈകഴുകാന്‍ പോയപ്പോഴും കക്കൂസിലേയ്‌ക്ക്‌ കയറിയപ്പോഴും ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്ന്‌ ബിജിമോള്‍ പറയുന്നു. ഇയാളെ മര്‍ദ്ദിച്ചിട്ടില്ല. എന്നാല്‍ വല്‍സലന്റെ ഭാഷ്യം മറ്റൊന്നാണ്‌. വോട്ടു കുറഞ്ഞതു സംബന്ധിച്ചു ബിജിമോളോടു സംസാരിക്കുന്നതിനിടയില്‍ എംഎല്‍എയുടെ ബന്ധുവായ ഹോട്ടല്‍ ഉടമ തന്നെ മര്‍ദിച്ചെന്നാണ്‌ വല്‍സലന്‍ പറയുന്നത്‌. 35 വര്‍ഷമായി എഐടിയുസി സിപിഐ പ്രവര്‍ത്തകനായ താന്‍ പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കില്ലെന്നും ഇയാള്‍ പറയുന്നു.ി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ