2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ഇടപ്പള്ളി-വൈറ്റില ദേശീയപാത സൗന്ദര്യവല്‍ക്കരണ പദ്ധതി


കൊച്ചി: ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ദേശീയപാത സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ സമര്‍പ്പണം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ മന്ത്രി എ പി അനില്‍ കുമാര്‍ നിര്‍വ്വഹിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷന്റെ മിഷന്‍ കൊച്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ നാഷണല്‍ ഹൈവേയുടെ മീഡിയന്‍ പുഷ്‌പ്പിക്കുന്ന ചെടികള്‍ വെച്ച്‌ പരിപാലിക്കുന്നത്‌. എറണാകുളം മെഡിക്കല്‍ സെന്ററിന്‌ സമീപം നടക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷനാകും. 
പ്രദേശത്തെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു `സ്‌റ്റോക്ക്‌ ഹോള്‍ഡേഴ്‌സ്‌ സൊസൈറ്റി' രൂപീകരിച്ചാണ്‌ പദ്ധതി നടത്തിപ്പിനുള്ള പണം കണ്ടെത്തിയത്‌. തുടര്‍ന്നുള്ള നടത്തിപ്പും പരിപാലനവും ഇവരുടെ ചുമതലയായിരിക്കും. ഏകദേശം 25,000ത്തോളം ചെടികളാണ്‌ നട്ടു പരിപാലിക്കുന്നത്‌.ഇതിനു പുറമെ വളര്‍ന്നുവലുതായ ചെടികല്‍ വെട്ടി ഒതുക്കുകയും ചെയ്യും.
ചെങ്കല്ല്‌ പൊടി അടിച്ചു നിലം ഒരുക്കുന്നതിനും കാടു വെട്ടിത്തെളിക്കുന്നതിനുമായി കൊച്ചി നഗരസഭ 37 ലക്ഷം രൂപ നല്‍കി.

15പേരാണ്‌ ഇപ്പോള്‍ സൊസൈറ്റിയില്‍ അംഗമായിട്ടുള്ളത്‌. സൊസൈറ്റിയുടെ ചെയര്‍മാന്‍ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി, സെക്രട്ടറി എം ഇ മുഹമ്മദ്‌, ട്രഷറര്‍ പി സി ജോണ്‍ എന്നിവരാണ്‌. കൂടുതല്‍ പേരെ ചേര്‍ക്കാനും ആലോചനയുണ്ട്‌. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ആറു കിലോമീറ്റര്‍ മീഡിയന്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനും മൂന്നു വര്‍ഷത്തേക്ക്‌ പരിപാലിക്കുന്നതിനും ഉള്ള അനുമതിയാണ്‌ ദേശീയപാത അതോറിറ്റി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌. ഇപ്പോള്‍ ഒരു കോടി രൂപ ചെലവായ പദ്ധതില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഒരു വര്‍ഷം 40ലക്ഷം രൂപ ചിലവ്‌ പ്രതീക്ഷിക്കുന്നുണ്ട്‌. 
രണ്ടാം ഘട്ടമായി സൈഡ്‌ മീഡിയനുകളുടെ സൗന്ദര്യ വല്‍ക്കരണവും ആലോചിക്കുന്നുണ്ട്‌. ഫോര്‍ട്ട്‌കൊച്ചിയിലും ബ്രോഡ്‌വേയിലും സമാനമായി സൗന്ദര്യവല്‍ക്കരണം നടത്തുമെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍ ടോണി ചമ്മണി പറഞ്ഞു. കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി, ടി ജെ വിനോദ്‌ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ