2017, മേയ് 23, ചൊവ്വാഴ്ച

മുത്തലാഖ്‌ അനുവദിക്കരുതെന്നു ജമാഅത്ത്‌ കൗണ്‍സില്‍



കൊച്ചി നഗരസഭയുടെ കരാര്‍ 
പണികള്‍ നിര്‍ത്തിവെക്കുന്നു
കൊച്ചി : കരാര്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ 29 മുതല്‍ കോര്‍പറേഷന്റെ എല്ലാ പണികളും നിര്‍ത്തിവയ്‌ക്കുമെന്ന്‌ കരാറുകാര്‍. 21 മാസത്തെ കുടിശികയായ 50 കോടിയോളം രൂപ കുടിശികയുണ്ടെന്ന്‌ കൊച്ചിന്‍ കോര്‍പര്‍േഷന്‍ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ഓഗസ്‌ത്‌ മുതലുള്ള ബില്ലുകള്‍ കുടിശികയാണ്‌. 2016-17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയ 93 പ്രവര്‍ത്തികളുടെ എട്ടുകോടിയോളം രൂപ ട്രഷറിയില്‍നിന്ന്‌ ലഭിക്കാനുണ്ട്‌.
നഗരസഭയുടെ ഖജനാവില്‍ ആവശ്യത്തിനു പണം നീക്കിയിരിപ്പുള്ളപ്പോഴാണ്‌ കരാറുകാര്‍ക്ക്‌ പണം നല്‍കാത്തത്‌. എല്ലാവര്‍ഷവും മാര്‍ച്ചില്‍ കരാറുകാര്‍ക്ക്‌ ലഭിക്കുന്ന കുടിശിക പണം മെയ്‌ അവസാനമായിട്ടും ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക്‌ നിരവധി തവണ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല. സെക്രട്ടറി വല്ലപ്പോഴും ഒപ്പിടുന്ന ബില്ലുകള്‍ സീനിയോറിട്ട്‌ മറികടന്നുമാണ്‌. ഈ സാഹര്യത്തിലാണ്‌ പണി നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ പ്രസിഡന്റ്‌ എം സെയ്‌തുകുഞ്ഞ്‌, സെക്രട്ടറി കെ എ ഡേവിഡ്‌ എന്നിവര്‍ പറഞ്ഞു.

മുത്തലാഖ്‌ അനുവദിക്കരുതെന്നു ജമാഅത്ത്‌ കൗണ്‍സില്‍ 

കൊച്ചി : ഒരു കാരണവശാലും മുത്തലാഖ്‌ അനുവദിക്കരുതെന്ന്‌ കേരള മുസ്ലീം ജമാ അത്ത്‌ കൗണ്‍സില്‍. മുത്തലാഖ്‌ അംഗീകരിച്ച്‌ നടപ്പാക്കാന്‍ മഹല്ല്‌ ജമാ അത്തുകള്‍ തയ്യാറാകരുതെന്നും ഇക്കാര്യം അറിയിച്ച്‌ ജമാ അത്തുകള്‍ക്ക്‌ സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. എ.പൂക്കുഞ്ഞ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവാഹം, അടിയന്തര സാഹചര്യങ്ങളിലെ വിവാഹമോചനം എന്നിവ ശരീഅത്ത്‌ നിയമത്തിന്റെ അടിസ്ഥാനത്തില്‍മാത്രം നടത്താന്‍ മഹല്ല്‌ കമ്മിറ്റികള്‍ തയ്യാറാകണം. ചില ഖാസിമാര്‍ ശരീഅത്ത്‌ നിയമത്തിന്റെ മറവില്‍ മുത്തലാഖ്‌ അനുവദിക്കുന്നത്‌ അംഗീകരിക്കാനാകില്ല. ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ സുപ്രീംകോടതിയിലെ വാദഗതികളെ കേരള മുസ്ലീം ജമാഅത്ത്‌ കൗണ്‍സില്‍ പിന്താങ്ങുന്നു. എന്നാല്‍, മുത്തലാഖിന്റെ പേരില്‍ ഭരണഘടന അനുശാസിക്കുന്ന വ്യക്തിനിയമം ഭേദഗതി ചെയ്യാനാണ്‌ ഫാസിസ്‌റ്റ്‌ ശക്തികള്‍ ശ്രമിക്കുന്നതെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 
സുപ്രീകോടതിയുടെ ചില നിര്‍ദേശങ്ങള്‍ രാജ്യത്തെ 20 കോടിയോളംവരുന്ന മുസ്ലീങ്ങളുടെ വിശ്വാസത്തെയും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും ഹനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രഷറര്‍ മാവുടി മുഹമ്മദ്‌ ഹാജി, ജില്ലാ സെക്രട്ടി സിഐ പരീത്‌, കാരോത്തുകുഴി ഹൈദ്രോസ്‌ ഹാജി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


കിക്ക്‌ ബോക്‌സിങ്ങ്‌ ഫുള്‍ കോണ്ടാക്ട്‌ 
പ്രവര്‍ത്തനം ആരംഭിക്കുന്നു 

കൊച്ചി: സമുറായ്‌ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ്‌ അക്കാദമിയുടെ പ്രവര്‍ത്തനം വ്യാഴാഴ്‌ച മുതല്‍ കാക്കനാട്‌ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ 4.30ന്‌ അക്കാദമിയുടെ ഉദ്‌ഘാടനം കൊച്ചി സിറ്റി റേഞ്ച്‌ ഐ.ജി. പി. വിജയന്‍ നിര്‍വഹിക്കും. സ്‌പോര്‍ട്ട്‌സ്‌ രീതിയിലുള്ള പോയിന്റ്‌ സിസ്റ്റത്തില്‍ നിന്ന്‌ വ്യതസ്യസ്‌തമായ റിയല്‍ ഫൈറ്റിങ്ങാണ്‌ സമുറായില്‍ പരിശീലിപ്പിക്കുന്നത്‌. ഷിഡോകോണ്‍ ഫുള്‍ കോണ്ടാക്ട്‌ കരാട്ടേ, ജപ്പാന്‍ കിക്ക്‌ ബോക്‌സിങ്ങ്‌ എന്നിവയ്‌ക്കായി ദിവസവും രണ്ട്‌ ബാച്ചുകളിലായി പരിശീലനം നല്‌കുമെന്ന്‌ സെന്‍സെയ്‌ അഹമ്മദ്‌ മൂസ പറഞ്ഞു. കൂടാതെ താത്‌പര്യമുള്ളവര്‍ക്ക്‌ അവര്‍ക്ക്‌ അനുയോജ്യമായ സമയത്ത്‌ പ്രത്യേക പരിശീലനവും കൊടുക്കുന്നതാണെന്ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പെപ്‌ ടോക്‌ സീരിയസിനു തുടക്കം 
കൊച്ചി: സ്‌മാര്‍ട്ട്‌ സ്‌കൂള്‍ ഓഫ്‌ എന്‍ട്രപ്രണേര്‍സ്‌ കുസാറ്റുമായി സഹകരിച്ചു നടത്തുന്ന പെപ്‌ ടോക്‌ സീരിയസ്‌ ജൂലൈ മുന്നിന്‌ ആരംഭിക്കും. നാലു സെഷനുകളായി നടത്തുന്ന പരിശീലനത്തിലൂടെ എങ്ങനെ മികച്ച സംരംഭകരാകാമെന്നുള്ളതില്‍ പ്രാവീണ്യം ലഭിക്കുമെന്നു സ്‌മാര്‍ട്ട്‌ ചെയര്‍മാന്‍ സന്തോഷ്‌ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ കൊച്ചിക്കു പുറമെ കണ്ണൂരിലും കോഴിക്കോടുമാണ്‌ സ്‌മാര്‍ട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ