2014, ജൂലൈ 27, ഞായറാഴ്‌ച

റമസാന്‌ വിടചൊല്ലി അവസാന വെള്ളിയാഴ്‌ച പള്ളികള്‍ വിശ്വാസികളെകൊണ്ട്‌ നിറഞ്ഞുകവിഞ്ഞു



കൊച്ചി: റമസാനിന്റെ അവസാനത്തെ വെള്ളിയാഴ്‌ചയായ ഇന്നലെ ജുമാ നമസ്‌കാരത്തിനായി പള്ളികളില്‍ അനിയന്ത്രിതമായ തിരക്ക്‌ അനുഭവപ്പെട്ടു. നഗരത്തിലെ എല്ലാ പള്ളികളും വിശ്വാസികളെ കൊണ്ട്‌ നിറഞ്ഞുകവിഞ്ഞു. പലയിടത്തും പള്ളി മുറ്റത്തേക്കും റോഡിലേക്കും വരെ നമസ്‌കാരത്തിന്റെ സഫുകള്‍ നീണ്ടു. എറണാകുളം സെന്‍ട്രല്‍ മസ്‌ജിദ്‌, കലൂര്‍ ഹൈവേ മസ്‌ജിദ്‌, കലൂര്‍ ജുമാമസ്‌ജിദ്‌, പുന്നുരുന്നി ജുമാമസ്‌ജിദ്‌, ജനത മസ്‌ജിദുല്‍ ഇസ്‌ലാം, കാക്കനാട്‌ പടമുഗള്‍ ജുമാമസ്‌ജിദ്‌, ഇടപ്പള്ളി ഹൈവേ ജുമാമസ്‌ജിദ്‌, കളമശേരി ഞാലകം ജുമാമസ്‌ജിദ്‌, തൃക്കാക്കര ജുമാമസ്‌ജിദ്‌, കോമ്പാറ ജുമാമസ്‌ജിദ്‌, തോട്ടത്തുംപടി ജുമാമസ്‌ജിദ്‌ എന്നിവിടങ്ങളില്‍ അനിയന്ത്രിതമായ തിരക്കനുഭവപ്പെട്ടു. അവസാന വെള്ളിയാഴ്‌ചയും നോമ്പിന്റെ ഇരുപത്തേഴാമത്തെ ദിവസവുമായ ഇന്നലെ വിശ്വാസികളെ സംബന്‌ധിച്ചിടത്തോളം പവിത്രമായ ദിവസമായിരുന്നു. ഒരു മാസം നീണ്ടു നിന്ന വ്രതശുദ്ധിയും ആത്‌മ സമര്‍പ്പണവും ജീവിതത്തിലുടനീളം പുലര്‍ത്തുവാനും മത സൗഹാര്‍ദ്ദവും പരസ്‌പര സ്‌നേഹവും നിലനിര്‍ത്തുവാനും ഖുതുബാ പ്രസംഗത്തില്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്‌തു. പരിശുദ്ധ റമസാനിനും തറാവീഹിനും ഖുതുബാ പ്രസംഗത്തിനിടെ ഖതീബുമാര്‍ കണ്ണീരോടെ സലാം ചൊല്ലി വിടപറഞ്ഞപ്പോള്‍ വിശ്വാസികളുടെ മനസ്‌ പിടയുകയായിരുന്നു. പലരുടേയും വിതുമ്പല്‍ പൊട്ടിക്കരച്ചിലായി മാറി. അറിഞ്ഞോ അറിയാതെയോ ചെയ്‌തുപോയ പാപങ്ങളില്‍ ദൈവത്തോട്‌ പൊറുക്കലിനെ തേടുന്നതിനും പരസ്‌പര ശത്രുതയില്‍ കഴിയുന്നവരുമായി പൊരുത്തപ്പെടുപ്പെടുവിക്കുന്നതിനുമായി ഈ അവസരം പലരും ഉപയോഗപ്പെടുത്തി. ഇനി യുള്ള രണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്‌ടമായ പുണ്യ റമസാനിന്‌ വേണ്ടി ഇനി ഒരു വര്‍ഷം കാത്തിരിക്കണം. അടുത്ത വര്‍ഷം ആരൊക്കെ ഉണ്ടാകുമെന്ന ആശങ്കയും വിശ്വാസികള്‍ പങ്കുവെച്ചു. ഇസ്രാഈല്‍ അതിക്രമത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്‌തീന്‍ ജനതക്കായും ആഗോള സമാധാനത്തിനായും എല്ലായിടത്തും പ്രത്യേക പ്രാര്‍ത്ഥനയുമുണ്ടായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ