കൊച്ചി: കാലിചന്തകളില്‍ കശാപ്പിന് കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ പിന്തുണച്ച് കേരളാ ഹൈക്കോടതി. കന്നുകാലികളെ കശാപ്പ് ചെയ്യാനോ മാംസാഹാരം കഴിക്കാനോ നിരോധനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടിഎസ് സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ വായിച്ചുനോക്കാതെയാണ് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു.
മാംസാഹാരം കഴിക്കുന്നതോ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതോ ആരും നിരോധിച്ചിട്ടില്ല. കന്നുകാലിച്ചന്തകളില്‍ കശാപ്പിനായി മാടുകളെ വില്‍ക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലുകളെ കശാപ്പിനായി വില്‍ക്കുന്നതിന് തടസമില്ല. കോടതി ചൂണ്ടിക്കാട്ടി.
ഇതില്‍ എവിടെയാണ് മൗലികാവകാശ ലംഘനം, എവിടെയാണ് തൊഴിലെടുക്കാനുള്ള അവകാശം ഇല്ലാതാകുന്നത്. കോടതി ചോദിച്ചു. കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് സജി ഹര്‍ജി പിന്‍വലിച്ചു. വിജ്ഞാപനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട മറ്റ് ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
കേന്ദ്രവിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഹൈക്കോടതിയുടെ നിലപാട് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ