2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

സ്വര്‍ണക്കടത്ത് എസ്.പി. സുനില്‍ ജേക്കബിന്റെ ബന്ധം അന്വേഷിക്കുന്നു






                  സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസും ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി. സുനില്‍ ജേക്കബും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാറിന് ഡി.ജി.പി. കെ.എസ്.ബാലസുബ്രമണ്യം നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന്റെ ആഡംബര ബൈക്കില്‍ എസ്.പി. സുനില്‍ ജേക്കബ് ഇരിക്കുന്ന ദൃശ്യം ചാനലുകള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് ഇവര്‍തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയത്. 

സുനില്‍ ജേക്കബ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്നപ്പോഴാണ് മാഹി സ്വദേശി ഫയാസുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയത്. ഫയാസിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചാര്‍ജ് ചെയ്തിരുന്ന പണാപഹരണക്കേസ് സുനില്‍ ജേക്കബാണ് അന്വേഷിച്ചിരുന്നത്. എസ്.പി.ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഈ പരാതിയെക്കുറിച്ചും ഇന്റലിജന്‍സ് അന്വേഷിക്കും.
 

സുനില്‍ ജേക്കബിനെ കൂടാതെ കോഴിക്കോട് റൂറല്‍ എസ്.പി.മാരായിരുന്ന രണ്ടുപേര്‍ ഫയാസുമായി ബന്ധം സ്ഥാപിച്ചിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഫയാസിന്റെ ചെന്നൈയിലുള്ള റിസോര്‍ട്ടില്‍ സുനില്‍ ജേക്കബ് ഉള്‍പ്പെടെ സംസ്ഥാന പോലീസിലെ ചിലര്‍ സന്ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ വരും.
 

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിതാ നായരുടെ ഫോണ്‍ വിവരപട്ടിക ചോര്‍ന്നതിന് പിന്നില്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി. സുനില്‍ ജേക്കബിന് പങ്കുള്ളതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സരിതാ നായരും ബിജുവുമായി ബന്ധമുള്ള പോലീസുകാരില്‍ സുനില്‍ ജേക്കബിന്റെ പേരും ഉണ്ടായിരുന്നു.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ