2014, ജൂലൈ 8, ചൊവ്വാഴ്ച

കുട്ടമ്പുഴ എസ്‌ഐ യുടെ മര്‍ദ്ദനമേറ്റ ആദിവാസി യുവാവ്‌ അവശനിലയില്‍



കൊച്ചി
കുട്ടമ്പുഴ എസ്‌ഐയുടെ മര്‍ദ്ദനമേറ്റ കോതമംഗലം ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ചിന്നപ്പന്റെ മകന്‍ ശിവന്‍ (28) അവശനിലയില്‍ . കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ സംഭവം. രണ്ടു മാസങ്ങള്‍ക്കു മുമ്പ്‌ ശിവന്റെ ജേഷ്‌ഠന്‍ ഹരിദാസ്‌ (31) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ്‌ പോലീസ്‌ മര്‍ദ്ദനം. സ്ഥലത്തെ കുപ്രസിദ്ധ ഗൂണ്ട കിന്റല്‍ രാജുവിനെതിരെ ശിവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ്‌ കുട്ടമ്പുഴ എസ്‌ ഐ പൗലോസും സംഘവും മര്‍ദ്ദിച്ചത്‌ ശിവന്‍ ഇപ്പോള്‍ കോതമംഗലം താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
ഹരിദാസിന്റെ മരണത്തിന്റെ സത്യാവസ്ഥ ഇനിയും പോലീസിനു കണ്ടെത്താനായിട്ടില്ല. 30അടി ഉയരമുള്ള മരത്തില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ്‌ ആദ്യം പോലീസ്‌ പറഞ്ഞിരുന്നത്‌.എന്നാല്‍ ഇപ്പോള്‍ വനത്തില്‍ വെച്ച്‌ കാട്ടുപോത്ത്‌ ആക്രമിച്ചതായാണ്‌ പറയുന്നത്‌. ഇളംബ്ലാശേരി ആദിവാസി കോളനിയില്‍ താമസിക്കുന്ന ഗൂണ്ട കിന്റല്‍ രാജുവാണ്‌ ഹരിദാസിന്റെ മരണത്തിനു പിന്നിലെന്നു സംശയിക്കുന്നു. കുട്ടമ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ മദ്യപാനവും അനാശാസ്യങ്ങളും പതിവായിരിക്കുകയാണ്‌. വനമേഖല ആയതിനാല്‍ ആദിവാസികളുടെ മറവില്‍ കഞ്ചാവ്‌ വളര്‍ത്തലും കള്ളവാറ്റും പതിവാണ്‌. കേസില്‍ പതികള്‍ എന്നു സംശയിക്കുന്ന ഹരിദാസിനെ വനത്തിലേക്കു കൊണ്ടുപോയ മൂന്നുപേര്‍ ഒളിവിലാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. 
രാജുവിന്റെ ഭാര്യയുടെ പക്കല്‍ നിന്നും ശിവനെതിരെ കള്ളപരാതി എഴുതി വാങ്ങിച്ചാണ്‌ പോലീസ്‌ ശിവന്റെ വീട്ടില്‍ എത്തിയത്‌. മാതാപിതാക്കളുടെ മുന്നില്‍ വച്ചു ശിവനെ പോലീസുകാര്‍ ബൂട്ട്‌ ഇട്ടു ചവിട്ടുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച അമ്മയേയും ഭാര്യയേയും എസ്‌ഐ ചവിട്ടി തൊഴിച്ചു വലിച്ചേറിഞ്ഞു. 
അതിനുശേഷം മൊഴിയെടുക്കാനെന്ന വ്യാജേന കോതമംഗലം ആശുപത്രിയില്‍ എത്തിയ കുട്ടമ്പുഴ പോലീസ്‌ സംഘം ശിവനെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ വെച്ച്‌ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നു പോലീസ്‌ പിന്തിരിയേണ്ടുവന്നു. പോലീസ്‌ ഭീഷണി നിലനില്‍ക്കെ കുടിയില്‍ താമസിക്കാന്‍ സാധിക്കുന്നില്ലെന്നു ശിവന്റെ മാതാവ്‌ സരസമ്മ പറഞ്ഞു.കിന്റല്‍ രാജുവിന്റെയും ഗൂണ്ടാസംഘങ്ങളുടേയും വധഭീഷണയും നിലനില്‍ക്കുന്നു
ആദിവാസികളോട്‌ കാണിക്കുന്ന കൊടുംക്രൂരതയ്‌ക്കും സത്രീപീഠനത്തിനും അധികാരം ദുര്‍വിനിയോകം ചെയ്‌തതിനും കുട്ടമ്പുഴ എസ്‌ഐ പൗലോസിനെതിരെ പട്ടിക ജാതി -പട്ടിക വര്‍ഘ പീഠന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന്‌ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞമ്മ മൈക്കിള്‍ ,ആദി ദ്രാവിഡ സാംസ്‌കാരിക മധ്യമേഖല സെക്രട്ടറി കെ.സോമന്‍, കെ.സി അയ്യപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ