ആലുവ മണപ്പുറത്ത് ഇന്ന് ഭക്തജനസഹസ്രങ്ങള്‍ ശിവപഞ്ചാക്ഷരീ മന്ത്രങ്ങള്‍ ഉരുവിട്ട് ഉറക്കമിളച്ചശേഷം ഭക്തജനങ്ങള്‍ മണ്‍മറഞ്ഞ പിതൃക്കളുടെ ദേഹികള്‍ക്ക് ശാന്തി പകരുന്ന ബലിതര്‍പ്പണം പെരിയാറിന്റെ ഓളപരപ്പില്‍ നടത്തി മടങ്ങും.മഹാശിവരാത്രി ആഘോഷങ്ങളില്‍ പങ്കുകൊള്ളാനും പിതൃതര്‍പ്പണം നടത്താനുമായി ആയിരക്കണക്കിനാളുകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആലുവയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലിന് മണപ്പുറത്തെ മഹാദേവക്ഷേത്രത്തില്‍ ഉഷപൂജയോടെ ശിവരാത്രി മഹോത്സവ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന ലക്ഷാര്‍ച്ചന. രാവിലെ എട്ട് മുതല്‍ ആരംഭിച്ച ഇത് രാത്രി ഏഴുവരെ നീളും.വൈകിട്ട് 6.30ന് ദീപാരാധന രാത്രി 10.30ന് നവകാഭിഷേഖം തുടര്‍ന്ന് ശ്രീഭുതബലി, വിളക്കെഴുന്നള്ളിപ്പ്. ശിവരാത്രി വിളക്കിന് ശേഷം രാത്രി 12ന് ബലിതര്‍പ്പണത്തിനായി ഭക്തജനങ്ങള്‍ കൂട്ടമായി എത്തും.
ക്ഷേത്രം തന്ത്രികള്‍ ചേന്നാസ് പരമേശ്വരന്‍ തന്ത്രികളും മേല്‍ശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ അപ്പം, അരവണ, വെള്ളനിവേദ്യം എന്നിവ ഉണ്ടായിരിക്കും. വഴിപാടുകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ ശനിയാഴ്ച ഉച്ചവരെ നീളും. ഇന്ന് ശിവരാത്രി ബലിയും നാളെയും മറ്റന്നാളും വാവു ബലിയുമാണ് നടത്തപ്പെടുക.