2014, ജൂലൈ 1, ചൊവ്വാഴ്ച

മുഹമ്മദ്‌ ഹനീഷ്‌ നോഡല്‍ ഓഫീസര്‍

അണ്ടര്‍ 17 വേള്‍ഡ്‌ കപ്പ്‌ 2017 :


കൊച്ചി : കൊച്ചിയില്‍ അരങ്ങേറുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോള്‍ 2017-ന്റെ നോഡല്‍ ഓഫീസറായി എ.പി.എം മുഹമ്മദ്‌ ഹനീഷ്‌ ഐഎഎസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു.
അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ ഫുട്‌ബോള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയും മുഹമ്മദ്‌ ഹനീഷിനാണ്‌. ഫിഫയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ഹനീഷിന്റെ നിയമനം.
പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എന്ന നിലയില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അത്‌ലറ്റിക്‌സ്‌, ഗെയിംസ്‌ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ച ഹനീഷിന്റെ ശാസ്‌ത്രീയ പരിശീലന കളരികള്‍ സ്‌പോര്‍ട്‌സ്‌ രംഗത്ത്‌ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന്‌ സഹായകമായി. സുബ്രതോകപ്പിലെ വിജയം ഇതിനുദാഹരണമാണ്‌.
സ്‌കൂള്‍ തലത്തിലെ ഗെയിംസ്‌ ഇനങ്ങളിലെ മത്സരങ്ങള്‍ മേഖല തിരിച്ച്‌ നടത്തുന്നതിന്‌ ഹനീഷ്‌ കൈകൊണ്ട തീരുമാനം ശ്രദ്ധേയമാണ്‌. ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങി 13 ഇനങ്ങള്‍ക്ക്‌ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ പ്രസ്‌തുത തീരുമാനത്തിന്‌ കഴിഞ്ഞു.
മുന്‍ എറണാകുളം ജില്ലാ കളക്‌ടര്‍ ആയിരുന്ന മുഹമ്മദ്‌ ഹനീഷ്‌ ഇപ്പോള്‍ നഗരകാര്യ വകുപ്പ്‌ സെക്രട്ടറിയും റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പറേഷന്‍ മാനേജിംഗ്‌ ഡയറക്‌ടറുമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ