2014, ജൂൺ 3, ചൊവ്വാഴ്ച

കേരളത്തെ തോല്‍പ്പിച്ച്‌ഛത്തീസ്‌ഗഢ്‌ കീരിടം നിലനിര്‍ത്തി




ദേശീയ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പെണ്‍കുട്ടികളുടെ ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച്‌ഛത്തീസ്‌ഗഢ്‌ കീരിടം നിലനിര്‍ത്തി. 79-66 എന്ന സ്‌കോറിനായിരുന്നു കേരളത്തിന്റെ തോല്‍വി. കഴിഞ്ഞ തവണ ഒഡീഷയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും കേരളം ഛത്തീസ്‌ഗഢിനോട്‌ ഫൈനലില്‍ തോറ്റിരുന്നു.ആണ്‍കുട്ടികളുടെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഡല്‍ഹിയെ 83-71ന്‌ തോല്‍പ്പിച്ച്‌ പഞ്ചാബ്‌ കീരിടം നേടി.
കാലിന്‌ ഗുരുതര പരുക്കേറ്റതിനാല്‍ രാജ്യാന്തര താരവും ക്യാപ്‌റ്റനുമായ പൂജമോളെ പുറത്തിരുത്തിയാണ്‌ കേരളം ഇന്നലെയും കളത്തിലിറങ്ങിയത്‌. ആദ്യ ക്വാര്‍ട്ടറില്‍ 22-17ന്‌ ലീഡ്‌ നേടിയ കേരളം മികച്ച കളിയാണ്‌ പുറത്തെടുത്തത്‌. രണ്ടാം ക്വാര്‍ട്ടറില്‍ 35-36ന്‌ ഒപ്പത്തിനൊപ്പം നിന്നെങ്കിലും മൂന്നാം ക്വാര്‍ട്ടറോടെ ഛത്തീസ്‌ഗഢ്‌ 56-45ന്‌ ലീഡ്‌ നേടി വന്‍ മുന്നേറ്റം നടത്തി. അവസാന ക്വാര്‍ട്ടറില്‍ ആതിഥേയര്‍ തിരിച്ചു വരവിനായി കോപ്പ്‌ കൂട്ടിയെങ്കിലും വിജയം നേടാനായില്ല. മൂന്നാം ക്വാര്‍ട്ടറിനിടെ മികച്ച ഫോമിലുണ്ടായിരുന്ന ഹിലാരിയോസ്‌ എലിസബത്ത്‌ അഞ്ചു ഫൗളുകള്‍ വരുത്തി പുറത്തായതും കേരളത്തിന്‌ തിരിച്ചടിയായി. മികച്ച പ്രതിരോധവും കൃത്യതയാര്‍ന്ന സ്‌കോറിംഗുമാണ്‌ ഛത്തീസ്‌ഗഢിന്റെ വിജയത്തിന്‌ വഴിയൊരുക്കിയത്‌. ഛത്തീസ്‌ഗഢ്‌ താരങ്ങള്‍ പത്തിലേറെ തവണ ത്രീ പോയിന്റ്‌ ഷോട്ട്‌ ബാസ്‌ക്കറ്റിലാക്കിയപ്പോള്‍ കേരളത്തിന്‌ ഒരു തവണ പോലും ലക്ഷ്യം കാണാനായില്ല. ഫ്രീ ത്രോകള്‍ പോയിന്റാക്കുന്നതിലും കേരളം നിരവധി പിഴവുകള്‍ വരുത്തി. 17 പോയിന്റുകള്‍ നേടിയ ആരതി വിമലാണ്‌ കേരളത്തിന്റെ ടോപ്പ്‌ സ്‌കോറര്‍. എലിസബത്ത്‌ ഹിലാരിയോസ്‌ 14ഉം ഐശ്വര്യ, വിനയ ജോസഫ്‌ എന്നിവര്‍ 13 വീതം പോയിന്റുകളും നേടി. ഛത്തീസ്‌ഗഢിനായി ദേശീയ താരം ശരണ്‍ജീത്‌ കൗര്‍ 28 പോയിന്റുകളും റിയാ വര്‍മ്മ 24 പോയിന്റുകളും സ്വന്തമാക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്‌നാടിനാണ്‌ വെങ്കലം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉത്തര്‍പ്രദേശ്‌ മുന്നാം സ്ഥാനം നേടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ