2015, ജൂൺ 3, ബുധനാഴ്‌ച

നഴ്‌സിങ്ങ്‌ റിക്രൂട്ട്‌മെന്റിലെ അപാകത : സുപ്രിംകോടതിയെ സമീപിക്കും


കൊച്ചി : വിദേശത്ത്‌ ജോലിക്കുപോകാന്‍ ഉദ്ദേശിക്കുന്ന നഴ്‌സുമാര്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങളിലെ അപാകതകള്‍ക്കെതിരെ നഴ്‌സിങ്‌ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ യുണൈറ്റഡ്‌ നഴ്‌സിങ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി നിയമസഹായ സമിതി രൂപീകരിക്കാന്‍ 9ന്‌ സമ്മേളനം നടത്തും. രാവിലെ പത്തിന്‌ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം മുന്‍ എം.പി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും.
നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കുന്നതിന്‌ മുന്‍പ്‌ ഇതിനാവശ്യമായ സൗകര്യങ്ങള്‍ അവിടെ ഉണ്ടോയെന്ന്‌ ഉറപ്പ്‌ വരുത്തണമായിരുന്നു. പത്താം ക്ലാസ്‌ ജയിച്ചവര്‍ക്ക്‌ എമിഗ്രേഷന്‍ വേണ്ടെന്ന നിയമം നിലനില്‍ക്കെ നഴ്‌സിങ്‌ സമൂഹത്തിനുമാത്രം രണ്ട്‌ എമിഗ്രേഷന്‍ എന്നത്‌ കടുത്ത അനീതിയാണെന്നും ജാസ്‌മിന്‍ ഷാ പറഞ്ഞു. ഈ അപാകതകള്‍ പരിശോധിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ പതിനായിരക്കണക്കിന്‌ ഇന്ത്യന്‍ നഴസുമാരുടെ ഭാവി അവതാളത്തിലാകും. ഇത്തരം ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്‌ ഭീമഹര്‍ജി നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ മുഖ്യാതിഥിയാകും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9567574809, 9447532533 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹാരിസ്‌ മണലുംപാറ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഞ്‌ജലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ