2014, മാർച്ച് 24, തിങ്കളാഴ്‌ച

ഷക്കീറ വീണ്ടും വരുന്നു


2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ്‌ ഫുട്‌ബോളില്‍ വക്കാ...വക്കാ... എന്ന ഔദ്യോഗികഗാനത്താല്‍ ലോകം മുഴുവന്‍ ഇളക്കിമറിച്ച കൊളംബിയന്‍ പോപ്‌ ഗായിക ഷക്കീര വീണ്‌ടുമെത്തുന്നു. ഷക്കീര ആലപിക്കുന്ന ലാ... ലാ... ലാ... എന്ന ഗാനം ലോകകപ്പിന്റെ രണ്‌ടാം ഔദ്യോഗിക ഗാനമായി ഉള്‍പ്പെടുത്തും. ഷക്കീരയുടെ ഡെയര്‍ എന്ന പുതിയ ഗാനത്തിന്റെ വരികള്‍ മാറ്റങ്ങള്‍ വരുത്തിയാണ്‌ ലാ... ലാ... ലാ... എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. പുതിയ ഗാനത്തിന്റെ വീഡിയോ ട്രാക്കില്‍ ഷക്കീര- സ്‌പാനിഷ്‌ ഫുട്‌ബോളര്‍ ജെറാഡ്‌ പികെ ദമ്പതികളുടെ മകന്‍ മിലാനും എത്തുന്നുണ്‌ട്‌.

ഇതൊരു ആസ്വാദ്യകരമായ ബ്രസീലിയന്‍ ട്രാക്കാണ്‌. ഇതിലെ വരികള്‍ സ്വയം ചിട്ടപ്പെടുത്തി ലോകകപ്പിനുവേണ്‌ടി മാറ്റിയതാണ്‌-പുതിയ ഗാനത്തെക്കുറിച്ച്‌ ഷക്കീര പറഞ്ഞു.

2014 ബ്രസീല്‍ ലോകകപ്പ്‌ ഗാനം കൊഴുപ്പിക്കുക സാക്ഷാല്‍ ജെന്നിഫര്‍ ലോപ്പസ്‌, പിറ്റ്‌ബുള്‍, ക്ലൗഡിയ ലീറ്റ്‌ എന്നിവര്‍ ചേര്‍ന്നാണ്‌. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വീ ആര്‍ വണ്‍ (ഓലെ... ഓല...) ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ പിറ്റ്‌ബുള്ളാണ്‌. ജൂണ്‍ 12നു സാവോ പോളോ ആരീനയിലാണ്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഔദ്യോഗിക ഉദ്‌ഘാടനം. സോണി മ്യൂസിക്‌ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ ഗാനമൊരുക്കുന്നത്‌. 1994 മുതല്‍ ഫിഫ ലോകകപ്പ്‌ ഗാനങ്ങള്‍ പുറത്തിറക്കുന്നതും സോണി മ്യൂസിക്കാണ്‌. 1966 ഇംഗ്ലണ്‌ട്‌ ലോകകപ്പു മുതലാണ്‌ ഔദ്യോഗിക ഗാനം ഫിഫ ഉപയോഗിച്ചു തുടങ്ങിയത്‌.

1998 ലോകകപ്പില്‍ ഇറങ്ങിയ റിക്കി മാര്‍ട്ടിന്റെ ഗോ... ഗോ... ഗോ.. ആണ്‌ ഇതുവരെ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട ഔദ്യോഗിക ഗാനം. 2010 ലോകകപ്പിലെ ഷക്കീരയുടെ വക്കാ... വക്കായ്‌ക്കാണു രണ്‌ടാം സ്ഥാനം. യുട്യൂബില്‍ 60 കോടിയില്‍പരം പ്രാവശ്യം വക്കാ... വക്കാ... ഗാനം ആളുകള്‍ കണ്‌ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ