2017, മേയ് 22, തിങ്കളാഴ്‌ച

പരാജയങ്ങള്‍ക്കിടയിലെ വിജയം കൂടുതല്‍ സന്തോഷം പകരുന്നതാണെന്ന്‌ നടന്‍ ജയറാം


പരാജയങ്ങള്‍ക്കിടയിലെ വിജയം കൂടുതല്‍ സന്തോഷം പകരുന്നതാണെന്ന്‌ നടന്‍ ജയറാം. 

കൊച്ചി : പരാജയങ്ങള്‍ക്കിടയിലെ വിജയം കൂടുതല്‍ സന്തോഷം പകരുന്നതാണെന്ന്‌ നടന്‍ ജയറാം. അച്ചായന്‍സ്‌ സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കരിയറില്‍ ഒരുപാട്‌ ഏറ്റകുറച്ചിലിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്‌ താന്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷമുള്ള വിജയം കൂടുതല്‍ സന്തോഷം തരും. രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ചെയ്‌ത അച്ചായന്‍സ്‌ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതില്‍ സന്തോഷമുണ്ട്‌. ബാഹുബലിപോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ചെറിയ സിനിമകളെ ബാധിക്കുമെങ്കിലും ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ്‌ അത്തരം ചിത്രങ്ങളെന്നും ലോകം രാജ്യത്തെ ഉറ്റുനോക്കുകയാണെന്നും ജയറാം പറഞ്ഞു. വനിതകള്‍ക്കായുള്ള സിനിമാസംഘടന ആദ്യമായി മലയാളത്തിലാണ്‌ ഉണ്ടായതെന്നത്‌ അഭിമാനകരമാണ്‌. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കൊപ്പം പാണ്ടിമേളം പഠിക്കുകയാണെന്നും അരങ്ങേറ്റം 26ന്‌ കോട്ടയം പനച്ചിക്കാട്‌ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 
മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും ജയറാമിനൊപ്പം അഭിനയിക്കുക എന്നത്‌ ആഗ്രഹമായിരുന്നെന്നും അത്‌ സാധിച്ചുവെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ചിത്രത്തില്‍ ആദ്യമായി ഒരു പാട്ടു പാടാന്‍ കഴിഞ്ഞുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 
മള്‍ട്ടി പ്ലക്‌സുകളില്‍ സിനിമയില്ലാത്തത്‌ വരുമാനത്തെ ബാധിച്ചെന്ന്‌ സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. നടന്‍ സഞ്‌ജു ശിവറാം, നടി ശിവദ, സഹനിര്‍മാതാവ്‌ സി.കെ പദ്‌മകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ