2015, ജൂലൈ 1, ബുധനാഴ്‌ച

കൊച്ചി കൊക്കെയ്‌ന്‍കേസ്‌ അന്വേഷണം പോലീസ്‌ അവസാനിപ്പിക്കുന്നു




കൊച്ചി: യുവ സിനിമാതാരം ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായ കൊക്കെയ്‌ന്‍ കേസില്‍ പൊലീസ്‌ അന്വേഷണം അവസാനിപ്പിക്കുന്നു. കേസില്‍ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ അന്വേഷണം അവസാനിപ്പിച്ച്‌ എത്രയും വേഗം ചാര്‍ജ്‌ ഷീറ്റ്‌ കൈമാറാനാണ്‌ പൊലിസിന്റെ ശ്രമം. അതേ സമയം കേസുമായി ബന്ധപ്പെട്ട പ്രമുഖര്‍ക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിക്കൊണ്ടാണ്‌ പൊലീസിന്റെ കുറ്റപത്രം ഒരുങ്ങുന്നത്‌. സിനിമാതാരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എട്ട്‌ പേരാണ്‌ കടവന്തറയിലെ ഫ്‌ളാറ്റില്‍ നിന്നും സ്‌മോക്ക്‌ പാര്‍ട്ടിക്കിടെ പിടിയിലായത്‌. ജനുവരി 31നായിരുന്നു സംഭവം. കേസില്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയും മോഡലും നടിയുമായ രേഷ്‌മ രംഗസ്വാമി ഒന്നാം പ്രതിയുമാണ്‌. സഹസംവിധായികയായ ബ്ലസി, മോഡലുകളായ സ്വപ്‌ന ബാബു, ടിന്‍സി എന്നിവരാണ്‌ ഒപ്പം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റുള്ളവര്‍. തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലായ തമിഴ്‌നാട്‌ സ്വദേശി പൃഥ്വിരാജ്‌, നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി പഞ്ചാബ്‌ സ്വദേശി ജസ്‌ബീര്‍ സിങ്ങ്‌ എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രം ഇതുവരെ പൊലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
പൃഥ്വിരാജിനെ മാപ്പുസാക്ഷിയാക്കുന്നതിനാണ്‌ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്‌. നേരത്തെ മയക്കു മരുന്ന്‌ ഉപയോഗിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ ലഹരി ഉപയോഗിക്കാറില്ലെന്നും അതിനാല്‍ മാപ്പു സാക്ഷിയാക്കി മറ്റു പ്രതികള്‍ക്കെതിരെ സാക്ഷി പറയിക്കാനാകുമെന്നും പൊലീസ്‌ കരുതുന്നു. 
അതേ സമയം കേസിലെ പ്രധാന പ്രതിയായ ഒക്കോവയുടെ യഥാര്‍ഥ വിലാസം കണ്ടെത്താന്‍ പൊലീസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോവയില്‍ നിന്നാണ്‌ നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി പൊലീസിന്റെ വലയിലായത്‌. കൊച്ചിയിലെ സ്‌മോക്ക്‌ പാര്‍ട്ടിയിലേക്ക്‌ കൊക്കൈന്‍ എത്തിച്ചു കൊടുത്തത്‌ ഇയാളായിരുന്നു. റെയ്‌ല്‍വെ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളിലൂടെയാണ്‌ ഒക്കോവയെ പൊലീസ്‌ തിരിച്ചറിഞ്ഞത്‌. എന്നാല്‍ പിടിയിലാകുമ്പോള്‍ പെട്രൊസ്‌ എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടാണ്‌ ഇയാളില്‍ നിന്നും ലഭിച്ചത്‌. തുടര്‍ന്ന്‌ു നടന്ന ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായ മറുപടിയാണ്‌ ഇയാള്‍ നല്‍കുന്നത്‌. ഇയെളുടെ യഥാര്‍ഥ പേരും മേല്‍വിലാസവും കണ്ടെത്താന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്‌ പൊലീസ്‌. വിവരങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ ഒക്കോവക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനു കഴിയു. 
തൃശൂരിലെ വിവാധ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റില്‍ നിന്നാണ്‌ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘം പിടിയിലാകുന്നത്‌. കേസില്‍ സിനിമാ, സീരിയല്‍ രംഗത്തെ ഉന്നതര്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ ആദ്യം തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി നടന്ന കടവന്ത്രയിലെ ഫ്‌ളാറ്റില്‍ ആരൊക്കെ വന്നു എന്നതു സംബന്ധിച്ച അന്വേഷണങ്ങളും മുന്നോട്ടു പോയില്ല. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പ്രമുഖരെ അന്വേഷണ പരിധിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനായിരുന്നു പൊലീസിന്റെ ശ്രമം. പാര്‍ട്ടി നടത്തിയത്‌ നിസാമിന്റെ അറിവോടെയാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വരുത്താനായിട്ടില്ല. ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്‌ ഇതും പുറത്തു വിട്ടില്ല. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ അശക്തമായ തെളിവുകള്‍ മാത്രമാണ്‌ അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്‌. പ്രതികള്‍ക്ക്‌ അനായാസം രക്ഷപെടുന്നതിനാണ്‌ ഇത്തരത്തില്‍ കേസ്‌ അവസാനിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ