2015, ജൂൺ 4, വ്യാഴാഴ്‌ച

ആരാധനാലയങ്ങളും ആരാധനാലയങ്ങളില്‍ ശ്‌മശാനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ തന്നെ കൈമാറണമെന്ന്‌

കൊച്ചി: പുതിയ ആരാധനാലയങ്ങളും ആരാധനാലയങ്ങളില്‍ ശ്‌മശാനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ തന്നെ കൈമാറണമെന്ന്‌ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം.വീരാന്‍കുട്ടി സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന്‌ നല്‍കുമെന്നും കൊച്ചിയില്‍ നടത്തിയ സിറ്റിംഗില്‍ അദ്ദേഹം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ കമ്മീഷന്‌ മുന്നില്‍ നിരവധി പരാതികളെത്തിയിരുന്നു. ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും മുസ്‌ലിം, ക്രിസ്‌ത്യന്‍ സമുദായാംഗങ്ങളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനും സ്ഥലം ഒരുക്കുന്നതിന്‌ അനുമതി ലഭിക്കാത്തതും സംബന്ധിച്ചായിരുന്നു പരാതികള്‍. ശ്‌മശാനങ്ങള്‍ നിര്‍മിക്കുമ്പോള്‍ അനാവശ്യമായി തടസ്സങ്ങളുണ്ടാക്കുകയും ഇതിന്റെ പേരില്‍ കളക്‌ടര്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്നുവെന്ന ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്‌. ശ്‌മശാനത്തിന്‌ പഞ്ചായത്തുകള്‍ വഴി അനുമതി ലഭിച്ച ശേഷം ആരോഗ്യ വകുപ്പ്‌ സാക്ഷ്യപ്പെടുത്തി കളക്ടറുടെ തീരുമാനത്തിനായി സമര്‍പ്പിക്കുന്നതാണ്‌ നിലവിലെ രീതി. പലപ്പോഴും ഇതില്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുന്നുണ്ട്‌. ഇത്‌ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നാണ്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്‌.
ഇത്തരം അപേക്ഷകളില്‍ പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ പ്രശ്‌നങ്ങളില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‌ തന്നെ അനുമതി നല്‍കുന്നതിന്‌ നിയമമുണ്ടാകണമെന്നും ഇതിനായി കമ്മീഷന്‍ ശക്തമായി ഇടപെടുമെന്നും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ സംസ്ഥാനത്താകെ ഇരുപതോളം കേസുകളാണ്‌ കമ്മീഷന്‌ മുന്നിലുള്ളത്‌. എറണാകുളം ജില്ലയിലെ ആറു കേസുകള്‍ ഇന്നലെ പരിഗണനയ്‌ക്കെടുത്തു. ജില്ലയിലെ കരുമാല്ലൂരിലുള്ള ഒരു ജുമാ മസ്‌ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ ഖബര്‍സ്ഥാന്‍ പണിയുന്നതിന്‌ കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ക്രമസമാനാധത്തിന്റെ പ്രശ്‌നം പറഞ്ഞ്‌ കളക്‌ടര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പള്ളി കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഈ സ്ഥലം സന്ദര്‍ശിക്കുകയും ഖബര്‍സ്ഥാന്‍ നിര്‍മിക്കുന്നതിന്‌ യാതൊരു തടസ്സവുമില്ലെന്നും പരിസരവാസികള്‍ക്ക്‌ എതിര്‍പ്പില്ലെന്നും കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ പൊലീസ്‌ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ജില്ലാ കളക്‌ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഈ നടപടി ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ പള്ളി അധികൃതര്‍ വീണ്ടും കമ്മീഷന്‌ മുന്നിലെത്തിയത്‌. പെരുമ്പാവൂര്‍ കൂവപ്പടിയില്‍ ക്രിസ്‌ത്യന്‍ ദേവാലയം പണിയുന്നതിന്‌ നിയമപ്രകാരം അനുമതി ലഭിച്ചിട്ടും ഹിന്ദു ഐക്യ വേദി പോലെയുള്ള സംഘനടകള്‍ നിര്‍മാണം തടസ്സപ്പെടുത്തുന്നുവെന്നാണ്‌ പരാതി. ഈ രണ്ടു പരാതികളും വാദം കേള്‍ക്കുന്നിനായി 25ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ഹയര്‍ സിറ്റിങിലേക്ക്‌ മാറ്റിവച്ചു. അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.

കൊച്ചി: ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഏറെയുള്ള ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിനെ ന്യൂനപക്ഷ ബ്ലോക്കായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രസിഡന്റ്‌ ഏലിയാമ്മ ഐസക്ക്‌ സംസഥാന ന്യൂനപക്ഷ കമ്മീഷന്‌ അപേക്ഷ നല്‍കി. ഇന്നലെ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ നടന്ന സിറ്റിങിലാണ്‌ അപേക്ഷ സമര്‍പ്പിച്ചത്‌. അപേക്ഷ റിപ്പോര്‍ട്ടിനായി ജില്ലാ കളക്ടര്‍ക്ക്‌ സമര്‍പ്പിക്കുമെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കി.
പശ്ചിമ കൊച്ചിയില്‍ ചെല്ലാനം, കണ്ണമാലി ഭാഗത്ത്‌ കടലാക്രമണം തടയുന്നതിനായി കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്‌ സംബന്ധിച്ച്‌ കൊച്ചി തുറമുഖ ട്രസ്റ്റുമായി നിലനിന്ന കേസില്‍ ഭിത്തി പണിയാന്‍ കമ്മീഷന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്‌ നിര്‍ദേശം നല്‍കി. തുടര്‍ നടപടികള്‍ സ്വീകരിക്കാനും വിശദാംശങ്ങള്‍ അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കടല്‍ഭിത്തി നിര്‍മിക്കുന്നതിന്‌ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ തടസ്സം നില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്‌ നടപടി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേപില്‍ (കോ ഓപ്പറേറ്റീവ്‌ അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എജ്യുക്കേഷന്‍) നിയമനത്തിന്‌ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയിലും തെറ്റു തിരുത്തണമെന്ന്‌ കമ്മീഷന്‍ ഉത്തരവിട്ടു. കാലടി ശ്രീ ശങ്കരചാര്യ സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുന്നതിന്‌ ഗൈഡിനെ ലഭിക്കുന്നില്ലെന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിയുടെ പരാതിയിലും കമ്മീഷന്‍ പരാതിക്കാരിക്ക്‌ അനുകൂലമായി ഉത്തരവിട്ടു.
ഇന്നലെ നടന്ന സിറ്റിംഗില്‍ മൊത്തം 27 കേസുകളാണ്‌ കമ്മീഷന്‍ പരിഗണിച്ചത്‌. ആറു കേസുകളില്‍ തീരുമാനമായി. മറ്റുള്ള കേസുകളില്‍ അടുത്ത സിറ്റിംഗില്‍ വാദം കേള്‍ക്കും ചെയര്‍മാന്‍ അഡ്വ എം. വീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരും പങ്കെടുത്തു. അടുത്ത സിറ്റിംഗ്‌ ജൂലൈ 30ന്‌ നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ