2017, മേയ് 23, ചൊവ്വാഴ്ച

ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത്


കൊച്ചി : ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹർജിയിൽ ബി.സി.സി.ഐയുടെ ഇടക്കാല അദ്ധ്യക്ഷൻ വിനോദ് റായ് അടക്കമുള്ളവർക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ഹർജി ജൂൺ 19 ന് വീണ്ടും പരിഗണിക്കും. 
ഒത്തുകളി വിവാദത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് നീക്കാത്തതു ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്ത ഈ ഹർജിയിൽ ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച്  ഇടക്കാല അദ്ധ്യക്ഷൻ വിനോദ് റായ്, സമിതിയംഗങ്ങളായ വിക്രം ലിമായേ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുൾജി എന്നിവരെ കേസിൽ കക്ഷിയാക്കിയിരുന്നു. തുടർന്നാണ് ഇവർക്ക് നോട്ടീസ് നൽകി നിലപാടു തേടാൻ ഇന്നലെ ഹൈക്കോടതി നിർദേശിച്ചത്. 
എൻ. ശ്രീനിവാസൻ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന കാലത്താണ് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് സുപ്രീം കോടതി ബി.സി.സി.ഐയുടെ ഭരണസമിതി പിരിച്ചു വിട്ട് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സമിതിയെ നിയോഗിച്ചു. ‌ ഈ സാഹചര്യത്തിൽ ഇടക്കാല സമിതിയുടെ നിലപാടിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ കക്ഷി ചേർക്കാൻ ശ്രീശാന്ത് അപേക്ഷ നൽകിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ