2020, ജൂലൈ 22, ബുധനാഴ്‌ച

മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ഫ്രഷ്‌ ടു ഹോമിന്റെ സഹായം




കൊച്ചി : കേരള പോലീസിന്റെ ഭാഗമായ ജനമൈത്രി പോലീസ്‌ നടത്തുന്ന അമൃതം പദ്ധതിയും ഇന്ത്യയിലെ പ്രമൂഖ ഓണ്‍ലയിന്‍ മത്സ്യ-മാംസ വിതരണ സ്ഥാപനമായ ഫ്രഷ്‌ടു ഹോമും ചേര്‍ന്ന്‌ കൊറോണ മഹാമാരി മൂലം വിഷമിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ സൗജന്യ ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്യുന്നു.

എറണാകുളം സിറ്റി പോലീസ്‌ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫ്രഷ്‌ ടു ഹോം സി.ഒ.ഒ. മാത്യു ജോസഫില്‍ നിന്നും സിറ്റി പോലീസ്‌ കമ്മീഷണര്‍ വിജയ്‌ സാഖറേ കിറ്റുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന്‌ ചെല്ലാനത്ത്‌ വിതരണത്തിനുള്ള കിറ്റുകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്‌ ഓഫ്‌ കമ്മീഷണര്‍ നിര്‍വ്വഹിച്ചു. ചെല്ലാനം ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 15,16,17 വാര്‍ഡുകളിലെ താമസക്കാരായ എല്ലാ കുടുംബങ്ങള്‍ക്കും ഈ കിറ്റുകള്‍ ലഭിക്കും. ഇവിടെ 90 ശതമാനത്തിലധികവും മത്സ്യതൊഴിലാളി കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. 1100 രൂപയിലധികം വില വരുന്ന 1400 ല്‍ പരം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നതെന്ന്‌ ഫ്രഷ്‌ ടു ഹോം സി.ഒ.ഒ മാത്യു ജോസഫ്‌ പറഞ്ഞു. കടലുമായി മല്ലടിച്ച്‌ പച്ചമീനുകള്‍ കരയില്‍ എത്തിക്കുന്ന മത്സ്യതൊഴിലാളികളാണ്‌ ഞങ്ങളുടെ ബിസിനസ്സിന്റെ കരുത്ത്‌. അത്തരക്കാര്‍ക്ക്‌ ഒരു ബുദ്ധിമുട്ട്‌ വരുമ്പോള്‍ സഹായിക്കേണ്ടത്‌ കമ്പനിയുടെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കെമിക്കലുകള്‍ ചേരാത്ത മത്സ്യവും ആന്റിബയോട്ടിക്കുകള്‍ ഇല്ലാത്ത മാംസവും വിതരണം ചെയ്യുന്ന സ്ഥാപനമാണ്‌ ഫ്രഷ്‌ ടു ഹോമെന്ന്‌ കമ്പനി സി.ഇ.ഒ ഷാന്‍ കടവില്‍ അറിയിച്ചു. കേരളത്തിലെ വിവിധ ഹാര്‍ബറുകളില്‍ നിന്നും മത്സ്യം ശേഖരിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മത്സ്യം ശേഖരിക്കുന്നത്‌ ചെല്ലാനം ഹാര്‍ബറില്‍ നിന്നാണെന്നും, അതിനാല്‍ ഇവിടത്തെ കുടുംബങ്ങളുടെ കഷ്‌ടപ്പാടുകള്‍ കണ്ടിലെന്നു വയ്‌ക്കുവാന്‍ കമ്പനിക്ക്‌ ആകില്ല. ഈ പ്രദേശത്ത്‌ ട്രിപ്പിള്‍ലോക്ക്‌ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യകിറ്റുകളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നതിനും കൃത്യമായ കൈകളില്‍ അവ എത്തുന്നതിനുമാണ്‌ പോലീസുമായി ഈ പദ്ധതിക്ക്‌ കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരായ അജയ്‌ കെ മാത്യു, പൂങ്കുഴലി, ലാല്‍ജി, ഫിലിപ്പ്‌. കെ.പി, രമേഷ്‌കുമാര്‍, വിജയ്‌കുമാര്‍, ഫ്രഷ്‌ ടു ഹോം കേരള ചീഫ്‌ ഓപ്പറേറ്റിംഗ്‌ മാനേജര്‍ അജിത്ത്‌ നായര്‍ എന്നിവരും ചടങ്ങില്‍ സന്നിഹീതനായിരുന്നു.  

ചെല്ലാനം ഹാര്‍ബര്‍ മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ജനമൈത്രി പോലീസിന്റെ അമൃതം പദ്ധതിയിലൂടെ ഫ്രഷ്‌ ടു ഹോം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍ കമ്പനി സി.ഒ.ഒ. മാത്യു ജോസഫ്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ വിജയ്‌ സാഖറേക്ക്‌ കൈമാറുന്നു. എ.സി.പി കെ.ലാല്‍ജി, ഡി.സി.പി പൂങ്കുഴലി, ഡി.സി.പി രമേഷ്‌ കുമാര്‍, എ.സി.പി ഫിലിപ്പ്‌ കെ.പി, ഫ്രഷ്‌ ടു ഹോം കേരള ചീഫ്‌ ഓപ്പറേറ്റിംഗ്‌ മാനേജര്‍. അജിത്ത്‌ നായര്‍, അജയ്‌ കെ മാത്യു എന്നിവര്‍ സമീപം.

ചെല്ലാനം ഹാര്‍ബര്‍ മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ജനമൈത്രി പോലീസിന്റെ അമൃതം പദ്ധതിയിലൂടെ ഫ്രഷ്‌ ടു ഹോം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വഹിച്ചുകൊണ്ട്‌ പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്‌ ഓഫ്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ വിജയ്‌ സാഖറേ നിര്‍വ്വഹിക്കുന്നു. എ.സി.പി സുരേഷ്‌ കുമാര്‍, സി.ഐ. ഷിജു, എ.സി.പി വിജയ്‌ കുമാര്‍, ഡി.സി.പി രമേഷ്‌ കുമാര്‍, ഡി.സി.പി പൂങ്കുഴലി, എ.സി.പി കെ.ലാല്‍ജി, എ.സി.പി ഫിലിപ്പ്‌ കെ.പി, ഫ്രഷ്‌ ടു ഹോം സി.ഒ.ഒ. മാത്യു ജോസഫ്‌, കേരള ചീഫ ഓപ്പറേറ്റിംഗ്‌ മാനേജര്‍ അജിത്ത്‌ നായര്‍, അജയ്‌ കെ. മാത്യു, അക്‌ബര്‍, ഗിരീഷ്‌ എന്നിവര്‍ സമീപം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ