2013, നവംബർ 15, വെള്ളിയാഴ്‌ച

മെഡിക്കല്‍ സീറ്റ്‌ തട്ടിപ്പ്‌ .. സിപിഎം നേതാവിന്റ മകന്‌ പങ്ക്‌ മുഖ്യപ്രതി കവിതാ ജി.പിള്ളയെ ഇന്ന്‌ കൊല്ലത്തേക്ക്‌ കൊണ്ടുപോകും



കൊച്ചി
മെഡിക്കല്‍ സീറ്റ്‌ തട്ടിപ്പുകേസില്‍ കൊല്ലത്തെ സിപിഎം നേതാവിന്റെ മകന്‌ മുഖ്യപങ്ക്‌ ഉണ്ടെന്ന്‌ പ്രതി കവിത ജി.പിള്ളി വെളിപ്പെടുത്തി. മുന്‍ ജില്ലാ കമ്മിറ്റി അംഗവു നിലവില്‍ ഏരിയാ കമ്മിറ്റി അംഗവുമായ ഡി. രാധാകൃഷ്‌ണന്റെ മകന്‍ റാഷ്‌ ലാലിനാണ്‌ തട്ടിപ്പില്‍ പങ്ക്‌ ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. റാഷ്‌ ലാല്‍ ആണ്‌ തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ്‌ കവിത നല്‍കിയ മൊഴി. സംഭവത്തില്‍ കവിത ജി. പിള്ളയെ കൂടുതല്‍ ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി കവിതാ ജി. പിള്ളയെ ഇന്ന്‌ കൊല്ലത്ത്‌ തെളിവെടുപ്പിനായി കൊണ്ടുപോകും.
മെഡിക്കല്‍ തട്ടിപ്പ്‌ കേസില്‍ പ്രതിയാക്കപ്പെട്ട ഏജന്റ്‌ റാഷ്‌ ലാലിനായി കൊല്ലത്ത്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.

മെഡിക്കല്‍ തട്ടിപ്പ്‌ കേസില്‍ പരാതിക്കാരുടെ കൂടെ കവിതാ ജി.പിള്ളയ്‌ക്കെതിരെ പരാതി നല്‍കാനെത്തിയ ഇടനിലക്കാരന്‍ റാഷ്‌ ലാല്‍ പിന്നീട്‌ കേസില്‍ മൂന്നാം പ്രതിയാകുകയായിരുന്നു. പ്രതിചേര്‍ക്കപ്പെട്ടതോടെ ഇയാള്‍ക്കായി കേരളത്തിനകത്തും പുറത്തു വലവിരിച്ചെങ്കിലും പിടികൂടാനായില്ല. ഈ സാഹചര്യത്തിലാണ്‌ ഇയാള്‍ക്കെതിരെ നോര്‍ത്ത്‌ പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌. കവിതയുടെ ഏജന്റുമാരായ ഹരികൃഷ്‌ണന്‍, അലന്‍ ഫിലിപ്പ്‌,ഷിബു എന്നിവരും റാഷ്‌ ലാലിനോടൊപ്പം തട്ടിപ്പിനു കൂട്ടുനിന്നുവെന്നാണ്‌ കവിതയുടെ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ സിപിഎം നേതാവിന്റെ കൊച്ചിയിലുള്ള മരുമകനാണ്‌ കവിതയെ പരിചയപ്പെടുത്തിയതെന്ന്‌ പ്രതിയാക്കപ്പെടും മുന്‍പ്‌ റാഷ്‌ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷം നടത്തിയ അന്വേഷണത്തിലാണ്‌ ഇയാളുടെ രാഷ്‌ട്രീയ ബന്ധം പുറത്തുവന്നത്‌.
1,26,00,000 രൂപ സഹായികള്‍ക്കു നല്‍കിയെന്നാണ്‌ കവിതയുടെ വെളിപ്പെടുത്തല്‍ .
അഡ്വ.ഹരികൃഷ്‌ണന്‍ മുഖേന വാങ്ങിയ പണം മറ്റു ഏജന്റുമാര്‍ വീതിച്ചെടുത്തുവെന്നാണ്‌ കവിതയുടെ മൊഴി.
അതിനിടെ കേസിലെ മുഖ്യപ്രതി കവിത ജി. പിള്ളയെ ഇന്ന്‌ തെളിവെടുപ്പിനായി കൊല്ലത്തു കൊണ്ടുപോകും. കൊച്ചി സെന്‍ട്രല്‍ പോലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത 10 കേസികള്‍ക്കു പുറമെ കൊല്ലം പാരിപ്പിള്ളിയിലും പാലക്കാടും കവിത ജി.പിള്ളയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ടാണ്‌ എറണാകുളം സബ്‌ ജയിലില്‍ കഴിയുന്ന ഇവരെ കൊല്ലത്തെത്തിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ