2015, ജൂൺ 30, ചൊവ്വാഴ്ച

സോളാര്‍ തട്ടിപ്പ്‌ - വിഎസിനെ പിണറായി തള്ളി സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന്‌



കൊച്ചി: 
സോളാര്‍ തട്ടിപ്പിന്റെ അന്വേഷണ കാര്യത്തില്‍ വിഎസും പിണറായിയും രണ്ടു ധ്രുവങ്ങളില്‍. വിഎസിന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം പിണറായി തള്ളിക്കളഞ്ഞു.
സോളാര്‍ തട്ടിപ്പിനെക്കുറിച്ച്‌ പുതിയൊരു അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന്‌ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ ആവശ്യം പാര്‍ട്ടിയുടേതല്ലെന്നും പിണറായി സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കി.
സോളാര്‍ തട്ടിപ്പ്‌ നടത്തിയ സരിത, ബിജു രാധാകൃഷ്‌ണന്‍, ടെന്നിജോപ്പന്‍, ശാലുമേനോന്‍ എന്നിവരെക്കുറിച്ച്‌ എസ്‌.ഐ.ടി അന്വേഷിക്കുന്നുണ്ട്‌. ഒരു കേസില്‍ സരിതയേയും ബിജുരാധാകൃഷ്‌ണനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്‌. തട്ടിപ്പില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെക്കുറിച്ച്‌ ജുഡീഷ്യല്‍ കമ്മീഷനും അന്വേഷിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയുടേയൊ ദേശീയ ഏജന്‍സിയുടേയൊ അന്വേഷണമാവശ്യമില്ല. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട്‌ വി.എസ്‌ അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ടിലെ വിശദാംശങ്ങളെക്കുറിച്ച്‌ പാര്‍ട്ടിക്ക്‌ അറിയില്ല. ഇക്കാര്യത്തില്‍ വി.എസ്‌ സ്വീകരിച്ച്‌ നിലപാട്‌ പാര്‍ട്ടിയുടേതായിരുന്നില്ല. പാര്‍ട്ടി അത്തരത്തിലൊരു നിലപാട്‌ കൈക്കൊണ്ടിട്ടില്ല. സോളാര്‍ തട്ടിപ്പില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിട്ട സമയത്ത്‌ തന്നെ അത്തരൊമൊരു അന്വേഷണം നടക്കുമെന്ന്‌ എല്‍.ഡി.എഫിന്‌ അറിയാമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും അന്വേഷണ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയപ്പോഴാണ്‌ എല്‍.ഡി.എഫ്‌ കമ്മീഷനുമായി സഹകരിക്കാതിരുന്നത്‌. 
പിന്നീട്‌ കമ്മീഷന്‍ തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ സഹകരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം നടക്കുന്ന സമയത്ത്‌ സാമാന്യ മര്യാദയനുസരിച്ച്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്‌ മാറി നില്‍ക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
മുഖ്യമന്ത്രിയുടെ ഓഫീസ്‌ കുറ്റവാളികളുടെ താവളമാക്കിയതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കാണ്‌. മുഖ്യമന്ത്രിയുടെ സഹായത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതികള്‍ തട്ടിപ്പ്‌ നടത്തിയിരിക്കുന്നത്‌. സോളാര്‍ പദ്ധതി നടപ്പാക്കുന്നതിലായിരുന്നില്ല സര്‍ക്കാരിന്റെ താത്‌പര്യം. പദ്ധതിയുമായി ബന്ധപ്പെട്ട്‌ തട്ടിപ്പ്‌ നടത്തുന്നതിലായിരുന്നു സര്‍ക്കാരിന്‌ താത്‌പര്യം. സരിതയ്‌ക്ക്‌ മുഖ്യമന്ത്രിയടക്കമുള്ളവരുമായുള്ള അടുപ്പത്തെതുടര്‍ന്നാണ്‌ ടീം സോളാറിന്‌ പണം നല്‍കാന്‍ തയാറായതെന്നാണ്‌ തട്ടിപ്പിനിരയായവര്‍ പറയുന്നത്‌. 
21 പേജുള്ള സരിതയുടെ മൊഴി അട്ടിമറിച്ചതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌. ജയില്‍ ഡി.ഐ.ജി ഗോപകുമാര്‍ സരിതയെ അട്ടക്കുളങ്ങര ജയിലില്‍ വന്നുകണ്ടാണ്‌ ഈ മൊഴിമാറ്റത്തിന്‌ വഴിയൊരുക്കിയത്‌. സരിത മൊഴി മാറ്റുന്നതിന്‌ മുമ്പ്‌ അവരുടെ അമ്മയും മറ്റൊരാളും സരിതയെ ജയിലില്‍ വന്ന്‌ കണ്ടിരുന്നു. ഇതിനു ശേഷമുള്ള സരിതയുടെ മൊഴി മാറ്റം കമ്മീഷന്‍ പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
മന്ത്രിമാരും എം.എല്‍.എമാരും സോളാര്‍ പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ഉന്നത പൊലിസ്‌ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്‌. ഈ രേഖകള്‍ ഐ.ജി ജോസും മറ്റു ചില ഉദ്യോസ്ഥരുമാണ്‌ സ്വരൂപിച്ചത്‌. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പേഴ്‌സണല്‍ സെക്രട്ടറി ടി.കെ രവീന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്‌ ഐ.ജി ടി.ജെ ജോസാണെന്ന്‌ ആഭ്യന്തര വകുപ്പിനറിയാമായിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി സെന്‍കുമാര്‍ ഡി.ജി.പിയോട്‌ ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയിടപ്പെട്ടാണ്‌ ടി.ജെ ജോസിനെതിരായ നടപടി തടഞ്ഞത്‌. മുഖ്യമന്ത്രി പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന സമയത്ത്‌ ജോസിനെ പിണക്കുന്നത്‌ അപകടമാണെന്ന തിരിച്ചറിവാണ്‌ ഇതിനുകാരണം. പൊലിസ്‌ ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഫോണ്‍ രേഖയിലെ വിശദാംശങ്ങളെക്കിറിച്ച്‌ മുഖ്യമന്ത്രിയ്‌ക്കും മറ്റു മന്ത്രിമാര്‍ക്കും അറിയാം. 2011 മുതല്‍ 2013 വരേയുള്ള സമയത്ത്‌ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചവരുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലില്‍ നിന്ന്‌ വിളിച്ചുവരുത്തി കമ്മീഷന്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ മന്ത്രിമാരടക്കമുള്ളവര്‍ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ക്ക്‌ പണം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി സരിത എഴുതിയ കത്ത്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാതിരുന്നത്‌ കേസ്‌ അട്ടിമറിക്കാനായിരുന്നുവെന്നും പിണറായി പറഞ്ഞു. 


സര്‍ക്കാരിനെതിരേയുള്ള ജനവികാരം അരുവിക്കരയില്‍ പ്രതിഫലിച്ചില്ല : പിണറായി

കൊച്ചി:സര്‍ക്കാരിനെതിരേയുള്ള ജനവികാരം അരുവിക്കരയില്‍ പ്രതിഫലിച്ചില്ലെന്നും സ്വാഭാവികമായുണ്ടായ സഹതാപതരംഗമാണ്‌ ശബരിനാഥിനെ വിജയിപ്പിച്ചതെന്ന്‌ സിപിഎം നേതാവ്‌ പിണറായി വിജയന്‍.എറണാകുളം ഗസ്‌റ്റ്‌ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനവികാരത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്‌ യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടായത്‌.പണത്തിന്റേയും പ്രലോഭനത്തിന്റെയും മറ്റ്‌ തരത്തിലുള്ള സ്വാധീനിക്കലിന്റെയും വിജയമാണിത്‌.അരുവിക്കരയില്‍ ഉമ്മന്‍ചാണ്ടി സാധാരണയില്‍ കവിഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.യു.ഡി.എഫി ന്‌ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഒരുക്കികൊടുത്തു. തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ആസൂത്രിതമായ രീതിയില്‍ പണമിറക്കി.ജനവിധി അംഗീകരിക്കുന്നു. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫിനെ കൂടുതല്‍ ശക്‌തിപ്പെടുത്തും.ബി.ജെ.പിക്ക്‌ 25000 വോട്ട്‌ ലഭിക്കുമെന്ന്‌ സി.പി.എം പ്രതീക്ഷിച്ചിരുന്നു. എല്‍.ഡി.ഫി ന്റേയും യു.ഡി.എഫിന്റേയും വോട്ട്‌ ബി.ജെ.പിക്ക്‌ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2015, ജൂൺ 29, തിങ്കളാഴ്‌ച

കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്‌ത്രവ്യാപാര സ്‌റ്റോര്‍ ആദ്യ ദിവസം തന്നെ പൂട്ടിപ്പോയോ...?



കൊച്ചി: കൊട്ടിഘോഷിച്ച്‌ തുടങ്ങിയ കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്‌ത്രവ്യാപാര സ്‌റ്റോര്‍ ആദ്യ ദിവസം തന്നെ പൂട്ടിപ്പോയോ...? അതോ അത്‌ തുടങ്ങാനിരിയ്‌ക്കുന്നതേ ഉള്ളോ..? ലക്ഷ്യ എന്ന്‌ പേരിട്ടിരിക്കുന്ന ഷോപ്പിന്റെ വെബ്‌സൈറ്റില്‍ പോയി നോക്കിയാല്‍ അങ്ങനെ ഒരു സംശയം തോന്നും. കാരണം കമിംഗ്‌ സൂണ്‍ എന്നാണ്‌ അവിടെ എഴുതി വച്ചിരിയ്‌ക്കുന്നത്‌. ഓണ്‍ലൈനില്‍ വസ്‌ത്രം വാങ്ങാനും ഇപ്പോള്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ്‌ 'ലക്ഷ്യ' ഉദ്‌ഘാടനം ചെയ്‌തത്‌. കൊച്ചി ലുലുമാളിലെ ലുലു മാരിയട്ട്‌ ഹോട്ടലില്‍ വച്ചായിരുന്നു ഉദ്‌ഘാടനം. വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം സിനിമാ നടനും എംപിയും ആയ ഇന്ന സെന്റ്‌ ആണ്‌ നിര്‍വ്വഹിച്ചത്‌. കാവ്യയുടെ ഓണ്‍ലൈന്‍ ഷോപ്പിനെ കുറിച്ച്‌ വേറേയും ഉണ്ട്‌ ചില സംശയങ്ങള്‍

2015, ജൂൺ 23, ചൊവ്വാഴ്ച

കൊച്ചി നഗരത്തില്‍ നല്ല ഇറച്ചി ഇനി വീടുകളില്‍ എത്തിതുടങ്ങും


മെമു എത്തുന്നത്‌ ഏറെ തടസങ്ങള്‍ പിന്നിട്ട്‌



കോമിന്‍കോ ബിനാനി പൂട്ടുന്നു, പൂട്ടരുതെന്ന്‌ ട്രേഡ്‌ യൂണിയനുകള്‍


മെമു ഓടിത്തുടങ്ങി


മര്‍ദ്ദനമേറ്റ യുവാവിനെ പോലീസ്‌ പ്രതിയാക്കി



പഞ്ചായത്ത്‌്‌ തിരഞ്ഞെടുപ്പിനു കൊച്ചി ഒരുങ്ങിത്തുടങ്ങി


മഹാരാജാസിന്റെ ഓട്ടോണോമസിനെതിരെ സമരം ശക്തമായി


കാക്കനാട്ടെ പാണ്ടവാസ്‌ കേവ്‌ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍




2015, ജൂൺ 22, തിങ്കളാഴ്‌ച

സ്‌മൃതി ഇറാനിയുടെ ബിരുദം അന്വേഷണം വേണമെന്ന്‌ പ്രഹ്ലാദ്‌ മോദി


നീറ്റ ജലാറ്റിന്‍ കമ്പനി അടച്ചുപൂട്ടണം-ആക്‌ഷന്‍ കൗണ്‍ലില്‍




കൊച്ചി
കഴിഞ്ഞ 35 വര്‍ഷമായി മലിനീകരണം തടയാന്‍ കഴിയാത്ത നീറ്റാ ജലാറ്റിന്‍ കമ്പനി ഇനി ഒരു നിമിഷം വൈകാതെ അടച്ചുപൂട്ടണമെന്ന്‌ ആക്‌്‌ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കമ്പനിക്ക്‌ കീഴ്‌ ഭാഗത്ത്‌ ചാലക്കുടി പുഴയിലെ ജലം ഉപയോഗിക്കുന്ന പ്രദേശത്ത്‌ ഒരു വിദേശ ഏജന്‍സിയെക്കൊണ്ട്‌ പഠനം നടത്തണമെന്നും പരിസരവാസികള്‍ക്ക്‌ അടിയന്തിര ചികിത്സാ സഹായം നല്‍കണമെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. 
നീറ്റ ജെലാറ്റിന്‍ ഉയര്‍ത്തുന്ന മാലിന്യപ്രശനത്തെക്കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നാഗ്‌പൂര്‍ കേന്ദ്രമായ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിംഗ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിനെയാണ്‌ (നീറി) ഏര്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍ നീറി നല്‍കിയ റിപ്പോര്‍ട്ട്‌ തൃശൂര്‍ ജില്ലാ കലക്ടറും കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്നു പൂഴ്‌ത്തിവെക്കുകയായിരുന്നുവെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ഇരുകൂട്ടരെയും അടിയന്തിരമായി സസ്‌പെന്‍ഡ്‌ ചെയ്യണമെന്നും ,കമ്പനി സര്‍ക്കാര്‍ എത്രയും വേഗം ഏറ്റെടുത്ത്‌ അവിടെ ശുദ്ധജല നിര്‍മ്മാണ കമ്പനി നടത്തി തൊഴിലാളികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്നര പതിറ്റാണ്ടായി കാതികൂടം ഗ്രാമത്തെയും ചാലക്കുടി പുഴയുടെ ശുദ്ധജലത്തെയും ആശ്രയിച്ചു ജീവിക്കുന്ന നാല്‌ ദശലക്ഷത്തോളം ജനങ്ങളെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വഞ്ചിച്ചതായും ആരോപണമുയര്‍ന്നു. കമ്പനിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ ഒന്നും പാടില്ലെന്നാണെങ്കിലും 50 മീറ്റര്‍ ചുറ്റളവില്‍ തന്നെ 46 ഓളം കുടുംബങ്ങളാണ്‌ താ്‌മസിക്കുന്നത്‌. അതേപോലെ എറണാകുളം ,തൃശൂര്‍ ജില്ലകളിലായി അന്നമനട, കാടുകുറ്റി, പുത്തന്‍വേലിക്കര,കുന്നുകര തുടങ്ങിയ 18ഓളം പഞ്ചായത്തുകളാണ്‌ കുടിവെള്ളത്തിനായി ചാലക്കുടി പുഴയെ ആശ്രയിക്കുന്നത്‌.
ഒരു പൊതുജലാശയത്തിലേക്കു ശുദ്ധീകരിച്ച മലിനജലം ഒഴുക്കുന്നതിനു ഇന്ത്യന്‍ നിലവാര പ്രകാരം 29 വസ്‌തുക്കളുടെ പരമാവധി അളവ്‌ നിശ്ചിയിച്ചിട്ടുള്ളതാണ്‌. അതായത്‌ ഉപയോഗശൂന്യമായ മലിനജലത്തില്‍ 29വസ്‌തുക്കളുടെ അളവ്‌ ഈ പരിധിയില്‍ താഴെ ആയിരിക്കണമെന്നു കര്‍ശനമായി നിഷ്‌്‌കര്‍ച്ചിട്ടുണ്ട്‌. എന്നാല്‍ 1979 മുതല്‍ നാളിതുവരെ ഇവിടെ കേവലം എട്ടു പദാര്‍ത്ഥങ്ങളുടെ അളവ്‌ മാത്രമാണ്‌ പരിശോധിച്ചിട്ടുള്ളത്‌. കമ്പനിക്ക്‌ അനൂകൂലമായ എട്ടു പദാര്‍ത്ഥങ്ങള്‍ മാത്രം കേരള പിസിബി പരിശോധിച്ച്‌ ഈ കമ്പനി ചാലക്കുടി പുഴയിലേക്ക്‌ ഒഴുക്കുക്കുന്നതെന്നും ബോധിപ്പിച്ച്‌ കോടതികളെയും പൊതു സമൂഹത്തേയും ചതിക്കുകയായിരുന്നു. എട്ട്‌ ഇനങ്ങളില്‍ നിന്നും ക്ലോറൈഡിന്റെ പരിശോധന ഒഴിവാക്കിയതായും ആക്‌്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കമ്പനി അടിച്ചുപൂട്ടാന്‍ 11 മാസം മുന്‍പ്‌ തന്നെ ജില്ലാ കലക്ടര്‍ക്കു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഇതു പാലിച്ചട്ടില്ല. ഇതിനെതിരെ കോടതി അലക്ഷ്യ കേസ്‌ നല്‍കുമെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
അതീവഗുരുതര മലിനീകരണം നടത്തുന്ന കാതികൂടത്തെ നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിനു പിന്നില്‍ മാവോയിസ്‌റ്റുകളാണെന്നു വരുത്തി തീര്‍ക്കാനാണ്‌ പൊതുവെ ശ്രമം നടത്തുന്നത്‌. വന്‍ അഴിമതി മൂടിവെക്കാനുള്ള ശ്രമമാണ്‌ ഇതിനു പിന്നിലുള്ളതെന്നും ആക്‌്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. എല്ലാ ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചു സമരത്തിനു നേതൃത്വം നല്‍കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ്‌ വര്‍ഷങ്ങളായി ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്‌.
നീറ്റ ജലാറ്റിന്‍ കമ്പനി ഉടനടി അടച്ചുപൂട്ടണമെന്നു ആവശ്യപ്പെട്ടുകൊണ്ട്‌ സമരമാര്‍ഗങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ എന്‍.ജി.ഐ.എല്‍ ആക്‌്‌്‌ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി ജയ്‌സണ്‍ പനിക്കുളങ്ങര, സെക്രട്ടറി അനില്‍ കാതികൂടം, കോര്‍ കമ്മിറ്റി അംഗങ്ങളായ പി.കെ. സഖീര്‍ , പി.സി.ബിനോജ്‌ എന്നിവര്‍ അറിയിച്ചു.

2015, ജൂൺ 18, വ്യാഴാഴ്‌ച

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ മതവിദ്വേഷം പ്രചരിപ്പിക്കുന്നു


കൊച്ചി
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ എന്ന പേരില്‍ പുത്തിറക്കിയ പുസ്‌തകം മതവിദ്വേഷം പ്രചരിപ്പിക്കുന്നതായി ആരോപണം.
വിശുദ്ധ ബൈബിളിലെ വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ യേശുക്രിസ്‌തുവിനെയുംു ദൈവത്തേയും അതിനിശിതമായും നികൃഷ്ടമായും വിമര്‍ശിക്കുന്നതായാണ്‌ ആരോപണം. പുസ്‌തകം പ്രചരിപ്പിക്കുന്നതിലൂടജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണെന്നും തുറവൂര്‍ സ്വദേശി തോമസ്‌ നാലാംപുരയ്‌ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
േ്രയശുിക്രിസ്‌തുവിനെ സത്താനായി വിശേഷിപ്പിക്കുന്ന ഈ പുസ്‌തകം രചിച്ചിരിക്കുന്നത്‌ ടെറ്റസ്‌ ലിയോ എന്നയാളുടെ പേരിലാണ്‌ . പുസ്‌തകത്തിന്റെ പ്രസാധകരായി ഐഡന്റിറ്റി പബ്ലിക്കേഷന്‍സ്‌ എന്ന വ്യാജപേരാണ്‌ നല്‍കിയിരിക്കുന്നത്‌. പശ്ചിമ കൊച്ചിയിലെ പള്ളികളില്‍ രാത്രികാലങ്ങളിലാണ്‌ പുസ്‌തകം കൊണ്ടു ചെന്ന്‌ ഇടുന്നതെത്രെ. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി ദേവാലയങ്ങളില്‍ ഈ പുസ്‌തകത്തിന്റെ കോപ്പികള്‍ കൊണ്ടുചെന്നിട്ടതായും തോമസ്‌ പറഞ്ഞു
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ആഭ്യന്തര മന്ത്രിക്കും പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പുസ്‌തകം നിരോധിക്കുവാനോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയും എടുക്കുവാനും തയ്യാറായിട്ടില്ലെന്നു പരാതിക്കാരന്‍ പറഞ്ഞു.
്‌പുസ്‌തകത്തിന്റെ പ്രചാരണം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ചേര്‍ത്തല മുന്‍സിഫ്‌ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അനുവദിക്കാത്ത സാഹചര്യത്തില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തിരിക്കുകയാണെന്നും പരാതിക്കാരന്‍ പറഞ്ഞു.

ജാതീയമായി ആക്ഷേപിച്ച്‌ പട്ടിക ജാതി ഐ.ടി സംരംഭകയെ സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കി





 ജാതീയമായി ആക്ഷേപിച്ച്‌ പട്ടിക ജാതി ഐ.ടി സംരംഭകയെ സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കിയതായി പരാതി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ ഗ്രാമീണ ഐ.ടി സംരംഭമായ എറണാകുളം തിരുമാറാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോ ലോഡ്‌ജിലെ ബി പോസിറ്റീവ്‌ എന്ന സ്ഥാപനം നടത്തുന്ന യുവ വനിത സംരംഭകയായ സൗമ്യദേവിയാണ്‌ പരാതിക്കാരി. വാടക കുടിശിക വരുത്തിയെന്നും മേലധികാരികളോട്‌ ധിക്കാരപരമായി പെരുമാറിയെന്നും ആരോപിച്ച്‌ സ്ഥാപത്തിന്റെ സി.ഇ.ഒ, കാശില്ലാത്ത പുലയരൊക്കെ എന്തിനാണ്‌ ബിസിനസ്‌ ചെയ്യുന്നതെന്നും വേറെ പണിക്ക്‌ പോകരുതോ എന്ന്‌ ചോദിച്ചതായും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളത്‌ കൊണ്ടാണ്‌ വാടക കൊടുക്കാന്‍ താമസിച്ചത്‌. എന്നാല്‍ തന്നേക്കാള്‍ കൂടുതല്‍ കുടിശികയുള്ളവര്‍ സ്ഥാപനത്തിലുണ്ട്‌. ചെറിയ തുക മാത്രം കുടിശികയുള്ള തന്നെ ഗൂഡാലോചനയിലൂടെയാണ്‌ പുറത്താക്കിയിരിക്കുന്നത്‌. പുറത്താക്കുന്നതിന്‌ മുമ്പ്‌ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. സ്ഥാപനത്തില്‍ ജോലി ചെയ്‌തു കൊണ്ടിരിക്കുമ്പോഴായിരുന്നു ലാപ്‌ടോപ്പും മറ്റു രേഖകളും പിടിച്ചെടുത്ത ശേഷം തന്നെ പുറത്താക്കിയത്‌. സ്ഥാപനത്തിലെ ഏക വനിത-പട്ടിക സംരംഭകയാണ്‌ താന്‍. തന്റെ വസ്‌ത്രത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും സ്ഥാപനത്തില്‍ നിന്ന്‌ പരിഹാസമേല്‍ക്കേണ്ടി വന്നിട്ടുണ്ട്‌. സി.ഇ.ഒ ധിക്കാരപരമായാണ്‌ സംരംഭകരോട്‌ പെരുമാറുന്നത്‌. പലര്‍ക്കും ഇതേകുറിച്ച്‌ പരാതിയുണ്ട്‌. പേടി കാരണമാണ്‌ ആരും ഒന്നും പുറത്ത്‌ പറയാത്തത്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുത്താട്ടുകുളം പൊലീസ്‌ സ്റ്റേഷനിലും പട്ടിക ജാതി വകുപ്പിനും ജില്ലാ കളക്‌ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. യു.കെയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ സൗമ്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന തിരുമാറാടി പഞ്ചായത്ത്‌ സ്വദേശിയാണ്‌. 


കൊച്ചി: ജാതീയമായി ആക്ഷേപിച്ച്‌ പട്ടിക ജാതി ഐ.ടി സംരംഭകയെ ഗ്രാമീണ ഐ.ടി സംരംഭമായ പിറവം ടെക്‌നോ ലോഡ്‌ജില്‍ നിന്ന്‌ പുറത്താക്കിയന്ന വാദം അടിസ്ഥാന രഹിതമാണെന്ന്‌ ടെക്‌നോ ലോഡ്‌ജ്‌ സി.ഇ.ഒ രഞ്‌ജിനി ബ്രൈറ്റ്‌. താനും ഒരു പട്ടിക ജാതി വിഭാഗക്കാരിയാണ്‌. അത്‌ കൊണ്ട്‌ തന്നെ ജാതീയമായി ആക്ഷേപിച്ചുവെന്ന വാദം തെറ്റാണ്‌. ഇക്കാര്യം പൊലീസിനും പട്ടിക ജാതി സംഘടനകള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്ഥാപനത്തിലെ അധികാരികളോട്‌ മോശമായി പെരുമാറിയതിനാല്‍ ബോര്‍ഡിന്‌ മുമ്പാകെ ഹാജരാകണമെന്നാണ്‌ സൗമ്യദേവിയെ അറിയിച്ചത്‌. പുറത്താക്കിയതായി കാണിച്ച്‌ ഒരു മെയിലും കത്തും സി.ഇ.ഒ എന്ന നിലയില്‍ താന്‍ നല്‍കിയിട്ടില്ല. ആറു മാസമായി കുടിശിക വരുത്തിയതിനാല്‍ ബോര്‍ഡ്‌ യോഗത്തിന്റെ തീരുമാന പ്രകാരം അത്‌ സൗമ്യയെ അറിയിക്കാനും നോട്ടീസ്‌ നല്‍കാനും വേണ്ടി തന്റെ ക്യാബിനിലേക്ക്‌ വിളിച്ചപ്പോള്‍ ഞാന്‍ വരില്ലെന്നും താന്‍ എന്തു വേണമെങ്കിലും ചെയ്‌തോ എന്നുമായിരുന്നു സൗമ്യയുടെ നിലപാട്‌. ഇക്കാര്യം താന്‍ ബോര്‍ഡിനെ അറിയിക്കുകയും തുടര്‍ന്ന്‌ ബോര്‍ഡിനെ കണ്ട്‌ ഇനി സ്ഥാപനത്തില്‍ പ്രവേശിച്ചാല്‍ മതിയെന്ന സ്ഥാപനത്തിന്റെ തീരുമാനം കാണിച്ച്‌ അവര്‍ക്ക്‌ മെയില്‍ അയക്കുകയുമാണ്‌ താന്‍ ചെയ്‌തത്‌. സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കിയതായുള്ള ഒരു പരാമര്‍ശവും അതിലുണ്ടായിരുന്നില്ല. പക്ഷെ അതിന്‌ ശേഷം സൗമ്യ സ്ഥാപനത്തില്‍ വന്നിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട പൊലീസ്‌ സ്റ്റേഷനിലാണ്‌ പിന്നീട്‌ അവരെ കാണുന്നത്‌. മോശമായ രീതിയിലാണ്‌ സൗമ്യ മറുപടി മെയില്‍ അയച്ചിരിക്കുന്നതെന്നും ഇക്കാര്യം വിഷയവുമായി ബന്ധപ്പെട്ട്‌ ഓഫീസിലെത്തിയ കെ.പി.എം.എസ്‌ പോലുള്ള സംഘടനകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.  

യോട്ടിങ്ങിനെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആരോപണം



കൊച്ചി
ഒളിമ്പിക്‌സില്‍ 39 മെഡലുകളുള്ള ഇനമായ യോട്ടിങ്ങിനെ അവഗണിക്കുന്നതായി ആരോപണം യോട്ടിങ്ങ്‌ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടും കേരളത്തിലെ സര്‍വകലാശാലകളും ഈ കായിക ഇനത്തിനെ അവഗണിക്കുന്നതായി ആരോപണം. യോട്ടിങ്ങ്‌ പരിശീലനത്തിനായി കായലും കടലും തൊട്ടുമുന്നില്‍ ഉണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരും കായിക മന്ത്രാലയവും ഈ കായിക ഇനത്തിനെ കണ്ടില്ലെന്ന നിലപാടിലാണ്‌. ഒളിമ്പിക്‌സില്‍ മെഡല്‍ പോലും ഇല്ലാത്ത കായിക ഇനങ്ങള്‍ക്കു നല്‍കുന്ന പ്രാധാന്യം പോലും യോട്ടിങ്ങിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല.
അതേസമയം സൈന്യത്തില്‍ നിരവധി ജോലി സാധ്യതകളുള്ള കായിക ഇനമാണ്‌ യോട്ടിങ്ങ്‌. എന്നിട്ടും ഇതുവരെ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഈ കായിക ഇനത്തിനെ അവഗണിച്ചിരിക്കുകയാണ്‌. എട്ടു ജില്ലാ അസോസിയേഷനുകള്‍ എങ്കിലും ഉണ്ടെങ്കില്‍ മാത്രമെ സ്‌പോര്‍ട്‌്‌സ്‌ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുകയുള്ളു. ഒരു യോട്ടിങ്ങ്‌ കേന്ദ്രം ആരംഭിക്കാന്‍ ഒന്നര കോടി രൂപയുടെ സാമിഗ്രികള്‍ പരിശീലനത്തിനു വേണ്ടിവരും. നിലവില്‍ തേവര സെക്രഡ്‌ ഹാര്‍ട്ട്‌ കോളേജ്‌ കേന്ദ്രമാക്കിയാണ്‌ യോട്ടിങ്ങ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തനം നടക്കുന്നുള്ളു. 
വേണ്ട സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കില്‍ രാജ്യന്തര നിലവാരമുള്ള യോട്ടിങ്ങ്‌ താരങ്ങളെ സൃഷ്ടിക്കുവാന്‍ കേരളത്തിനു കഴിയും . രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം നിലവില്‍ കേരളത്തില്‍ യോട്ടിങ്ങ്‌ താരങ്ങള്‍ക്ക്‌്‌ അസാധ്യമായിരിക്കുകയാണെന്ന്‌ കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്റ്‌ സെയിലിങ്ങ്‌ ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തി. 
ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 20,,21 തീയതികളില്‍ തേവര എസ്‌്‌ എച്ച്‌ കോളേജില്‍ വെച്ച്‌ ഓപ്‌റ്റിമിസ്റ്റ്‌,ലേസര്‍,എന്റര്‍പ്രൈസസ്‌ വിഭാഗങ്ങളില്‍ പരിശീലനം നടത്തും.ഇതില്‍ നിന്നും യോഗ്യത നേടുന്ന 12 പേരെ രണ്ടാഴ്‌ചത്തെ ഉപരിപഠനത്തിനായി സെക്കന്തരബാദിലെ ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ ഹുസൈന്‍ സാഗറില്‍ രാജ്യത്തെ മികച്ച പരിശീലനം ലഭിക്കും. നീന്തല്‍, തുഴച്ചില്‍,ബോട്ട്‌ ഹാന്റ്‌ലിങ്ങ്‌, ബാലന്‍സിങ്ങ്‌, റെസ്‌ക്യു,സിഗ്നല്‍സ്‌, നോ്‌ട്‌സ്‌ എന്നിങ്ങനെ യോട്ടിങ്ങ്‌ വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും പരിശീലനം. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്റ്‌ സെയിലിങ്ങ്‌ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഗിരിജ ഗോവിന്ദ്‌, ക്യാപ്‌റ്റന്‍ ഓഫ്‌ ബോട്ട്‌സ്‌ ജോളി തോമസ്‌ എന്നിവര്‍ പങ്കെടുത്തു. 

ഇക്കണോമി വിമന്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നൈറ്റ്‌ 19ന്‌


കൊച്ചി
യൂണിക്‌ ടൈംസ്‌ അവതരിപ്പിക്കുന്ന കേരളത്തിലെ വിവിധ മേഖലകളില്‍ കഴിവ്‌ തെളിയിച്ച മികച്ച വനിതകള്‍ക്ക നല്‍കുന്ന പുരസ്‌കാരമായ ദ ഇക്കണോമി വിമന്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 19നു ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
വൈകിട്ട്‌ 5.30നു ആരംഭിക്കുന്ന ചടങ്ങില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മണപ്പുറം ഫിനാന്‍്‌സ്‌ എംഡി വി.പി.നന്ദകുമാര്‍ അവാര്‍ഡ്‌ നൈറ്റ്‌്‌്‌ ഉദ്‌ഘാടനം ചെയ്യും.
പെഗാസസ്‌ ഇവന്റ്‌ മേക്കേഴ്‌സ്‌ ചെയര്‍മാന്‍ അജിത്‌ രവിയുടെ 100 ലൈഫ്‌ ചലഞ്ചിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
ബീന കണ്ണന്‍,ബി.സന്ധ്യ,പര്‍വീന്‍ ഹാഫിസ്‌, റെമി തോമസ്‌, ഷീല കൊച്ചൗസേപ്പ്‌, ധന്യരാമന്‍, അംബിക പിള്ള, ഷാനി പ്രഭാകരന്‍,ഡോ.റോസ്‌ മേരി വില്‍സന്‍, രാധ രാജശേഖരന്‍,പ്രീജ ശ്രീധരന്‍, റീന വേണുഗോപാല്‍, പമേല അന്ന മാത്യു, സുഗതകുമാരി, ഭാഗ്യലക്ഷ്‌മി എന്നിവരാണ്‌ ഇത്തവണത്തെ അവാര്‍ഡിനു അര്‍ഹരായവര്‍.
മീഡിയ ഔട്ട്‌ലുക്ക്‌ ഇന്ത്യ പബ്ലിക്കേഷന്‍സ്‌ എം.ഡി. മോനിഷ്‌ മോഹന്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ രേജഷ്‌ കുമാര്‍, പെഗാസസ്‌ ഇവന്റ്‌സ്‌ ചെയര്‍മാന്‍ അജിത്‌ രവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വൈസ്‌മെന്‍ ഇന്ത്യ വാര്‍ഷിക സമ്മേളനം 28


കൊച്ചി
വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ ദേശീയ യൂണിറ്റായ ഇന്ത്യാ ഏരിയയുടെ 33-ാമത്‌ വാര്‍ഷിക സമ്മേളനം 28നു ഐഎംഎ ഹാളില്‍ നടക്കും. വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ ഐസക്‌ പാലത്തിങ്കല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെയും മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യാ ഏരിയായെ പ്രതിനിധീകരിച്ചുകൊണ്ട്‌ 577 ക്ലബ്ബുകളില്‍ നിന്നായി 1500 ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യ ഏരിയ പ്രസിഡന്റായി പി.വിജയകുമാറിനെ അവരോധിക്കുന്ന ചടങ്ങുകള്‍ക്ക്‌ നിയുക്ത പ്രസിഡന്റ്‌ വിച്ചിയാന്‍ ബുണ്‍മാപ ജോണ്‍ നേതൃത്വം വഹിക്കും. പുതിയ ഭറണസമിതി സമ്മേളനത്തില്‍ ചുമതലയേല്‍ക്കും.
ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഔപചാരിക ഉദ്‌ഘാടനം ഇന്റര്‍നാഷണല്‍ ട്രഷറര്‍ ഫിലിപ്പ്‌ ചെറിയാന്‍,മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ മത്തായി എന്നിവര്‍ നിര്‍വഹിക്കും.
ആരോഗ്യം ,ആതുരസേവനം, പരിസ്ഥിതി എന്നീ മേഖലകളിലായി 25 കോടി രൂപയുടെ പദ്ധതികളാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. 300 വീടുകളുടെ നിര്‍മ്മിതി, ഒരു ലക്ഷം വൃക്ഷത്തൈ നടല്‍, മാലിന്യസംസ്‌കരണ പദ്ധതി ,പരിസ്ഥിതി ശുചീകരണം,ജീവിതശൈലി രോഗങ്ങള്‍ സംബന്ധിച്ച്‌ അവബോധം എന്നിവയ്‌ക്കായുള്ള പ്രചരണ പരിപാടികള്‍, ക്യാന്‍സര്‍ ആന്റ്‌ പാലിയേറ്റീവ്‌ കെയര്‍,10,000 ഡയാലിസിസ്സിനു സഹായം ഏര്‍പ്പെടുത്തുക തുടങ്ങിയ നിരവധി പദ്ധതികള്‍ ഈ വര്‍ഷം നടപ്പില്‍ വരുത്തും. വാര്‍ത്താ സമ്മേളനത്തില്‍ പി.വിജയകുമാര്‍, നിജു മോഹന്‍ദാസ്‌ എന്നിവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗ ദിനം ജില്ലയില്‍ വിപുലമായ പരിപാടികള്‍


കൊച്ചി
ഈ മാസം 21നു അന്താരാഷ്ട്ര യോഗദിനം ആഘോഥിക്കുന്നതിന്‍രെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്തും.
21നു രാവിലെ എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെ സാമൂഹിക യോഗ പരിശീലനവും 9.30 മുതല്‍ 11.30 വരെ ധ്യാന പരിശീലനവും 10 മുതല്‍ 12 വരെ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ 600 ഓളം വിദ്യാര്‍ഥികളുടെ യോഗാനുഭൂതി സാമൂഹ്യ സുര്യനമസ്‌കാരവും യോഗനിദ്രാ പ്രദര്‍ശനവും 3മുതല്‍ 6.30വരെ സാംസ്‌കാരിക സമ്മേളനവും നടക്കും. ജസ്റ്റിസ്‌ കെ.ടി ശങ്കരന്‍ സന്മേളനം ഉദ്‌ഘാടനം ചെയ്യും. ജില്ലയില്‍ 34 കേന്ദ്രങ്ങളില്‍ സാമൂഹിക യോഗ പരിശീലന വേദികള്‍ ഉണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എ.പ്രകാശ്‌ ചന്ദ്രന്‍, ജി.ദേവന്‍,സി.ജി രാജഗോപാല്‍, ഡോ.ആര്‍.രാജീവ്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

2015, ജൂൺ 14, ഞായറാഴ്‌ച

തുരുത്തുകളുടെ ടൂറിസം സാധ്യതകള്‍




നഗരം കീഴടക്കാന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ എത്തിത്തുടങ്ങി


മൂലമ്പിള്ളിക്കാര്‍ അരുവിക്കരയിലേക്ക്‌


വികാരിയച്ചനെ സ്ഥലം മാറ്റുന്നതു തടയാന്‍ വിശ്വാസികളുടെ സമരം


ബ്രോഡ്‌വെ പുനര്‍ജനിക്കുന്നു


കൊച്ചിയിലെ ബിഫിന്റെ രഹസ്യം


2015, ജൂൺ 12, വെള്ളിയാഴ്‌ച

കൊച്ചി സോളാര്‍ സിറ്റി പദ്ധതി മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി



കൊച്ചി
കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച്‌ കൊച്ചി നഗരസഭ നടപ്പാക്കുന്ന സോളാര്‍ സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറായി. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാസ്റ്റര്‍ പ്ലാനിന്റെ കോപ്പി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ലോക്കല്‍ എന്‍വിയോണ്മെന്റല്‍ ഇനിഷ്യേറ്റീവ്‌സിന്റെ (ഐസിഎല്‍ഇഐ) ഡെപ}ട്ടി ഡയറക്‌റ്റര്‍ സുനന്ദന്‍ തിവാരിയില്‍ നി�ം മേയര്‍ ടോണി ചമ്മണി ഏറ്റുവാങ്ങി. ചടങ്ങില്‍ കൊച്ചി നഗരസഭനഗരാസൂത്രണ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍, ഐസിഎല്‍ഇഐ പ്രതിനിഥികളായ ആശിശ്‌ വര്‍മ, സൗമ്യ ചതുര്‍വേദുള, ബെദോശ്രുതി സാധുഖാന്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്‌ട്രി ഒഫ്‌ ന്യൂ ആന്‍ഡ്‌ റിന്യൂവബിള്‍ എനര്‍ജി നേതൃത്വം നല്‍കുന്ന സുപ്രധാന പദ്ധതികളില്‍ ഒന്നാണ്‌ സോളാര്‍ സിറ്റി പദ്ധതി. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 60 ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാണ്‌ കൊച്ചി. നഗരസഭക്ക്‌ വേണ്ടി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ലോക്കല്‍ എന്‍വിയോണ്മെന്റല്‍ ഇനിഷ്യേറ്റീവ്‌സാണ്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്‌.
സോളാര്‍ സിറ്റിയുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആദ്യ ഘട്ടമെന്ന നിലയില്‍ 50 ലക്ഷം രൂപയാണ്‌ കൊച്ചി നഗരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചത്‌.
19,42,000 രൂപ സോളാര്‍ സിറ്റി പദ്ധതി നടത്തിപ്പിന്റെ സംസ്ഥാന തല നോഡല്‍ ഏജന്‍സിയായ അനര്‍ട്ട്‌ വഴി കൊച്ചി നഗരസഭക്ക്‌്‌ അനുവദിച്ചിട്ടുണ്ട്‌.
സോളാര്‍ സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചി സോളാര്‍ സിറ്റി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പുരോഗമിക്കുകയായിരുന്നു. നിരവധി വിലയിരുത്തലുകള്‍ക്കും, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും, യോഗങ്ങള്‍ക്കും, കൂടിയാലോചനങ്ങള്‍�ം ശേഷമാണ്‌ 2015 ജനുവരിയില്‍ കരട്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്‌. പ്രസ്‌തുത കരട്‌ മാസ്റ്റര്‍ പ്ലാന്‍ പ്രധാനപ്പെട്ട എല്ലാ സ്റ്റേക്‌ഹോള്‍ഡേഴ്‌സിന്റെ മുന്നില്‍ അവതരിപ്പിക്കുകയും മുഴുവന്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയും കൊണ്ടാണ്‌ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്‌.
മാസ്റ്റര്‍ പ്ലാന്‍ ഉടനടി തന്നെ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിക്കുകയും ആവശ്യമായ അംഗീകാരങ്ങള്‍ക്ക്‌ ശേഷം പ്രവര്‍ത്തന തലത്തില്‍ എത്തിക്കുകയും ചെയ്യുമെന്ന്‌ നഗരസഭ അറിയിച്ചു. കൊച്ചി നഗരത്തിന്റെ ഊര്‍ജോപയോഗത്തിന്റെ സ്ഥിതി, ഊര്‍ജോപയോഗത്തിന്റെ രീതി, വൈദ്യുതി ഉപയോഗം, ഇന്ധനോപയോഗം, ഭാവിയിലെ ഊര്‍ജത്തിന്റെ ആവശ്യകത, റിന്യൂവബിള്‍ എനര്‍ജി സ്‌റ്റാറ്റര്‍ജീസ്‌, എനര്‍ജി എഫിഷന്‍സി സ്റ്റാറ്റര്‍ജിസ്‌, ഫിനാന്‍ഷ്യല്‍ ഔട്ട്‌ലൈന്‍ എന്നിവയടങ്ങിയ ശാസ്‌ത്രീയവും ബൃഹത്തുമായ മാസ്റ്റര്‍ പ്ലാനാണ്‌ കൊച്ചിക്ക്‌ വേണ്ടി തയ്യാറാക്കിയിരിക്കുന്നത്‌. 

2015, ജൂൺ 4, വ്യാഴാഴ്‌ച

യന്ത്രം ഘടിപ്പിച്ച വള്ളങ്ങള്‍ക്ക്‌ 12 നോട്ടിക്കല്‍ മൈലിനപ്പുറം കടലില്‍ മത്സ്യബന്ധനാനുമതി നല്‍കണം



കൊച്ചി:യന്ത്രം ഘടിപ്പിച്ച വള്ളങ്ങള്‍ക്ക്‌ 12 നോട്ടിക്കല്‍ മൈലിനപ്പുറം കടലില്‍ മത്സ്യബന്ധനാനുമതി നല്‍കണമെന്ന്‌ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാസി ഫെഡറേഷന്‍, നാഷണല്‍ ഫിഷ്‌ വര്‍ക്കേഴ്‌സ്‌ ഫോറം എന്നീ സംഘടനകളുടെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യതൊഴിലാളികളെ മത്സ്യബന്ധന നിരോധനത്തില്‍ നിന്ന്‌ ഒഴിവാക്കിയത്‌ മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍പൊടിയിടാനാണെന്നും അവര്‍ കുറ്റപ്പെടുത്തി.
വിദേശ മീന്‍പിടുത്ത കപ്പലുകള്‍ക്ക്‌ ഇന്ത്യന്‍ കടലില്‍ മീന്‍ പിടിക്കാന്‍ നല്‍കിയിട്ടുള്ള മുഴുവന്‍ ലൈസന്‍സും റദ്ദാക്കണം, ട്രോളിംഗ്‌ ബോട്ടുകള്‍ ബോട്ടുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ്‌ കര്‍ശനമായി നടപ്പാക്കണം. പെയര്‍ ട്രോളിംഗ്‌ നിരോധന ഉത്തരവ്‌ നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കേരള സ്വാതന്ത്ര്യ മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ പി.പി ജോണ്‍, ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ പൊള്ളയില്‍, നാഷണല്‍ ഫിഷ്‌ വര്‍ക്കേഴ്‌സ്‌ ഫോറം ദേശീയ സെക്രട്ടറി ടി. പീറ്റര്‍, പി.വി വില്‍സണ്‍, വി.ജി മജീന്ദ്രന്‍, എന്‍.ജെ ആന്റണി എന്നിവര്‍ പങ്കെടുത്തു.

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച്‌ ബഹുജന സമരപ്രഖ്യാപന സമ്മേളനം 7ന്‌


കൊച്ചി: റബര്‍ വിലയിടവില്‍ പ്രതിഷേധിച്ച്‌ നവ റബര്‍ കര്‍ഷക കൂട്ടായ്‌മയുടെ(ദി ന്യൂ റബ്ബര്‍ ഫാര്‍മേഴ്‌സ്‌ ഫോറം) നേതൃത്വത്തില്‍ ഞായറാഴ്‌ച മൂവാറ്റുപുഴ ഭാരത്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ബഹുജന സമര പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. റബര്‍ തൊഴിലാളികളെ സംരക്ഷിക്കാനാവാശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും. ബാങ്കോക്ക്‌ വിലയില്‍ നിന്ന്‌ 20 രൂപ വിലകൂട്ടി നല്‍കണം. അല്ലാത്ത പക്ഷം ഇന്ത്യന്‍ കമ്പിനികളുടെ ടയര്‍ ബഹിഷ്‌ക്കരിക്കുമെന്നും അവര്‍ പറഞ്ഞു. റബറിന്റെ അവധിവ്യാപാരം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ദി ന്യൂ റബ്ബര്‍ ഫാര്‍മേഴ്‌സ്‌ ഫോറം ഭാരവാഹികളായ പ്രൊഫ. ജോസ്‌ കുട്ടി ഒഴുക്കായില്‍,ജെബി മാത്യു,ബാബു കുട്ടന്‍ചിറ, സി വി ജോര്‍ജ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആരാധനാലയങ്ങളും ആരാധനാലയങ്ങളില്‍ ശ്‌മശാനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ തന്നെ കൈമാറണമെന്ന്‌

കൊച്ചി: പുതിയ ആരാധനാലയങ്ങളും ആരാധനാലയങ്ങളില്‍ ശ്‌മശാനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ തന്നെ കൈമാറണമെന്ന്‌ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം.വീരാന്‍കുട്ടി സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന്‌ നല്‍കുമെന്നും കൊച്ചിയില്‍ നടത്തിയ സിറ്റിംഗില്‍ അദ്ദേഹം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ കമ്മീഷന്‌ മുന്നില്‍ നിരവധി പരാതികളെത്തിയിരുന്നു. ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും മുസ്‌ലിം, ക്രിസ്‌ത്യന്‍ സമുദായാംഗങ്ങളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനും സ്ഥലം ഒരുക്കുന്നതിന്‌ അനുമതി ലഭിക്കാത്തതും സംബന്ധിച്ചായിരുന്നു പരാതികള്‍. ശ്‌മശാനങ്ങള്‍ നിര്‍മിക്കുമ്പോള്‍ അനാവശ്യമായി തടസ്സങ്ങളുണ്ടാക്കുകയും ഇതിന്റെ പേരില്‍ കളക്‌ടര്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്നുവെന്ന ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്‌. ശ്‌മശാനത്തിന്‌ പഞ്ചായത്തുകള്‍ വഴി അനുമതി ലഭിച്ച ശേഷം ആരോഗ്യ വകുപ്പ്‌ സാക്ഷ്യപ്പെടുത്തി കളക്ടറുടെ തീരുമാനത്തിനായി സമര്‍പ്പിക്കുന്നതാണ്‌ നിലവിലെ രീതി. പലപ്പോഴും ഇതില്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുന്നുണ്ട്‌. ഇത്‌ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നാണ്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്‌.
ഇത്തരം അപേക്ഷകളില്‍ പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ പ്രശ്‌നങ്ങളില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‌ തന്നെ അനുമതി നല്‍കുന്നതിന്‌ നിയമമുണ്ടാകണമെന്നും ഇതിനായി കമ്മീഷന്‍ ശക്തമായി ഇടപെടുമെന്നും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ സംസ്ഥാനത്താകെ ഇരുപതോളം കേസുകളാണ്‌ കമ്മീഷന്‌ മുന്നിലുള്ളത്‌. എറണാകുളം ജില്ലയിലെ ആറു കേസുകള്‍ ഇന്നലെ പരിഗണനയ്‌ക്കെടുത്തു. ജില്ലയിലെ കരുമാല്ലൂരിലുള്ള ഒരു ജുമാ മസ്‌ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ ഖബര്‍സ്ഥാന്‍ പണിയുന്നതിന്‌ കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ക്രമസമാനാധത്തിന്റെ പ്രശ്‌നം പറഞ്ഞ്‌ കളക്‌ടര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പള്ളി കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഈ സ്ഥലം സന്ദര്‍ശിക്കുകയും ഖബര്‍സ്ഥാന്‍ നിര്‍മിക്കുന്നതിന്‌ യാതൊരു തടസ്സവുമില്ലെന്നും പരിസരവാസികള്‍ക്ക്‌ എതിര്‍പ്പില്ലെന്നും കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ പൊലീസ്‌ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ജില്ലാ കളക്‌ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഈ നടപടി ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ പള്ളി അധികൃതര്‍ വീണ്ടും കമ്മീഷന്‌ മുന്നിലെത്തിയത്‌. പെരുമ്പാവൂര്‍ കൂവപ്പടിയില്‍ ക്രിസ്‌ത്യന്‍ ദേവാലയം പണിയുന്നതിന്‌ നിയമപ്രകാരം അനുമതി ലഭിച്ചിട്ടും ഹിന്ദു ഐക്യ വേദി പോലെയുള്ള സംഘനടകള്‍ നിര്‍മാണം തടസ്സപ്പെടുത്തുന്നുവെന്നാണ്‌ പരാതി. ഈ രണ്ടു പരാതികളും വാദം കേള്‍ക്കുന്നിനായി 25ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ഹയര്‍ സിറ്റിങിലേക്ക്‌ മാറ്റിവച്ചു. അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.

കൊച്ചി: ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഏറെയുള്ള ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിനെ ന്യൂനപക്ഷ ബ്ലോക്കായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രസിഡന്റ്‌ ഏലിയാമ്മ ഐസക്ക്‌ സംസഥാന ന്യൂനപക്ഷ കമ്മീഷന്‌ അപേക്ഷ നല്‍കി. ഇന്നലെ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ നടന്ന സിറ്റിങിലാണ്‌ അപേക്ഷ സമര്‍പ്പിച്ചത്‌. അപേക്ഷ റിപ്പോര്‍ട്ടിനായി ജില്ലാ കളക്ടര്‍ക്ക്‌ സമര്‍പ്പിക്കുമെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കി.
പശ്ചിമ കൊച്ചിയില്‍ ചെല്ലാനം, കണ്ണമാലി ഭാഗത്ത്‌ കടലാക്രമണം തടയുന്നതിനായി കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്‌ സംബന്ധിച്ച്‌ കൊച്ചി തുറമുഖ ട്രസ്റ്റുമായി നിലനിന്ന കേസില്‍ ഭിത്തി പണിയാന്‍ കമ്മീഷന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്‌ നിര്‍ദേശം നല്‍കി. തുടര്‍ നടപടികള്‍ സ്വീകരിക്കാനും വിശദാംശങ്ങള്‍ അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കടല്‍ഭിത്തി നിര്‍മിക്കുന്നതിന്‌ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ തടസ്സം നില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്‌ നടപടി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേപില്‍ (കോ ഓപ്പറേറ്റീവ്‌ അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എജ്യുക്കേഷന്‍) നിയമനത്തിന്‌ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയിലും തെറ്റു തിരുത്തണമെന്ന്‌ കമ്മീഷന്‍ ഉത്തരവിട്ടു. കാലടി ശ്രീ ശങ്കരചാര്യ സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുന്നതിന്‌ ഗൈഡിനെ ലഭിക്കുന്നില്ലെന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിയുടെ പരാതിയിലും കമ്മീഷന്‍ പരാതിക്കാരിക്ക്‌ അനുകൂലമായി ഉത്തരവിട്ടു.
ഇന്നലെ നടന്ന സിറ്റിംഗില്‍ മൊത്തം 27 കേസുകളാണ്‌ കമ്മീഷന്‍ പരിഗണിച്ചത്‌. ആറു കേസുകളില്‍ തീരുമാനമായി. മറ്റുള്ള കേസുകളില്‍ അടുത്ത സിറ്റിംഗില്‍ വാദം കേള്‍ക്കും ചെയര്‍മാന്‍ അഡ്വ എം. വീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരും പങ്കെടുത്തു. അടുത്ത സിറ്റിംഗ്‌ ജൂലൈ 30ന്‌ നടക്കും.

�ഫോര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍� (എഫ്‌.വൈ.ഐ) ചിത്രപ്രദര്‍ശനവുമായി റാപ്പിഡ്‌ വാല്യൂ ടെക്കികള്‍



കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ ജൂണ്‍ ആറിന്‌ ആനന്ദ്‌ ചന്നാര്‍ ചിത്രപ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും
� റാപ്പിഡ്‌ വാല്യൂ സൊലൂഷന്‍സിലെ 14 ജീവനക്കാരുടെ കരവിരുതുകളാണ്‌ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌







കൊച്ചി: സ്വയം തീര്‍ത്ത പെയിന്റിങ്ങുകളുടേയും ഫോട്ടോകളുടേയും പ്രദര്‍ശനമൊരുക്കി ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍ എത്തുന്നു. കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നതിനായാണ്‌ ഇന്‍ഫോപാര്‍ക്കിലെ റാപ്പിഡ്‌ വാല്യു സൊലൂഷന്‍സ്‌ കമ്പനി ജീവനക്കാര്‍ വളരെ വ്യത്യസ്‌തമായ ഒരു എക്‌സിബിഷന്‍ അണിയിച്ചൊരുക്കുന്നത്‌. ജൂണ്‍ ആറ്‌ മുതല്‍ പത്ത്‌ വരെ കൊച്ചി ദര്‍ബാര്‍ ഹാളിലാണ്‌ ചിത്ര പ്രദര്‍ശനം നടക്കുന്നത്‌.
�ഫോര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍� (എഫ്‌.ഐ.എ) എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം ജൂണ്‍ ആറിന്‌ വൈകിട്ട്‌ നാല്‌ മണിക്ക്‌ ദുബായ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിത്രകാരനും കണ്‍സള്‍ട്ടന്റുമായ ആനന്ദ്‌ ചന്നാര്‍ ഉദ്‌ഘാടനം ചെയ്യും. റാപ്പിഡ്‌ വാല്യു സൊലൂഷന്‍സിലെ ഡിസൈനേഴ്‌സിന്റെ കൂട്ടായ്‌മയായ ജെംസിലെ ടെക്‌നോളജി പ്രൊഫഷണലുകളുടെ ഒരു സംരംഭമാണ്‌ ചിത്ര പ്രദര്‍ശനം.
ഉദ്‌ഘാടനത്തിന്‌ മിഴിവേകാന്‍ 5.30 മുതല്‍ 7 മണിവരെ അലന്‍ സണ്ണി സ്റ്റീഫന്‍, വിനയ്‌ മാത്യു ജോണ്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും ഒരുക്കുന്നുണ്ട്‌.
സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം ഡിസൈനേഴ്‌സ്‌, വര്‍ണങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍, ചിത്രകലയെ നെഞ്ചേറ്റുന്നവര്‍ എന്നിവരുമായി കൈകോര്‍ക്കുന്നതിനുള്ള ജെംസിന്റെ പ്രാരംഭ നടപടികള്‍ കൂടിയാണ്‌ ഈ സംരംഭം.
മെല്‍വിന്‍ തമ്പി, റോയ്‌ ആനന്ദ്‌, അനൂപ്‌ എം, സുജിത്‌ കെ.എസ്‌, അനുഗീത്‌ ടി.എസ്‌, ശരണ്യ രമണന്‍, ഹരി കൃഷ്‌ണന്‍, ജിബിന്‍ ജോസഫ്‌, അമല്‍ ടോമി, മാത്തുക്കുട്ടി സേവ്യര്‍, ജിജോ ജോസഫ്‌, സ്‌മിനു ജോസഫ്‌, അരുണ്‍ കെ.എ, അജ്ഞലി രവീന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തില്‍ അണിനിരത്തുന്നത്‌.
�മൊബൈല്‍, വെബ്‌ എന്നിവയ്‌ക്ക്‌ വേണ്ടി മനോഹരവും പ്രവര്‍ത്തന ക്ഷമവുമായ സോഫ്‌റ്റ്‌ വെയര്‍ നിര്‍മിക്കുന്ന വളരെ കഴിവുറ്റ ഒരു കൂട്ടം കലാകാരന്‍മാരുടെ വളരെ വ്യത്യസ്‌തമായ ഒരു സംരംഭമാണ്‌ എഫ്‌.വൈ.ഐ എക്‌സിബിഷന്‍. ഇത്തരമൊരു എക്‌സിബിഷന്‌ ആതിഥേയത്വം വഹിക്കുന്നതിലും സ്‌പോണ്‍സര്‍ ചെയ്യുന്നതിലും ഞങ്ങള്‍ക്ക്‌ അങ്ങേയറ്റം അഭിമാനവും ആവേശവുമുണ്ട്‌. കൊച്ചിയിലേയും കേരളത്തിലേയും എല്ലാ പ്രതിഭകള്‍ക്കും ഇതൊരു പ്രചേദനമായിരിക്കുമെന്നും അവര്‍ക്കും തങ്ങളുടെ സൃഷ്‌ടികള്‍ പുറംലോകത്തെത്തിക്കുന്നതിനുള്ള അവസരം ഇതിലൂടെ സൃഷ്‌ടിക്കപ്പെടുമെന്നും ഞങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌. ഞങ്ങളുടെ ടീമിന്‌ ഞാന്‍ എല്ലാവിധ വിജയാശംസകളും നേരുന്നു. ഇത്‌ വളരെ വിജയകരമായ ഒരു എക്‌സിബിഷനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു,� റാപ്പിഡ്‌ വാല്യു സൊലൂഷന്‍സ്‌ സി.ഇ.ഒയും പ്രസിഡന്റുമായ രാജേഷ്‌ പടിഞ്ഞാറേമഠം അഭിപ്രായപ്പെട്ടു.
�റാപ്പിഡ്‌ വാല്യു സൊലൂഷന്‍സിന്റെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ഉദ്യമമാണ്‌ എഫ്‌.വൈ.ഐ. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ടെക്കികളുടെ കലാമികവ്‌ തുറന്ന്‌ കാട്ടുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്നതാണ്‌ ഇതിന്റെ പ്രാഥമിക ലക്ഷ്യം. റാപ്പിഡ്‌ വാല്യു സൊലൂഷന്‍സിലെ ഡിസൈനേഴ്‌സിന്റെയും മറ്റ്‌ മേഖലകളില്‍ നിന്നുള്ള കലാകാരന്‍മാരുടെ കൂട്ടായ്‌മയുടേയും ചിത്രങ്ങളും ഡിസൈനുകളും പ്രദര്‍ശിപ്പിക്കുക, വിവിധ കമ്പനികളിലെ ഡിസൈനര്‍മാര്‍ക്ക്‌ ഒന്നിക്കുവാനും ആശയവിനിമയം നടത്തുവാനും അവസരം ഒരുക്കുക എന്നിവയാണ്‌ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്‌. ഇതിലൂടെ ഡിസൈനിങ്‌ രംഗത്തെ പ്രതിഭകളെ ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്നതിനും അതുവഴി കലാലോകത്ത്‌ നവീനതയും പുരോഗതിയും പരിപാലിക്കുന്നതിനും സാധിക്കും,� റാപ്പിഡ്‌ വാല്യു സൊലൂഷന്‍സിന്റെ ഹ്യൂമന്‍ റിസോഴ്‌സ്‌ ഡയറക്‌ടര്‍ ഡോ. ഗോപാലകൃഷ്‌ണന്‍ ജെ. പ്രകാശ്‌ അഭിപ്രായപ്പെട്ടു.
റാപ്പിഡ്‌ വാല്യു സൊലൂഷന്‍സ്‌
ആഗോളതലത്തില്‍ എന്‍ഡ്‌-ടു-എന്‍ഡ്‌ മൊബൈലിറ്റി സൊലൂഷനുകള്‍ പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ്‌ റാപ്പിഡ്‌ വാല്യു സൊലൂഷന്‍സ്‌. മൊബൈലിറ്റി കണ്‍സള്‍ട്ടിങ്‌, ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്‌ രംഗത്തെ വിദഗ്‌ദ്ധരടങ്ങിയ സംഘം വിവധ തരത്തിലുള്ള മൊബൈലിറ്റി സര്‍വ്വീസുകളും സൊലൂഷനുകളും വാഗ്‌ദാനം ചെയ്യുന്നു. അമേരിക്കയിലും ഇന്ത്യയിലും പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉള്ള റാപ്പിഡ്‌ വാല്യു ലോകത്തെ ഒന്നാംനിര ബ്രാന്‍ഡുകള്‍ക്കും ഫോര്‍ച്യൂണ്‍ 1000 കമ്പനികള്‍ക്കുമാണ്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നത്‌. 

വിദ്യാഭ്യാസ അവാര്‍ഡ്‌ ദാനം, പഠനോപകരണ വിതരണം

കൊച്ചി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ചാരിറ്റി വിംഗായ ദയ ഹെല്‍പിംഗ്‌ ഹാന്റിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ്‌ ദാനം, പഠനോപകരണ വിതരണം, പച്ചക്കറി തൈവിതരണം എന്നിവ ശനിയാഴ്‌ച മാര്‍ക്കറ്റ്‌ റോഡ്‌ ഡി.ഡി വസ്‌ത്രമഹലില്‍ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാറ്റും വെളിച്ചവും എന്നാണ്‌ പദ്ധതിക്ക്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. വൈകിട്ട്‌ മൂന്നിന്‌ സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും.ഡെപ്യൂട്ടി മേയര്‍ പക്കറി തൈവിതരണം ഉദ്‌ഘാടനം ചെയ്യും. പഠനോപകരണ വിതരണം നഗരസഭാ പ്രതിപക്ഷ നേതാവ്‌ കെ.ജെ ജേക്കബ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. സിറ്റി യൂണിറ്റ്‌ പ്രസിഡന്റ്‌ ടി.വി പ്രദീപ്‌ അധ്യക്ഷത വഹിക്കും. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്‌ ബിജു മുഖ്യപ്രഭാഷണം നടത്തും. സിറ്റി യൂണിറ്റ്‌ സെക്രട്ടറി സുല്‍ഫീക്കര്‍ അലി.എസ്‌, പ്രസിഡന്റ്‌ ടി.വി പ്രദീപ്‌ കുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ.കെ ഖാലിദ്‌, ദയ ചെയര്‍മാന്‍ കെ.കെ അബ്ദുള്‍ കലാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും വ്യാപ്പിക്കണമെന്ന്‌

കൊച്ചി
കടകംപിള്ളി,കളമശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും വ്യാപ്പിക്കണമെന്ന്‌ ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യണമെന്നും അവരുടെ പങ്കാളിത്തത്തെക്കുറിച്ചു പരിശോധന നടത്തുകയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ തട്ടിപ്പില്‍ പ്രധാനമായും കേന്ദ്രമായിരിക്കുന്നത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്‌ ആണെന്നു കെ.എന്‍ രാധാകൃഷ്‌ണന്‍ ആരോപിച്ചു. സരിതയുടെ കേസുമായി ബന്ധപ്പെട്ട്‌ ഉരിത്തിരിഞ്ഞുവന്ന ഏറ്റവും പ്രധാനപ്പെട്ട ആക്ഷേപത്തിലും തട്ടിപ്പ്‌ പ്രധാനമായും നടന്നത്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഇതില്‍ വ്യക്തമായ ബന്ധമുണ്ട്‌. കേസിലെ പ്രധാന പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജിന്റെ മൊബൈല്‍ ഫോണുകള്‍ ഇത്തരുണത്തില്‍ പരിശോധിക്കണമെന്നു ബിജെപി നേരത്ത തന്നെ ആവശ്യപ്പെട്ടിരുവെന്ന്‌ എ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. അപോലെ സലിം രാജിനെ നുണപരിശോധനയ്‌ക്കു വിധേയമാക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വലിയ റാക്കറ്റിലെ ചെറിയ കണ്ണിമാത്രമാണ്‌ സലിം രാജ്‌ എന്ന്‌്‌ എ.എന്‍ രാധാകൃഷണന്‍ കുറ്റപ്പെടുത്തി.
കളമശേരിയിലെ ഭൂമിതട്ടിപ്പിനിരയായ ഷെറീഫയുടെ മകന്‍ നാസര്‍ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം സംസാരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചിരുന്നു. ഗണ്‍മാനായിരുന്ന സലിം രാജിനെ വിളിച്ചുവരുത്തി ഒരു പ്രഥമികമായ അന്വേഷണം മുഖ്യമന്ത്രി നടത്തിയിരുന്നു.
മുഖ്യമന്ത്രിയ്‌ക്കു പുറമെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും റവന്യു മന്ത്രി അടൂര്‍ പ്രകാശിനും അഡ്വക്കേറ്റ്‌ ജനറലിനും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ക്കും ഭരണസംവിധാനത്തിനും ഇക്കാര്യത്തില്‍ പങ്കാളിത്തമുണ്ടെന്നു വ്യക്തമാണ്‌. ഭൂമിവില മാത്രം കണക്കാക്കിയാല്‍ 200 കോടി രൂപയോളം വരുന്ന തട്ടിപ്പാണ്‌ കടകംപള്ളിയിലും കളമശേരിയിലുമായി നടത്തിയിരിക്കുന്നത്‌. ഇനിയും ഇത്തരം ഒരു പാട്‌ തട്ടിപ്പുകള്‍ പുറത്തുവരേണ്ടിയിരിക്കുന്നു.
ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാരെ ഇതിനു ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കളമേശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ഡപ്യുട്ടി പാലീസ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീഖിനു പ്രധാന പങ്ക്‌ ഉണ്ടെന്നും കെ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കളമശേരി ഭൂമി ത്‌ട്ടിപ്പുമായി ബന്ധപ്പെട്ട്‌ മുഹമ്മദ്‌ റഫീഖ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ ഇതിനു തെളിവാണ്‌. 2013 ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ഈ സാഹചര്യത്തില്‍ പുനഃപരിശോധിക്കണമെന്നും ്‌അദ്ദേഹം ആവശ്യപ്പെട്ടു.
കളമശേരി ഭൂമിതട്ടിപ്പ്‌്‌ കേസിലെ വാദിയായ ഷെറിഫയുടെ മകന്‍ നാസറിനെ പ്രതിയാക്കിയാണ്‌ ഡപ്യുട്ടി പോലീസ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീഖ്‌ വിചിത്രമായ ിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിയ്‌ക്ക്‌ നല്‍കിയത്‌. ജില്ലാ കലക്ടര്‍, തൃക്കാക്കര നോര്‍ത്ത്‌ വില്ലേജ്‌ ഓഫീസര്‍,കണയന്നൂര്‍ അഡീഷണല്‍ സഹസില്‍ദാര്‍ ,ലാന്‍ഡ്‌ റവന്യു കമ്മീഷണര്‍ തുടങ്ങിയ 14ഓളം ഓഫീസുകളില്‍ നിന്നും മുഹമ്മദ്‌ റഫീഖ്‌ റിപ്പോര്‍ട്ട്‌ എടുത്തു. ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം സത്യവിരുദ്ധമാണെന്നും ഈ റിപ്പോര്‍ട്ട്‌ നല്‍കിയവരെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും എ.എന്‍ റാധാകൃഷ്‌ണന്‍ പറഞ്ഞു. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ അടക്കം വന്‍ ഉദ്യോഗസ്ഥവൃന്ദം തട്ടിപ്പ്‌ സംഘത്തില്‍ ഉണ്ടെന്നും ഇവരെല്ലാം ഇതിനു തുനിഞ്ഞതിനു കാരണം ഇതിനു പിന്നില്‍ മുഖ്യമന്ത്രിയ്‌ക്കും റവന്യു മന്ത്രിക്കും പങ്കുണ്ടെന്ന ധൈര്യത്തിലാണെന്നും എ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്‌ജി എ.വി രാമകൃഷ്‌ണപിള്ളയുടെ ഉത്തരവ്‌ പ്രകാരം തണ്ടപ്പേര്‌ രേഖപ്പെടുത്തി കളമശേരി ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളായ എ.കെ.നാസറിനും കുടുംബത്തിനും ഭൂമിയുടെ കരം അടക്കാന്‍ ഉത്തരവ്‌ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ കരം വാങ്ങുവാന്‍ തയ്യാറായിട്ടില്ല.
സരിതയുടെ കേസ്‌ എങ്ങനെയാണോ കൈകമാര്യം ചെയ്‌തത്‌ അതേപോലെ മുഖ്യമന്ത്രിയുടെ വീട്‌ കേന്ദ്രീകൃതമായി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടുള്ള തട്ടിപ്പ്‌ സംഘത്തിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും റവന്യു മന്ത്രി അടൂര്‍ പ്രകാശിനും ഇതില്‍ പങ്കുണ്ടെന്നും അതുകൊണ്ട്‌ തന്നെ ഈ കേസ്‌ തേച്ചുമാച്ചുകളയാനുള്ള ശ്രമം നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.ഇപ്പോള്‍ ചെറിയ ഉദ്യോഗസ്ഥന്മാരെ ബലിയാടാക്കി ഈ കേസ്‌ ഒതുക്കാന്‍ ശ്രമിക്കുന്നത്‌ ജനാധിപത്യസംവിധാനത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്‌ പി.ജെ തോമസ്‌, കളമശേരി ഭൂമിതട്ടിപ്പിനിരയായ എ.കെ നാസര്‍ ,സഹോദരന്‍ എ.കെ നൗഷാദ്‌ എന്നിവര്‍ പങ്കെടുത്തു.

2015, ജൂൺ 3, ബുധനാഴ്‌ച

നഴ്‌സിങ്ങ്‌ റിക്രൂട്ട്‌മെന്റിലെ അപാകത : സുപ്രിംകോടതിയെ സമീപിക്കും


കൊച്ചി : വിദേശത്ത്‌ ജോലിക്കുപോകാന്‍ ഉദ്ദേശിക്കുന്ന നഴ്‌സുമാര്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങളിലെ അപാകതകള്‍ക്കെതിരെ നഴ്‌സിങ്‌ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ യുണൈറ്റഡ്‌ നഴ്‌സിങ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി നിയമസഹായ സമിതി രൂപീകരിക്കാന്‍ 9ന്‌ സമ്മേളനം നടത്തും. രാവിലെ പത്തിന്‌ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം മുന്‍ എം.പി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും.
നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കുന്നതിന്‌ മുന്‍പ്‌ ഇതിനാവശ്യമായ സൗകര്യങ്ങള്‍ അവിടെ ഉണ്ടോയെന്ന്‌ ഉറപ്പ്‌ വരുത്തണമായിരുന്നു. പത്താം ക്ലാസ്‌ ജയിച്ചവര്‍ക്ക്‌ എമിഗ്രേഷന്‍ വേണ്ടെന്ന നിയമം നിലനില്‍ക്കെ നഴ്‌സിങ്‌ സമൂഹത്തിനുമാത്രം രണ്ട്‌ എമിഗ്രേഷന്‍ എന്നത്‌ കടുത്ത അനീതിയാണെന്നും ജാസ്‌മിന്‍ ഷാ പറഞ്ഞു. ഈ അപാകതകള്‍ പരിശോധിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ പതിനായിരക്കണക്കിന്‌ ഇന്ത്യന്‍ നഴസുമാരുടെ ഭാവി അവതാളത്തിലാകും. ഇത്തരം ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്‌ ഭീമഹര്‍ജി നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ മുഖ്യാതിഥിയാകും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9567574809, 9447532533 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹാരിസ്‌ മണലുംപാറ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഞ്‌ജലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

പി.രാജീവിനെ ആദരിക്കുമെന്ന്‌



കൊച്ചി : മാതൃകപരമായ പാര്‍ലമെന്ററി പ്രവര്‍ത്തനം വഴി രാജ്യസഭയുടെ അഭിനന്ദനം നേടിയ പി.രാജീവിനെ ആദരിക്കുമെന്ന്‌ മുന്‍ കളക്ടര്‍ ഡോ.കെ.ആര്‍ വിശ്വംഭരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൗരസൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബി.ടി.എച്ചില്‍ വെള്ളിയാഴ്‌ച 4നാണ്‌ പരിപാടി സംഘടിപ്പുക്കുന്നതെന്ന്‌ അദ്ദേഹം അറിയിച്ചു. മേയര്‍ ടോണി ചമ്മണി, പ്രൊഫ.എം.കെ.സാനു, നടന്‍ മമ്മൂട്ടി, എം.എ ബേബി, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങിനു ശേഷം ഗായിക ചന്ദ്രലേഖയും ഗസല്‍ ഗായകന്‍ പ്രസാദ്‌ പൊന്നാനിയും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്‌ നടത്തുമെന്നും ഡോ.കെ.ആര്‍ വിശ്വംഭരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാബു ജോര്‍ജ്ജ്‌, റിയാസ്‌ കെ.എം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

ഫൈന്‍ ആര്‍ട്‌സ്‌ കോഴ്‌സുകളിലെ അഡ്‌മിഷന്‍


കൊച്ചി : കര്‍ണ്ണാടക സ്‌റ്റേറ്റ്‌ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അല്ലാമപ്രഭു ലളിതകലാ അക്കാദമി നടത്തുന്ന ഫൈന്‍ ആര്‍ട്‌സ്‌ കോഴ്‌സുകളിലെ 2015-16 വര്‍ഷത്തേക്കുള്ള അഡ്‌മിഷന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏതുപ്രായത്തിലും ജോലിചെയ്യുന്നവര്‍ക്കും സുകുമാരകലകളില്‍ പഠനം നടത്താന്‍ പര്യാപ്‌തമായ രീതിയിലാണ്‌ കോഴ്‌സുകള്‍ നടത്തുന്നത്‌. ചിത്രകല, ശില്‍പ്പകല, അപ്ലൈഡ്‌ ആര്‍ട്‌സ്‌, സംഗീതം, നൃത്തം, നാടകം എന്നിവയില്‍ ബിരുദത്തിനും ബിരുദാനന്തര പഠനത്തിനും സൗകര്യമുണ്ട്‌. തൃപ്പൂണിത്തുറ ഇന്‍സൈറ്റ്‌ ആര്‍ട്‌സ്‌ ഫൗണ്ടേഷനിലാണ്‌ ക്ലാസുകള്‍ നടക്കുന്നത്‌. കലയില്‍ പ്രാവീണ്യം നേടിയ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ പ്രത്യേക പഠനയോഗ്യതയില്ലാതെ നേരിട്ട്‌ അഡ്‌മിഷന്‍ നല്‍കും. ഏതെങ്കിലും ബിരുദം ഉള്ളവര്‍ക്ക്‌ എംഎഫ്‌എ കോഴ്‌സിന്‌ നേരിട്ട്‌ ചേര്‍ന്ന്‌ പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9847220694 എന്ന നമ്പറില്‍ ബന്ധപ്പെടുക. അഡ്വ. എ വി ബിജു, ഡോ. ഡി എ ഉപാധ്യായ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ദീര്‍ഘവീക്ഷണം ഇല്ലാതെയാണ്‌ കേരളത്തില്‍ താല്‍ക്കാലിക മജിസ്‌ട്രേറ്റ്‌ കോടതികള്‍ ആരംഭിച്ചതെന്ന്‌




കൊച്ചി : ദീര്‍ഘവീക്ഷണം ഇല്ലാതെയാണ്‌ കേരളത്തില്‍ താല്‍ക്കാലിക മജിസ്‌ട്രേറ്റ്‌ കോടതികള്‍ ആരംഭിച്ചതെന്ന്‌ ഭാരതീയ അഭിഭാഷക പരിഷത്ത്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയില്‍ മെമ്മോറാണ്ടം നല്‍കും. ആറ്‌ മണിക്കൂര്‍ തുടര്‍ച്ചയായി സിറ്റിംഗ്‌ നടത്തിയിരുന്ന കോടതികളില്‍ ഇപ്പോള്‍ ഒരു മണിക്കൂര്‍ മാത്രമാണ്‌ സിറ്റിംഗ്‌ നടത്തുന്നത്‌. ഇവ ആഴ്‌ചയില്‍ ഒന്നോരണ്ടോ തവണയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടെ നിയമിച്ചിരിക്കുന്ന മജിസ്‌ട്രേറ്റുമാര്‍ക്ക്‌ വേണ്ടത്ര യോഗ്യതയില്ല. താല്‍ക്കാലിക ജീവനക്കാരുടെ നിയമനം കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അഡ്വ. എം എ വിനോദ്‌, ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി എല്‍ ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എന്‍ ജഗത്ത്‌, എം എന്‍ മനോജ്‌, കെ ബി സാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൊച്ചി മെട്രോ - നോ്‌ക്കുകൂലി ആവശ്യം പാളങ്ങള്‍ നീക്കുന്ന പണി നിലച്ചു


കൊച്ചി
തൊഴിലാളി യൂണിയനുകള്‍ അന്യായമായി നോക്കുകൂലി ആവശ്യപ്പെട്ടതോടെ കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ പുരോഗതിയെ വീണ്ടും ബാധിക്കുന്നു.
കൂലിക്കു പുറമെ അന്യായമായി തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതോടെ മെട്രോയ്‌ക്കായി കൊണ്ടു വന്ന പാളങ്ങള്‍ തുറമുഖത്തു നിന്നും കലൂരിലെ യാര്‍ഡിലേക്കു മാറ്റുന്ന ജോലികള്‍ തടസ്സപ്പെട്ടു.
കൊച്ചി മെട്രോ റെയിലിനായി ഒരാഴ്‌ച മുന്‍പ്‌ ഫ്രാന്‍സില്‍ നിന്നും കൊച്ചി തുറമുഖത്ത്‌ എത്തിച്ച 3361 ടണ്‍ വരുന്ന റെയില്‍ പാളങ്ങള്‍ നീക്കുന്നതാണ്‌ തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതോടെ തടസ്സപ്പെട്ടിരിക്കുന്നത്‌. വേതനത്തിനു പുറമെ അട്ടിക്കാശ്‌ എന്ന പേരില്‍ നോക്കുകൂലി വേണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം. ഇതിനാല്‍ പാളം നീക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്കു വന്‍ തുക ചെലവാകും.
അട്ടിക്കാശിനു പുറമെ ഒരു വണ്ടിക്ക്‌ 1500 രൂപയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.ഇതിനു പുറമെ 200 രൂപചായക്കാശ്‌ ഒരു ലോഡിനു 5000 രൂപയാണ്‌ കൊടുക്കുന്നതെന്നും കരാര്‍ ഏറ്റഠുത്ത കമ്പനിക്കാര്‍ പറയുന്നു.
എന്നാല്‍ ഇതിനുപുറമെ ഈ ജോലിക്ക്‌ തങ്ങളുടെ യൂണിയനില്‍പ്പെട്ടവരെ എടുക്കണമെന്നാണ്‌ മറ്റൊരു ആവശ്യം.
കലൂരിലെ യാര്‍ഡിലേക്കു ഉടനടി പാള്‌ങ്ങള്‍ മാറ്റിയില്ലെങ്കില്‍ കൊച്ചി തുറമുഖ അധികൃതര്‍ക്ക്‌ സ്ഥലവാടകയായി വന്‍ തുക നല്‍കേണ്ടിവരും .എന്നാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക്‌ ജോലി നല്‍കണമെന്നതു മാത്രമാണ്‌ തങ്ങളുടെ ആവശ്യമെന്നു യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.
ഇതിനു മുന്‍പും നോക്കുകൂലി വിവാദത്തില്‍പ്പെട്ട്‌ മെട്രോ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. അന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഇടപെട്ടാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. സര്‍ക്കാര്‍ ഇടപെട്ട്‌ പ്രശ്‌നപരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കരാര്‍ ഉപേക്ഷിക്കുമെന്നു കരാറുകാരന്‍ വ്യക്തമാക്കി.