സുല്‍ത്താന്‍ബത്തേരി: നോമ്ബുകാലമെത്തിയതോടെ കോഴിയിറച്ചിവില സാധാരണക്കാരന്റെ കീശ കാലിയാക്കുമെന്നുറപ്പായി. ഒരാഴ്ചയായി കോഴിയിറച്ചിവില കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച ഒരു കിലോ ഇറച്ചിക്ക് വില 220 രൂപയ്ക്ക് മുകളിലെത്തി. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഓരോ ദിവസവും വിലയില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നത്. ജില്ലയിലെ പലസ്ഥലങ്ങളിലും പല വിലയാണ് ഈടാക്കുന്നത്.
ബത്തേരി, കല്പറ്റ ഇറച്ചി 220 രൂപ കോഴി-160 രൂപ
പുല്പള്ളി ഇറച്ചിക്ക്-210, കോഴിക്ക്-150
മാനന്തവാടി ഇറച്ചിക്ക്-200, കോഴി -140
അമ്ബലവയല്‍ ഇറച്ചി- 210, കോഴി-170
കഴിഞ്ഞയാഴ്ചവരെ 180 രൂപയില്‍ താഴെയായിരുന്ന ഇറച്ചിവിലയാണ് ഒറ്റയടിക്ക് 200 രൂപയ്ക്ക് മുകളിലെത്തിയത്. കോഴിവിലയും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് 160 രൂപയാണ് ശരാശരിവില. വരുംദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍നിന്നുള്ള സൂചന. രണ്ടുദിവസത്തിനുള്ളില്‍ ഇറച്ചിക്ക് 270 രൂപവരെ വിലയെത്തുമെന്നാണ് ബത്തേരിയിലെ വ്യാപാരികള്‍ പറയുന്നത്. ജൂണ്‍ മാസം മുഴുവന്‍ വില ഉയര്‍ന്നുനില്‍ക്കും. പെരുന്നാള്‍ ആവുമ്ബോഴേക്കും മുന്നൂറിലെത്തിയാലും അദ്ഭുതപ്പെടാനില്ല.
വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ സീസണായതിനാല്‍ ആവശ്യക്കാര്‍ കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വില വര്‍ധിച്ചത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കോഴിവരവിലുണ്ടായ കുറവാണ് വിലകൂടാനുള്ള പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ചൂടുകൂടിയതും ജലക്ഷാമവും മൂലം കോഴിക്കുഞ്ഞുങ്ങള്‍ വ്യാപകമായി ചത്തൊടുങ്ങുന്ന അവസ്ഥയാണ്. കോഴി ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ ഫാമുടമകളും മൊത്തവിതരണക്കാരും വിലകൂട്ടിയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
എന്നാല്‍, നോമ്ബുസീസണ്‍ മുതലെടുത്ത്, കൊള്ളലാഭം കൊയ്യുന്നതിനുവേണ്ടിയാണ് വിലവര്‍ധനയെന്നാണ് ഉപഭോക്താക്കളുടെ പരാതി. ജില്ലയില്‍ പ്രാദേശികമായ കോഴി ഉത്പാദനം വളരെ കുറവാണ്. വന്‍കിട ഫാമുകളും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള മൊത്തവിതരണക്കാരുമാണ് ജില്ലയിലെ കോഴിയിറച്ചി കച്ചവടക്കാരുടെ പ്രധാന ആശ്രയം. ഫാമുകളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും കോഴി എത്തിച്ചുനല്‍കുന്നത് ഒരേ ഇടനിലക്കാരാണ്. ഇതിനാല്‍ മാര്‍ക്കറ്റിലെ വില നിയന്ത്രിക്കുന്നതും ഇവരാണ്. കോഴിയിറച്ചിവില കൊക്കിലൊതുങ്ങാതായതോടെ ഹോട്ടല്‍വ്യാപാരികളും വെട്ടിലായിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന വിലവര്‍ധന, കോഴിയിറച്ചിവിഭവങ്ങളുടെ വില്പനയെയും സാരമായി ബാധിക്കുന്നുണ്ട്.
കോഴിയിറച്ചിയുടെ വില പ്രാദേശികമാര്‍ക്കറ്റുകളില്‍ ക്രമാതീതമായി വര്‍ധിച്ചെങ്കിലും ബ്രഹ്മഗിരി മലബാര്‍ മീറ്റ് കോഴിയിറച്ചിവില വര്‍ധിപ്പിക്കാത്തത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നുണ്ട്. മലബാര്‍ മീറ്റിന്റെ സ്പെഷ്യല്‍ കോഴിയിറച്ചി 170 രൂപ വിലയ്ക്കാണ് വില്കുന്നത്.