2017, മേയ് 22, തിങ്കളാഴ്‌ച

ബിപിസിഎല്‍ തൊഴിലാളികള്‍ അവകാശ പ്രഖ്യാപന സമ്മേളനം നടത്തും




കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെയും ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെയും ബിപിസിഎല്‍ ജനറല്‍ കോണ്‍ട്രാക്‌ട്‌ മസ്‌ദൂര്‍ സംഘിന്റെ (എഐടിയുസി) നേതൃത്വത്തില്‍ കരാര്‍ തൊഴിലാളികള്‍ അവകാശ പ്രഖ്യാപന സമ്മേളനം നടത്തും. 25ന്‌ രാവിലെ ഏഴിന്‌ കൊച്ചി റിഫൈനറി മുഖ്യഗേറ്റിനു സമീപം നടത്തുന്ന അവകാശ പ്രഖ്യാപനസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ബിപിസിഎല്‍ ജനറല്‍ കോണ്‍ട്രാക്‌ട്‌ മസ്‌ദൂര്‍ സംഘ്‌ ജനറല്‍ സെക്രട്ടറി ഗോപാല കൃഷ്‌ണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടിയിറക്കപ്പെട്ടവര്‍ക്കും തദ്ദേശ വാസികള്‍ക്കും നിലവിലുള്ള കരാര്‍ പ്രകാരം ജോലി ചെയ്യുക, ഇതരസംസ്ഥാന തൊഴിലാളികളെ അടിമപ്പണിയില്‍ നിന്ന്‌ മോചിപ്പിച്ച്‌ തുല്യ ജോലിക്ക്‌ തുല്യവേതനം നടപ്പാക്കുക, റീജണല്‍ ലേബര്‍ കമ്മീഷണര്‍ കോണ്‍ട്രാക്‌ടേഴ്‌സ്‌ അസോസിയേഷന്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവര്‍ ബിപിസിഎല്‍ മാനേജ്‌മെന്റിന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ട കരാര്‍ പ്രകാരമുള്ള വേതനവും മറ്റു ആനുകൂല്യങ്ങളും വിവേചനമില്ലാതെ എല്ലാ തൊഴിലാളികള്‍ക്കും നല്‍കുക എന്നീ ആവശ്യങ്ങളാണ്‌ ജനറല്‍ കോണ്‍ട്രാക്‌ട്‌ മസ്‌ദൂര്‍ സംഘ്‌ (എഐടിയുസി) ഉന്നയിക്കുന്നത്‌. കൂടാതെ റിഫൈനറിയുടെ മലിനീകരണം മൂലം പൊറുതി മുട്ടിയ തദ്ദേശവാസികള്‍ക്ക്‌ നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ നല്‍കും എന്ന്‌ പ്രസിദ്ധപ്പെടുത്തി ഫോറങ്ങള്‍ വിതരണം ചെയ്‌തെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. ബിപിസിഎല്‍ മാനേജ്‌മെന്റിന്റെ ഇത്തരം തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ മാറ്റം വരേണ്ടതുണ്ടെന്ന്‌ എഐടിയുസി ജില്ലാജോയിന്റ്‌ സെക്രട്ടറി ടി സി സന്‍ജിത്ത്‌ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിപിസിഎല്‍ ജനറല്‍ കോണ്‍ട്രാക്‌ട്‌ മസ്‌ദൂര്‍ സംഘ്‌ ഭാരവാഹികളായ പി ഡി അജിത്‌കുമാര്‍, ബാബുപോള്‍, ജോര്‍ജ്ജ്‌ വി കുര്യന്‍, എം ടി തങ്കച്ചന്‍ എന്നിവരും പങ്കെടുത്തു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ