2017, മേയ് 8, തിങ്കളാഴ്‌ച

ശ്രീകുറുംബ ട്രസ്റ്റിന്റെ സ്‌ത്രീധനരഹിത സമൂഹവിവാഹത്തില്‍ 21 യുവതികള്‍ക്ക്‌ മാംഗല്യം






വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ്‌ ചാരിറ്റബ്‌ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ആദ്യഘട്ട സ്‌ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട്‌ ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 19ാമത്‌ വര്‍ഷത്തെ സമൂഹവിവാഹത്തില്‍ 21 യുവതികളാണ്‌ സുമംഗലികളായത്‌. ഇതോടെ 2003 മുതല്‍ ട്രസ്റ്റ്‌ നടത്തി വരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 550 ആയി. ടസ്റ്റ്‌ ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ 2500ലേറെ വരുന്ന ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ്‌ ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത്‌. 

ഓരോ യുവതിക്കും നാലരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍, വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയും ട്രസ്റ്റ്‌ നല്‍കി. അതത്‌ വധൂവരന്മാരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളാണ്‌ ഒരുക്കിയിരുന്നത്‌. ഓരോ ദമ്പതിമാരുടേയും ഭാഗത്തു നിന്നും 50 പേരെ വീതം ക്ഷണിച്ചിരുന്നു. കൂടാതെ വിവാഹസദ്യയും ഒരുക്കിയിരുന്നു. വിവാഹത്തിന്‌ മുമ്പ്‌ യുവതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആരോഗ്യം, ശുചിത്വം, പെരുമാറ്റം എന്നിവയ്‌ക്ക്‌ ഊന്നല്‍ നല്‍കികൊണ്ടുള്ള കൗണ്‍സലിങ്ങും ട്രസ്റ്റ്‌ ഒരുക്കുന്നു. വിവാഹശേഷം ഇവരുടെ മുന്നോട്ടുള്ള ജീവിതവും ഇടവേളകളില്‍ ട്രസ്‌റ്റ്‌ നിരീക്ഷിക്കുകയും അവര്‍ക്ക്‌ ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 

ശോഭാ ലിമിറ്റഡ്‌ ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോന്റെ കുടുംബാംഗങ്ങള്‍ക്കും ട്രസ്‌റ്റംഗങ്ങള്‍ക്കും പുറമേ സി.എന്‍.ജയദേവന്‍ എംപി, കെ.ഡി. പ്രസേനന്‍ എംഎല്‍എ, മുന്‍ മന്ത്രിമാരായ കെ.ഇ. ഇസ്‌മയില്‍, വി.സി. കബീര്‍, കിഴക്കഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിതാ മാധവന്‍, വടക്കഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിതാ പോള്‍സണ്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 

ഫോട്ടോ ക്യാപ്‌ഷന്‍: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ്‌ ചാരിറ്റബ്‌ള്‍ ട്രസ്റ്റിന്റെ സമൂഹവിവാഹത്തില്‍ വിവാഹിതരായ ദമ്പതിമാര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ