2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

സ്‌തനാര്‍ബുദ നിര്‍ണയ രംഗത്ത്‌ പുതിയ സാങ്കേതികവിദ്യകള്‍ വികസിക്കുന്നു




കൊച്ചി: ഇന്ത്യന്‍ വനിതകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ സ്‌തനാര്‍ബുദമാണ്‌. ജനസംഖ്യാധിഷ്‌ഠിത കാന്‍സര്‍ രജിസ്‌ട്രി (പി.ബി.സി.ആര്‍.) പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലെ വനിതകളില്‍ കാണുന്ന കാന്‍സറുകളില്‍ 25 മുതല്‍ 32 ശതമാനം വരെ സ്‌തനാര്‍ബുദമാണ്‌. വനിതകളിലെ കാന്‍സര്‍ ബാധയുടെ നാലിലൊന്ന്‌ സ്‌തനാര്‍ബുദമാണ്‌. അതു മൂന്നിലൊന്നിന്‌ അടുത്തു വരെ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇതിലേറെ ആശങ്കപ്പെടുത്തുന്ന വിഷയം ഇന്ത്യയില്‍ സ്‌തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്ന വനിതകളില്‍ പകുതിയോളം പേര്‍ അതിനെ തുടര്‍ന്നു മരണത്തിനു കീഴ്‌പ്പെടുന്നു എന്നതാണ്‌. സ്‌തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവവും ഇതിനായുള്ള പരിശോധനയെക്കുറിച്ചുള്ള അവബോധമില്ലായ്‌മയുമാണ്‌ ഇന്ത്യയില്‍ ഈ രോഗം താരതമ്യേന വൈകിയ അവസ്ഥയില്‍ മാത്രം കണ്ടെത്തപ്പെടുന്നതിനിടയാക്കുന്ന പ്രധാന ഘടകങ്ങളെന്ന്‌ ബ്രെസ്റ്റ്‌ ഇമേജിങ്‌ ആന്റ്‌ ഇന്റര്‍വെന്‍ഷനില്‍ സ്‌പെഷലൈസു ചെയ്‌തിട്ടുള്ള റേഡിയോളജിസ്‌റ്റായ ഡോ. ശില്‍പ്പ ലാഡ്‌ ചൂണ്ടിക്കാട്ടുന്നു. 
സാധാരണമായിട്ടുള്ള ചില ലക്ഷണങ്ങളെക്കുറിച്ചു സ്‌ത്രീകളെ ബോധവല്‍ക്കരിക്കുകയാണ്‌ സ്‌തനാരോഗ്യ ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്‌. സ്‌തനങ്ങളില്‍ വേദനയില്ലാതെ കാണപ്പെടുന്ന മുഴകള്‍, ഞെട്ടുകള്‍ വലിയല്‍, നിപ്പിളുകളില്‍ നിന്ന രക്തത്തോടു കൂടിയോ അല്ലാതെയോ പെട്ടെന്നുണ്ടാകുന്ന സ്രവങ്ങള്‍, സ്‌തനങ്ങളുടെ വലുപ്പത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍, ത്വക്കിലുണ്ടാകുന്ന ചുഴികള്‍ തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച്‌ അവരെ ബോധവല്‍ക്കരിക്കും. അതു വഴി വൈകിയ വേളയിലെത്തുന്നതിനു മുന്നേ തന്നെ ഈ ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സ്‌ത്രീകള്‍ക്കു സാധ്യമാകും. 
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സ്‌ത്രീകള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും മാമോഗ്രാഫിക്കു വിധേയയാകുകയും വേണം. ഈ മാമോഗ്രാമിന്റെ അടിസ്ഥാനത്തില്‍ അള്‍ട്രാ സൗണ്ട്‌ ശുപാര്‍ശ ചെയ്യപ്പെടുകയും തുടര്‍ന്ന്‌ സ്‌തനാര്‍ബുദം സ്ഥിരീകരിക്കാനായി ഇമേജിങ്‌ ഗൈഡഡ്‌ ബ്രസ്റ്റ്‌ ബയോപ്‌സി നടത്തുകയും ചെയ്യും. ഈ പതോളജി ഡയഗ്നോസിസ്‌ അല്ലെങ്കില്‍ ടിഷ്യൂ ഡയഗ്നോസിസ്‌ സ്‌തനാര്‍ബുദം കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിലും വളരെ പ്രധാനപ്പെട്ടതാണ്‌. ഫൈന്‍ നീഡില്‍ ആസ്‌പിരേഷന്‍ ബയോപ്‌സി (എഫ്‌.എന്‍.എ.ബി.), ട്രൂകട്ട്‌ എന്ന കോര്‍ നീഡില്‍ ബയോപ്‌സി (സി.എന്‍.ബി.), വാക്വം അസിസ്റ്റഡ്‌ ബയോപ്‌സി (വി.എ.ബി.) തുടങ്ങി നിരവധി ബയോപ്‌സി രീതികള്‍ ലഭ്യമാണെന്ന്‌ ഡോ. ശില്‍പ്പ ലാഡ്‌ പറഞ്ഞു.
ഈ മികച്ച സാങ്കേതികവിദ്യകള്‍ ഇന്ന്‌ ഇന്ത്യയില്‍ ലഭ്യമാണ്‌. പരമാവധി നേരത്തെ, കൃത്യമായി സ്‌തനാര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള പ്രാധാന്യത്തെ ആര്‍ക്കും ലഘൂകരിച്ചു കാണാനാവില്ലെന്നും ഡോ. ശില്‍പ്പ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായും ഭേദമാകുന്ന അവസ്ഥയിലേക്കെത്താനുള്ള ഏക മാര്‍ഗ്ഗം നേരത്തെ തന്നെ രോഗ നിര്‍ണയം സാധ്യമാക്കുക എന്നതു മാത്രമാണ്‌. 
കാനഡയിലെ ടൊറൊണ്ടോയിലും ഒട്ടാവയിലും പരിശീലനം നേടുകയും പ്രവര്‍ത്തിക്കുയും ചെയ്‌തിട്ടുള്ള ഡോ. ശില്‍പ്പ ലാഡ്‌ മുംബൈയിലെ എന്‍.എം. മെഡിക്കല്‍ സെന്ററിലാണ്‌ നിലവില്‍ പ്രാക്ടീസു ചെയ്യുന്നത്‌. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ