2015, ജൂൺ 30, ചൊവ്വാഴ്ച

സോളാര്‍ തട്ടിപ്പ്‌ - വിഎസിനെ പിണറായി തള്ളി സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന്‌



കൊച്ചി: 
സോളാര്‍ തട്ടിപ്പിന്റെ അന്വേഷണ കാര്യത്തില്‍ വിഎസും പിണറായിയും രണ്ടു ധ്രുവങ്ങളില്‍. വിഎസിന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം പിണറായി തള്ളിക്കളഞ്ഞു.
സോളാര്‍ തട്ടിപ്പിനെക്കുറിച്ച്‌ പുതിയൊരു അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന്‌ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ ആവശ്യം പാര്‍ട്ടിയുടേതല്ലെന്നും പിണറായി സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കി.
സോളാര്‍ തട്ടിപ്പ്‌ നടത്തിയ സരിത, ബിജു രാധാകൃഷ്‌ണന്‍, ടെന്നിജോപ്പന്‍, ശാലുമേനോന്‍ എന്നിവരെക്കുറിച്ച്‌ എസ്‌.ഐ.ടി അന്വേഷിക്കുന്നുണ്ട്‌. ഒരു കേസില്‍ സരിതയേയും ബിജുരാധാകൃഷ്‌ണനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്‌. തട്ടിപ്പില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെക്കുറിച്ച്‌ ജുഡീഷ്യല്‍ കമ്മീഷനും അന്വേഷിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയുടേയൊ ദേശീയ ഏജന്‍സിയുടേയൊ അന്വേഷണമാവശ്യമില്ല. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട്‌ വി.എസ്‌ അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ടിലെ വിശദാംശങ്ങളെക്കുറിച്ച്‌ പാര്‍ട്ടിക്ക്‌ അറിയില്ല. ഇക്കാര്യത്തില്‍ വി.എസ്‌ സ്വീകരിച്ച്‌ നിലപാട്‌ പാര്‍ട്ടിയുടേതായിരുന്നില്ല. പാര്‍ട്ടി അത്തരത്തിലൊരു നിലപാട്‌ കൈക്കൊണ്ടിട്ടില്ല. സോളാര്‍ തട്ടിപ്പില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിട്ട സമയത്ത്‌ തന്നെ അത്തരൊമൊരു അന്വേഷണം നടക്കുമെന്ന്‌ എല്‍.ഡി.എഫിന്‌ അറിയാമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും അന്വേഷണ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയപ്പോഴാണ്‌ എല്‍.ഡി.എഫ്‌ കമ്മീഷനുമായി സഹകരിക്കാതിരുന്നത്‌. 
പിന്നീട്‌ കമ്മീഷന്‍ തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ സഹകരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം നടക്കുന്ന സമയത്ത്‌ സാമാന്യ മര്യാദയനുസരിച്ച്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്‌ മാറി നില്‍ക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
മുഖ്യമന്ത്രിയുടെ ഓഫീസ്‌ കുറ്റവാളികളുടെ താവളമാക്കിയതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കാണ്‌. മുഖ്യമന്ത്രിയുടെ സഹായത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതികള്‍ തട്ടിപ്പ്‌ നടത്തിയിരിക്കുന്നത്‌. സോളാര്‍ പദ്ധതി നടപ്പാക്കുന്നതിലായിരുന്നില്ല സര്‍ക്കാരിന്റെ താത്‌പര്യം. പദ്ധതിയുമായി ബന്ധപ്പെട്ട്‌ തട്ടിപ്പ്‌ നടത്തുന്നതിലായിരുന്നു സര്‍ക്കാരിന്‌ താത്‌പര്യം. സരിതയ്‌ക്ക്‌ മുഖ്യമന്ത്രിയടക്കമുള്ളവരുമായുള്ള അടുപ്പത്തെതുടര്‍ന്നാണ്‌ ടീം സോളാറിന്‌ പണം നല്‍കാന്‍ തയാറായതെന്നാണ്‌ തട്ടിപ്പിനിരയായവര്‍ പറയുന്നത്‌. 
21 പേജുള്ള സരിതയുടെ മൊഴി അട്ടിമറിച്ചതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌. ജയില്‍ ഡി.ഐ.ജി ഗോപകുമാര്‍ സരിതയെ അട്ടക്കുളങ്ങര ജയിലില്‍ വന്നുകണ്ടാണ്‌ ഈ മൊഴിമാറ്റത്തിന്‌ വഴിയൊരുക്കിയത്‌. സരിത മൊഴി മാറ്റുന്നതിന്‌ മുമ്പ്‌ അവരുടെ അമ്മയും മറ്റൊരാളും സരിതയെ ജയിലില്‍ വന്ന്‌ കണ്ടിരുന്നു. ഇതിനു ശേഷമുള്ള സരിതയുടെ മൊഴി മാറ്റം കമ്മീഷന്‍ പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
മന്ത്രിമാരും എം.എല്‍.എമാരും സോളാര്‍ പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ഉന്നത പൊലിസ്‌ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്‌. ഈ രേഖകള്‍ ഐ.ജി ജോസും മറ്റു ചില ഉദ്യോസ്ഥരുമാണ്‌ സ്വരൂപിച്ചത്‌. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പേഴ്‌സണല്‍ സെക്രട്ടറി ടി.കെ രവീന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്‌ ഐ.ജി ടി.ജെ ജോസാണെന്ന്‌ ആഭ്യന്തര വകുപ്പിനറിയാമായിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി സെന്‍കുമാര്‍ ഡി.ജി.പിയോട്‌ ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയിടപ്പെട്ടാണ്‌ ടി.ജെ ജോസിനെതിരായ നടപടി തടഞ്ഞത്‌. മുഖ്യമന്ത്രി പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന സമയത്ത്‌ ജോസിനെ പിണക്കുന്നത്‌ അപകടമാണെന്ന തിരിച്ചറിവാണ്‌ ഇതിനുകാരണം. പൊലിസ്‌ ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഫോണ്‍ രേഖയിലെ വിശദാംശങ്ങളെക്കിറിച്ച്‌ മുഖ്യമന്ത്രിയ്‌ക്കും മറ്റു മന്ത്രിമാര്‍ക്കും അറിയാം. 2011 മുതല്‍ 2013 വരേയുള്ള സമയത്ത്‌ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചവരുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലില്‍ നിന്ന്‌ വിളിച്ചുവരുത്തി കമ്മീഷന്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ മന്ത്രിമാരടക്കമുള്ളവര്‍ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ക്ക്‌ പണം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി സരിത എഴുതിയ കത്ത്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാതിരുന്നത്‌ കേസ്‌ അട്ടിമറിക്കാനായിരുന്നുവെന്നും പിണറായി പറഞ്ഞു. 


സര്‍ക്കാരിനെതിരേയുള്ള ജനവികാരം അരുവിക്കരയില്‍ പ്രതിഫലിച്ചില്ല : പിണറായി

കൊച്ചി:സര്‍ക്കാരിനെതിരേയുള്ള ജനവികാരം അരുവിക്കരയില്‍ പ്രതിഫലിച്ചില്ലെന്നും സ്വാഭാവികമായുണ്ടായ സഹതാപതരംഗമാണ്‌ ശബരിനാഥിനെ വിജയിപ്പിച്ചതെന്ന്‌ സിപിഎം നേതാവ്‌ പിണറായി വിജയന്‍.എറണാകുളം ഗസ്‌റ്റ്‌ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനവികാരത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്‌ യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടായത്‌.പണത്തിന്റേയും പ്രലോഭനത്തിന്റെയും മറ്റ്‌ തരത്തിലുള്ള സ്വാധീനിക്കലിന്റെയും വിജയമാണിത്‌.അരുവിക്കരയില്‍ ഉമ്മന്‍ചാണ്ടി സാധാരണയില്‍ കവിഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.യു.ഡി.എഫി ന്‌ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഒരുക്കികൊടുത്തു. തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ആസൂത്രിതമായ രീതിയില്‍ പണമിറക്കി.ജനവിധി അംഗീകരിക്കുന്നു. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫിനെ കൂടുതല്‍ ശക്‌തിപ്പെടുത്തും.ബി.ജെ.പിക്ക്‌ 25000 വോട്ട്‌ ലഭിക്കുമെന്ന്‌ സി.പി.എം പ്രതീക്ഷിച്ചിരുന്നു. എല്‍.ഡി.ഫി ന്റേയും യു.ഡി.എഫിന്റേയും വോട്ട്‌ ബി.ജെ.പിക്ക്‌ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ