2015, ജൂൺ 18, വ്യാഴാഴ്‌ച

ജാതീയമായി ആക്ഷേപിച്ച്‌ പട്ടിക ജാതി ഐ.ടി സംരംഭകയെ സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കി





 ജാതീയമായി ആക്ഷേപിച്ച്‌ പട്ടിക ജാതി ഐ.ടി സംരംഭകയെ സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കിയതായി പരാതി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ ഗ്രാമീണ ഐ.ടി സംരംഭമായ എറണാകുളം തിരുമാറാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോ ലോഡ്‌ജിലെ ബി പോസിറ്റീവ്‌ എന്ന സ്ഥാപനം നടത്തുന്ന യുവ വനിത സംരംഭകയായ സൗമ്യദേവിയാണ്‌ പരാതിക്കാരി. വാടക കുടിശിക വരുത്തിയെന്നും മേലധികാരികളോട്‌ ധിക്കാരപരമായി പെരുമാറിയെന്നും ആരോപിച്ച്‌ സ്ഥാപത്തിന്റെ സി.ഇ.ഒ, കാശില്ലാത്ത പുലയരൊക്കെ എന്തിനാണ്‌ ബിസിനസ്‌ ചെയ്യുന്നതെന്നും വേറെ പണിക്ക്‌ പോകരുതോ എന്ന്‌ ചോദിച്ചതായും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളത്‌ കൊണ്ടാണ്‌ വാടക കൊടുക്കാന്‍ താമസിച്ചത്‌. എന്നാല്‍ തന്നേക്കാള്‍ കൂടുതല്‍ കുടിശികയുള്ളവര്‍ സ്ഥാപനത്തിലുണ്ട്‌. ചെറിയ തുക മാത്രം കുടിശികയുള്ള തന്നെ ഗൂഡാലോചനയിലൂടെയാണ്‌ പുറത്താക്കിയിരിക്കുന്നത്‌. പുറത്താക്കുന്നതിന്‌ മുമ്പ്‌ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. സ്ഥാപനത്തില്‍ ജോലി ചെയ്‌തു കൊണ്ടിരിക്കുമ്പോഴായിരുന്നു ലാപ്‌ടോപ്പും മറ്റു രേഖകളും പിടിച്ചെടുത്ത ശേഷം തന്നെ പുറത്താക്കിയത്‌. സ്ഥാപനത്തിലെ ഏക വനിത-പട്ടിക സംരംഭകയാണ്‌ താന്‍. തന്റെ വസ്‌ത്രത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും സ്ഥാപനത്തില്‍ നിന്ന്‌ പരിഹാസമേല്‍ക്കേണ്ടി വന്നിട്ടുണ്ട്‌. സി.ഇ.ഒ ധിക്കാരപരമായാണ്‌ സംരംഭകരോട്‌ പെരുമാറുന്നത്‌. പലര്‍ക്കും ഇതേകുറിച്ച്‌ പരാതിയുണ്ട്‌. പേടി കാരണമാണ്‌ ആരും ഒന്നും പുറത്ത്‌ പറയാത്തത്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുത്താട്ടുകുളം പൊലീസ്‌ സ്റ്റേഷനിലും പട്ടിക ജാതി വകുപ്പിനും ജില്ലാ കളക്‌ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. യു.കെയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ സൗമ്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന തിരുമാറാടി പഞ്ചായത്ത്‌ സ്വദേശിയാണ്‌. 


കൊച്ചി: ജാതീയമായി ആക്ഷേപിച്ച്‌ പട്ടിക ജാതി ഐ.ടി സംരംഭകയെ ഗ്രാമീണ ഐ.ടി സംരംഭമായ പിറവം ടെക്‌നോ ലോഡ്‌ജില്‍ നിന്ന്‌ പുറത്താക്കിയന്ന വാദം അടിസ്ഥാന രഹിതമാണെന്ന്‌ ടെക്‌നോ ലോഡ്‌ജ്‌ സി.ഇ.ഒ രഞ്‌ജിനി ബ്രൈറ്റ്‌. താനും ഒരു പട്ടിക ജാതി വിഭാഗക്കാരിയാണ്‌. അത്‌ കൊണ്ട്‌ തന്നെ ജാതീയമായി ആക്ഷേപിച്ചുവെന്ന വാദം തെറ്റാണ്‌. ഇക്കാര്യം പൊലീസിനും പട്ടിക ജാതി സംഘടനകള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്ഥാപനത്തിലെ അധികാരികളോട്‌ മോശമായി പെരുമാറിയതിനാല്‍ ബോര്‍ഡിന്‌ മുമ്പാകെ ഹാജരാകണമെന്നാണ്‌ സൗമ്യദേവിയെ അറിയിച്ചത്‌. പുറത്താക്കിയതായി കാണിച്ച്‌ ഒരു മെയിലും കത്തും സി.ഇ.ഒ എന്ന നിലയില്‍ താന്‍ നല്‍കിയിട്ടില്ല. ആറു മാസമായി കുടിശിക വരുത്തിയതിനാല്‍ ബോര്‍ഡ്‌ യോഗത്തിന്റെ തീരുമാന പ്രകാരം അത്‌ സൗമ്യയെ അറിയിക്കാനും നോട്ടീസ്‌ നല്‍കാനും വേണ്ടി തന്റെ ക്യാബിനിലേക്ക്‌ വിളിച്ചപ്പോള്‍ ഞാന്‍ വരില്ലെന്നും താന്‍ എന്തു വേണമെങ്കിലും ചെയ്‌തോ എന്നുമായിരുന്നു സൗമ്യയുടെ നിലപാട്‌. ഇക്കാര്യം താന്‍ ബോര്‍ഡിനെ അറിയിക്കുകയും തുടര്‍ന്ന്‌ ബോര്‍ഡിനെ കണ്ട്‌ ഇനി സ്ഥാപനത്തില്‍ പ്രവേശിച്ചാല്‍ മതിയെന്ന സ്ഥാപനത്തിന്റെ തീരുമാനം കാണിച്ച്‌ അവര്‍ക്ക്‌ മെയില്‍ അയക്കുകയുമാണ്‌ താന്‍ ചെയ്‌തത്‌. സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കിയതായുള്ള ഒരു പരാമര്‍ശവും അതിലുണ്ടായിരുന്നില്ല. പക്ഷെ അതിന്‌ ശേഷം സൗമ്യ സ്ഥാപനത്തില്‍ വന്നിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട പൊലീസ്‌ സ്റ്റേഷനിലാണ്‌ പിന്നീട്‌ അവരെ കാണുന്നത്‌. മോശമായ രീതിയിലാണ്‌ സൗമ്യ മറുപടി മെയില്‍ അയച്ചിരിക്കുന്നതെന്നും ഇക്കാര്യം വിഷയവുമായി ബന്ധപ്പെട്ട്‌ ഓഫീസിലെത്തിയ കെ.പി.എം.എസ്‌ പോലുള്ള സംഘടനകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ