2017, മേയ് 8, തിങ്കളാഴ്‌ച

സി.എസ്‌.ഐ ഇമ്മാനുവല്‍ പള്ളി കൊച്ചി മഹായിടവകയിലെ ആദ്യ കത്ത്രീഡല്‍




കൊച്ചി: ബ്രോഡ്‌വേ സി.എസ്‌.ഐ ഇമ്മാനുവല്‍ പള്ളിയെ സി.എസ്‌.ഐ കൊച്ചി മഹായിടവകയിലെ ആദ്യ കത്ത്രീഡലായി ഉയര്‍ത്തി. 110 വര്‍ഷത്തെ ആത്മീയ പാരമ്പര്യത്തിനും സുസ്ഥിര സാമൂഹിക സേവനത്തിനുമുള്ള അംഗീകാരമായി 2017 മാര്‍ച്ച്‌ 14ന്‌ നടന്ന മൂന്നാമത്‌ മഹായിടവക കൗണ്‍സിലില്‍ ബിഷപ്‌ ബേക്കര്‍ നൈനാന്‍ ഫെന്നാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്‌. തുടര്‍ന്ന്‌ പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ പള്ളികളുടെ മോഡറേറ്റര്‍ റവ. തോമസ്‌ കെ. ഉമ്മന്‍ തിരുമേനി, സി.എസ്‌.ഐ ഇമ്മാനുവല്‍ പള്ളിയെ കത്ത്രീഡലായി ഉയര്‍ത്തുന്ന ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ റവ. ബേക്കര്‍ നൈനാന്‍ ഫെന്‍ അധ്യക്ഷത വഹിച്ചു.

ഓരോ ഇടവകകളും വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ടെന്ന്‌ റവ. ബേക്കര്‍ നൈനാന്‍ ഫെന്‍ സദസിനെ ഓര്‍മ്മിപ്പിച്ചു. മനസ്സില്‍ നന്മയുള്ളവന്റെയൊപ്പമാണ്‌ ദൈവം. ചെറുതില്‍നിന്നും കത്ത്രീഡല്‍ പദവിയുള്ള വലിയൊരു പള്ളിയായി സി.എസ്‌.ഐ ഇമ്മാനുവല്‍ ചര്‍ച്ച്‌ മാറുമ്പോള്‍ ബൗദ്ധികവും ആത്മീയവുമായി വിശ്വാസികള്‍ക്ക്‌ ഇതുവരെ നല്‍കിവന്നിരുന്ന ഒരു കാര്യത്തിലും കുറവുണ്ടാകാതിരിക്കാന്‍ നാം എന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ കാത്തുസൂക്ഷിക്കേണ്ട മതസൗഹാര്‍ദത്തിന്റെ ആവശ്യകത റവ. തോമസ്‌ കെ. ഉമ്മന്‍ തിരുമേനി ഉദ്‌ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. വിവിധ മതസ്രേഷ്‌ഠന്മാര്‍ സമ്മേളനത്തില്‍ പങ്കാളിത്തമറിയുക്കുകവഴി മത സൗഹാര്‍ദത്തിന്റെ സന്ദേശം ജനങ്ങളിലേക്ക്‌ എത്തിക്കുവാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര്‍വ്വികര്‍ പിന്തുടര്‍ന്ന മതസൗഹാര്‍ദ്ദം സമൂഹത്തില്‍ തുടര്‍ന്നും അനിവാര്യമാണെന്ന്‌ സ്വാമി സുരേന്ദ്ര നാഥ്‌(നെച്ചിമേ ആശ്രമം) വ്യക്തമാക്കി. കത്ത്രീഡല്‍ പദവി ആഘോഷം ഒരു മതത്തിന്റേത്‌ മാത്രമായി ഒതുക്കാതിരുന്ന സംഘാടന മികവ്‌ വരുംതലമുറയ്‌ക്കുള്ള മാതൃകയാണെന്ന്‌ ഹുസൈന്‍ ബാദ്രി(അറബിക്‌ അക്കാദമി, എഫ്‌.എഫ്‌.ഐ.ഡി എറണാകുളം) പറഞ്ഞു. റവ. ഡോ. വി. പ്രസാദ റാവു (സി.എസ്‌.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍, ദ്രോണക്കല്‍ ഇടവക ബിഷപ്‌), റവ. ഡോ. ഡി. രത്‌നാകര സദാനന്ദ (ജനറല്‍ സെക്രട്ടറി, സി.എസ്‌.ഐ), അഡ്വ. റി റോബര്‍ട്ട്‌ ബ്രൂസ്‌ (ട്രഷറര്‍), റവ. ഡോ. കെ.ജി ഡാനിയേല്‍ (സി.എസ്‌.ഐ കിഴക്കന്‍ കേരള ഇടവക ബിഷപ്‌), റവ. ഡോ. പി.ജി കുരുവിള (മുന്‍ ബിഷപ്‌, സി.എസ്‌.ഐ വടക്കന്‍ കേരള ഇടവക), റവ. തോമസ്‌ സാമുവല്‍ (സി.എസ്‌.ഐ മധ്യകേരള മുന്‍ ബിഷപ്‌), പ്രൊഫ. കെ.വി തോമസ്‌ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ മതപണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുത്തു.


ചിത്രത്തില്‍: സി.എസ്‌.ഐ ഇമ്മാനുവല്‍ ചര്‍ച്ച്‌ കത്ത്രീഡല്‍ പദവി ആഘോഷങ്ങളോട്‌ അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം റവ. തോമസ്‌ കെ. ഉമ്മന്‍ തിരുമേനി ഉദ്‌ഘാടനം ചെയ്യുന്നു.

ഇടത്തുനിന്ന്‌: റവ. പ്രദീപ്‌ ജോര്‍ജ്ജ്‌, ഹുസൈന്‍ ബാദ്രി, ഹൈബി ഈഡന്‍ എം.എല്‍.എ, പ്രൊഫ. കെ.വി തോമസ്‌ എം.പി, റവ. ബേക്കര്‍ നൈനാന്‍ ഫെന്‍, റവ. ഡോ. പ്രസാദ്‌ റാവു, റവ. ഡോ. സദാനന്ദ, അഡ്വ സി. റോബര്‍ട്ട്‌ ബ്രൂസ്‌, റവ. ജേക്കബ്‌ ജോണ്‍, ജിബു ജോസ്‌ തുടങ്ങിയവര്‍ സമീപം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ