2025 നവംബർ 23, ഞായറാഴ്‌ച

മെല്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ലെന്‍സ്കാര്‍ട്ട്,



പോപ്മാര്‍ട്ടുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു


 



കൊച്ചി: ബാഴ്സലോണയില്‍ നിന്നുള്ള ബ്രാന്‍ഡായ മെല്ലര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലെന്‍സ്കാര്‍ട്ട്. ഇതോടൊപ്പം ആഗോള പോപ്പ്-കള്‍ച്ചര്‍ ബ്രാന്‍ഡായ പോപ്മാര്‍ട്ടുമായി പുതിയ ക്രിയേറ്റീവ് ഐവെയര്‍ പങ്കാളിത്തവും ലെന്‍സ്കാര്‍ട്ട് പ്രഖ്യാപിച്ചു. ആധുനിക 'ഹൗസ് ഓഫ് ഐവെയര്‍ ബ്രാന്‍ഡ്സ്' കെട്ടിപ്പടുക്കാനുള്ള ലെന്‍സ്കാര്‍ട്ടിന്‍റെ ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ഈ നീക്കം. പോപ്പ് മാര്‍ട്ട് ഃ ലെന്‍സ്കാര്‍ട്ട് കണ്ണട ശേഖരം ഡിസംബര്‍ ആദ്യ വാരം മുതല്‍ സിംഗപ്പൂരില്‍ ഓണ്‍ലൈനിലും തിരഞ്ഞെടുത്ത ലെന്‍സ്കാര്‍ട്ട് സ്റ്റോറുകളിലും ലഭ്യമാകും. ഹാരീ പോട്ടര്‍, ഹെല്ലോ കിറ്റി, പോക്കിമോന്‍, ഡ്രാഗണ്‍ ബോള്‍ സീ, സൂപ്പര്‍മാന്‍, ബാറ്റ്മാന്‍ എന്നിവയുള്‍പ്പെടെയുള്ള ലെന്‍സ്കാര്‍ട്ടിന്‍റെ സാംസ്കാരിക സഹകരണങ്ങളുടെ വിപുലീകരണം കൂടിയാണ് ഈ പങ്കാളിത്തം.


 


യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ഡയറക്റ്റ് ടു കണ്‍സ്യൂമര്‍ യൂത്ത് ഐവെയര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബാഴ്സലോണയില്‍ സ്ഥാപിതമായ മെല്ലര്‍. 7 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള മെല്ലര്‍ ഇതിനകം യൂറോപ്പിലും യു.എസിലും ശക്തമായ സാന്നിധ്യം  ഉറപ്പിച്ചു കഴിഞ്ഞു. പങ്കാളിത്തത്തിന്‍റെ ഭാഗമായി ലെന്‍സ്കാര്‍ട്ടിന്‍റെ ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ ശൃംഖലയിലുടെയും, ലെന്‍സ്കാര്‍ട്ട് ആപ്പ് വഴിയും, വെബ്സൈറ്റ് വഴിയും, ഓണ്‍ലൈനിലും മെല്ലര്‍ ലഭ്യമാവും. 500 തിരഞ്ഞെടുത്ത സ്റ്റോറുകളിലായിരിക്കും ബ്രാന്‍ഡ് ആദ്യം എത്തുക. മെല്ലര്‍, ജോണ്‍ ജേക്കബ്സ്, ഓണ്‍ഡേയ്സ് പോലുള്ള ബ്രാന്‍ഡുകളിലൂടെയും, പോപ്മാര്‍ട്ട്, ഡ്രാഗണ്‍ ബോള്‍ സീ, ഹാരി പോട്ടര്‍ തുടങ്ങിയ ക്രിയേറ്റീവ് പങ്കാളിത്തങ്ങളിലൂടെയും പുതുതലമുറ ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കിയുള്ള പ്രീമിയം നിരയാണ് ലെന്‍സ്കാര്‍ട്ട് ക്രമേണ കെട്ടിപ്പടുക്കുക്കുന്നത്.

അറബിക്കടലിൽ പുതിയ ഇനം നീരാളി കൂന്തളിനെ കണ്ടെത്തി

 




ടനിൻജിയ എന്ന ജനുസ്സിൽ പെട്ട ലോകത്തിലെ തന്നെ രണ്ടാമത്തെ കൂന്തൾ ഇനം കണ്ടെത്തിയത് സിഎംഎഫ്ആർഐ ശാസ്ത്രസംഘം

കൊച്ചി: അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്ര സംഘം.

ആഗോളതലത്തിൽത്തന്നെ അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽ (വർഗം) പെട്ടതാണ് ഈ ആഴക്കടൽ കൂന്തൾ. ഇതുവരെ, അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ടനിൻജിയ ഡാനേ മാത്രമാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൾ ഇനം. രണ്ടാമത്തെ ഇനം കൂന്തളിനെയാണ് സിഎംഎഫ്ആർഐ സംഘം കണ്ടെത്തിയത്.

കൊല്ലം പുറംകടലിൽ ഏകദേശം 390 മീറ്റർ ആഴത്തിൽനിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട ഈ കൂന്തളിനെ ലഭിച്ചത്. ഇവക്ക് കൂന്തളുകളെ പോലെ രണ്ട് നീളമുള്ള സ്പർശിനികൾ (ടെന്റക്കിൾ) ഇല്ല.
നീരാളികളെ പോലെ എട്ട് കൈകൾ മാത്രമാണുള്ളത്. ഇക്കാരണത്താൽ നീരാളി കൂന്തൾ എന്നാണ് ഇവയെ വിളിക്കുന്നത്. സാധാരണ കൂന്തളുകൾക്ക് എട്ട് കൈകളും പുറമെ രണ്ട് സ്പർശിനികളുമുണ്ടാകാറുണ്ട്.  

സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ കെ കെ സജികുമാറും ചേർന്ന ഗവേഷണ സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ.

പുതിയ കൂന്തളിനെ ടനിൻജിയ സൈലാസി എന്ന് നാമകരണം ചെയ്തു. സിഎംഎഫ്ആർഐ മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞൻ ഡോ ഇ ജി സൈലാസിന് ആദരമായാണ് ഈ പേര് നൽകിയത്. ഇന്ത്യയിലെ കണവ ഗവേഷണ രംഗത്ത് മുൻനിരക്കാരനായിരുന്നു ഡോ സൈലാസ്. ഇന്ത്യൻ നീരാളി കൂന്തൾ എന്നാണ്

ആദ്യമായാണ് അറബിക്കടലിൽ നിന്നും ടനിൻജിയ വർഗത്തിലെ നീരാളി കൂന്തളിനെ കണ്ടെത്തുന്നത്. ആദ്യകാഴ്ചയിൽ, ഈ വർഗത്തിലെ ഏകയിനമായ ടനിൻജിയ ഡാനേ ആണെന്നാണ് കരുതിയത്. ഇവ ഏകജാതീയമാണെന്നായിരുന്നു (മോണോടൈപിക്) ഗവേഷകർക്കിടയിൽ ഇതുവരെയുണ്ടായിരുന്ന വിശ്വാസം. എന്നാൽ, ഇവ രണ്ടും തമ്മിൽ ബാഹ്യരൂപത്തിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ ജനിതക-വർഗീകരണ പഠനത്തിലാണ് അറബിക്കടലിൽ നിന്ന് ലഭിച്ചത് പുതിയ ഇനം കൂന്തളാണെന്ന് തിരിച്ചറിഞ്ഞത്- ഡോ ഗീത ശശികുമാർ പറഞ്ഞു.

വലിയ വലുപ്പവും തൂക്കവും കൈവരിക്കുന്നതാണ് ഈ കുടുംബത്തിലെ കൂന്തളുകൾ. ഇവ രണ്ട് മീറ്ററിലേറെ നീളവും ഏകദേശം 61 കിലോഗ്രാം തൂക്കവും കൈവരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ടുന്ന് ഡോ സജികുമാർ പറഞ്ഞു.

ലോകമെമ്പാടും ഏകദേശം 400-ഓളം വ്യത്യസ്ത ഇനം കൂന്തളുകളെ കണ്ടെത്തിയിട്ടുണ്ട്. പുതിയ കൂന്തളിനെ കണ്ടെത്തിയതായുള്ള പഠനം രാജ്യാന്തര ജേർണലായ മറൈൻ ബയോഡൈവേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗവേഷണ വിദ്യാർത്ഥികളായ ഡോ ഷിജിൻ അമേരി, ടോജി തോമസ് എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു.

2025 നവംബർ 12, ബുധനാഴ്‌ച

ജാഗൃതി എക്സ്പ്രസ് കൊച്ചിയിലെത്തി.

 




കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സംരംഭക ട്രെയിന്‍ യാത്രയായ ജാഗൃതി എക്സ്പ്രസ് കൊച്ചിയിലെത്തി.

 ജാഗൃതി യാത്രയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് സംഘം കൊച്ചി സന്ദര്‍ശിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ യാത്രാംഗങ്ങള്‍ക്ക് ഔദ്യോഗികമായ സ്വീകരണം ഒരുക്കി. കെഎസ് യുഎം സിഇഒ അനൂപ് അംബിക യാത്രയെ അഭിസംബോധന ചെയ്തു.

രാജ്യത്തൊട്ടാകെയുള്ള യുവ സാമൂഹിക-സംരംഭക പരിവര്‍ത്തകരായ 525 യുവയാത്രികരാണ് 15 ദിവസം നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കുന്നത്. 2008 ല്‍ ആരംഭിച്ച  ഈ യാത്ര എല്ലാ വര്‍ഷവും മുംബൈയില്‍ നിന്നാരംഭിച്ച് വിവിധ സ്ഥലങ്ങളിലൂടെ 8000 കി. മിയിലധികം യാത്ര ചെയ്ത് മുംബൈയില്‍ തന്നെ അവസാനിക്കും. വിവിധ മേഖലകളിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഭാഗമായാണ് കൊച്ചിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും യാത്രയില്‍ സന്ദര്‍ശിച്ചത്. കളമശേരിയിലെ ഡിജിറ്റല്‍ ഹബില്‍ നടന്ന പരിപാടിയില്‍ അനൂപ് അംബികയും ജാഗൃതി യാത്രാ ബോര്‍ഡംഗം സുനില്‍ പാങ്ഗോര്‍ക്കറും സംബന്ധിച്ചു. രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി കേരളം മാറിയതെങ്ങിനെയെന്ന് അനൂപ് അംബിക വിവരിച്ചു. സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായി കേന്ദ്രസര്‍ക്കാരുകള്‍ നല്‍കുന്ന സഹായപദ്ധതികളും അദ്ദേഹം സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു.7500 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തിലിന്നുള്ളത്. സേവന മേഖലയില്‍ നിന്ന് ഡീപ് ടെക്, ഉത്പന്ന വികസനം തുടങ്ങിയവയിലാണ് ഇനി സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 




തുറമുഖം, ബഹിരാകാശം, ആരോഗ്യമേഖല, ക്രിയേറ്റീവ് സമ്പദ് വ്യവസ്ഥ, പുനരുപയോഗ ഊര്‍ജ്ജം എന്നിവയിലാണ് ഇനി പരമ്പരാഗത വ്യവസായങ്ങളില്‍ കേരളത്തിന് ഊന്നല്‍ നല്‍കാവുന്നത്. എന്നാല്‍ ഡീപ് ടെക് മേഖലയില്‍ കേരളത്തിന്‍റെ സാധ്യതകള്‍ അനന്തമാണെന്നും അദ്ദേഹം പറഞ്ഞു.ഹുബ്ലിയില്‍ നിന്നാണ് യാത്ര കൊച്ചിയിലെത്തിയത്. ഇവിടെ നിന്നും മധുര, ശ്രീസിറ്റി, വിശാഖപട്ടണം, ബഹറാംപൂര്‍,  നളന്ദ, ദേവരിയ, ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ് വഴിയാണ് മുംബൈയിലെത്തുന്നത്.

2025 നവംബർ 10, തിങ്കളാഴ്‌ച

കായിക വിജയത്തില്‍ ഓറല്‍ ഹെല്‍ത്ത് നിര്‍ണായകമെന്ന് രാഹുല്‍ ദ്രാവിഡ്





കൊച്ചി: മികച്ച കായികക്ഷമത കൈവരിക്കുന്നതില്‍ വായയുടെ ആരോഗ്യത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസവും ഹെഡ് കോച്ചുമായ രാഹുല്‍ ദ്രാവിഡ്. ഉയര്‍ന്ന മത്സരാത്മക സാഹചര്യങ്ങളിലെ വിജയത്തെ നിര്‍വചിക്കുന്ന 'ഏറ്റവും ചെറിയ കാര്യങ്ങളില്‍' ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ സംസാരിക്കവെ, ഡെന്‍റല്‍ കെയര്‍ ഉള്‍പ്പെടെയുള്ള ഒരു കായികതാരത്തിന്‍റെ ആരോഗ്യത്തിന്‍റെ എല്ലാ വിശദാംശങ്ങളിലും ശ്രദ്ധ ചെലുത്തുന്നതിലൂടെ '1% മുന്‍തൂക്കം' ഉറപ്പാക്കുന്ന ആഗോള പ്രവണത ദ്രാവിഡ് എടുത്തു കാണിച്ചു. എഫ്സി ബാഴ്സലോണ പോലുള്ള ലോകോത്തര ടീമുകള്‍ വായയുടെ ആരോഗ്യ പരിശോധനകള്‍ നിര്‍ബന്ധമാക്കിയതിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇത് പ്രൊഫഷണല്‍ പ്രകടനത്തിന്‍റെ അവിഭാജ്യ ഘടകമായി ഓറല്‍ ഹൈജീന്‍ മാറുന്നതിനെ അടിവരയിടുന്നു. 'ഒരു പ്രൊഫഷണല്‍ അത്ലറ്റ് എന്ന നിലയില്‍ സ്വയം ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍, നിങ്ങളുടെ ഓറല്‍ ഹെല്‍ത്തും ശ്രദ്ധിക്കണം,' ദ്രാവിഡ് പറഞ്ഞു.


2025 മാർച്ച് 23, ഞായറാഴ്‌ച

വനിതാ ഡോക്ടറെ ആക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണം: കെ.ജി.എം.ഒ.എ




കൊച്ചി കരുമാലൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ വനിതാ ഡോക്ടറെ അസഭ്യവാക്കുകള്‍ കൊണ്ട് ആക്ഷേപിക്കുകയും  രാഷ്ട്രീയ ലക്ഷ്യത്തോടെ പഞ്ചായത്തംഗം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ജില്ലാ പ്രസിഡന്റ് ഡോ. ടി. സുധാകര്‍, സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. ജനുവരിയില്‍ കാലാവധി കഴിഞ്ഞ സോഡിയം വാല്‍പ്രൊയേറ്റ് എന്ന ഗുളികകള്‍ ഫാര്‍മസിയില്‍ നിന്നും അബദ്ധത്തില്‍ നല്‍കിയതാണ് ഈ വിവരം പരാതിയുമായി എത്തിയ പഞ്ചായത്ത് മെമ്പര്‍മാരെ ധരിപ്പിച്ചെങ്കിലും മരുന്നുകള്‍ തങ്ങള്‍ക്ക് ഫാര്‍മസിയില്‍ കയറി നേരിട്ടു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയായിരുന്നു. കാലാവധി കഴിഞ്ഞ മരുന്നിന് ഗുണനിലവാരം കുറയുമെന്നല്ലാതെ രോഗിക്ക് ജീവനാപത്ത് സംഭവിക്കില്ലെന്ന് പറഞ്ഞ് ഇവരുടെ ആശങ്ക അകറ്റാന്‍ ശ്രമിച്ചുവെങ്കിലും ഇതൊന്നും കേള്‍ക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ  വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംഭവം കൂടുതല്‍ വഷളാക്കാനാണ് പഞ്ചായത്ത് മെമ്പര്‍ ശ്രമിച്ചതെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു. മുമ്പ് പല തവണയും  പഞ്ചായത്തംഗങ്ങള്‍ ഡോക്ടറെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടുള്ളതും ഇതിന്റെ പേരില്‍ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭിക്കാനുള്ള രോഗിയുടെ അവകാശം സംരക്ഷിക്കപെടേണ്ടതാണ്. അതില്‍ വന്ന വീഴ്ച തിരുത്താനുള്ള നടപടികളെ അംഗീകരിക്കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ വനിതാ ഡോക്ടറെ അവഹേളിക്കുന്ന പഞ്ചായത്തംഗങ്ങളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ വ്യക്തമാക്കി


2025 മാർച്ച് 19, ബുധനാഴ്‌ച

ലോകത്തിലെ ആദ്യ ജൈവ മദ്യമായ ബയോ ലിക്കര്‍സ് പുറത്തിറക്കി





ഹെദരാബാദ്   ബയോ വിസ്കി, ബയോ റം, ബയോ ബ്രാണ്ടി   എന്നിവ ഉള്‍ക്കൊള്ളുന്ന ജൈവ മദ്യ ഉല്‍പ്പന്നങ്ങളുടെ പ്രീമിയം ശ്രേണി ബയോ ഇന്ത്യ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അവതരിപ്പിച്ചു. 

വിവിധതരം അപൂര്‍വ സസ്യശാസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ബയോ ലിക്കറുകള്‍ നിര്‍മ്മിക്കുന്നത്.  ഇന്ത്യ, യുഎസ്എ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ബയോ വിസ്കി, ടുഡേയ്സ് സ്പെഷ്യല്‍ ഗോള്‍ഡ് ബയോ വിസ്കി, ഡെയ്ലി സ്പെഷ്യല്‍ ബ്രാണ്ടിി, വൈല്‍ഡ് ഫോക്സ് വിസ്കി, എന്‍-സൈന്‍ ബയോ ബ്രാണ്ടി എന്നിവ  തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ വിതരണം ആരംഭിച്ചു.

'ബയോ ആല്‍ക്കലോയിഡുകള്‍, സിന്തറ്റിക് സുഗന്ധങ്ങളും നിറങ്ങളും ഇല്ലാത്ത പ്രകൃതിദത്ത സുഗന്ധങ്ങള്‍, എന്നാല്‍ പരമ്പരാഗത മദ്യ ബ്രാന്‍ഡുകളുമായി താരതമ്യപ്പെടുത്താവുന്ന ലഹരി ഇഫക്റ്റുകള്‍ നല്‍കുന്നു. മദ്യം, ബൊട്ടാണിക്കല്‍സ്, അവയുടെ അന്തര്‍ലീനമായ ഗുണങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നു.' ബയോ ലിക്വര്‍സിന്‍്റെ അമരക്കാരനായ ഡോ. ശ്രീനിവാസ് അമര്‍നാഥ് പറഞ്ഞു.

ഗവേഷണം, വികസനം, വിപണനം എന്നിവയില്‍ ഗണ്യമായ നിക്ഷേപം നടത്തുന്ന ബയോ ലിക്കേഴ്സ്, ആഗോളതലത്തില്‍ ഗവേഷണത്തിനും വികസനത്തിനും മിശ്രിത രൂപീകരണത്തിനും സാമ്പിള്‍ പരിശോധനയ്ക്കുമായി ഏകദേശം 7 ദശലക്ഷം ഡോളര്‍ ചെലവിടുന്നു. കൂടാതെ അടുത്തിടെ യുഎസില്‍ നടന്ന സ്പിരിറ്റ്-ടേസ്റ്റിംഗ് മത്സരത്തില്‍ ബയോ ഇന്ത്യ പ്രശംസ നേടി

2025 മാർച്ച് 15, ശനിയാഴ്‌ച

ധ്യാനാത്മക ജീവിതമാണ് രമണ മഹർഷിയുടേത് : എം.കെ. സാനു.


.


കൊച്ചി :  ഈശ്വരനുമായി ബന്ധപ്പെട്ട ധ്യാനാത്മക ജീവിതമാണ് രാമണമഹര്ഷിയുടെതെന്നും രമണചരിതമാലയിലൂടെ നമുക്ക് മനസിലാക്കാനും  അനുഭവിക്കാനും കഴിയുമെന്ന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ എൻ.ടി. ബിജു രചിച്ച രമണമഹർഷിയുടെ ജീവചരിത്രത്തെക്കുറിച്ചു സമഗ്ര വീക്ഷണം നൽകുന്ന -രമണചരിതമാല-  പ്രകാശനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. മധുവൻ സെന്റർ ഫോർ ഹ്യൂമൻ  എക്സിലൻസ് ഡയറക്ടർ കൃഷ്ണൻ കർത്താ അധ്യക്ഷത വഹിച്ചു,ജയരാജ്   ഭാരതി, അഡ്വ. രതീഷ് കുമാർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. എന്നിവർ പ്രസംഗിച്ചു.

ശ്രീനാരായണ ധർമ്മമമീമാംസ പരിഷത്ത്




       ആലുവ : ഗുരുധർമ്മ പ്രചരണസഭ എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മമമീമാംസ പരിഷത്ത് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഇന്ന് (16-03-2025) നടക്കും.
 ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡി ബാബുരാജൻ അധ്യക്ഷത വഹിക്കും. അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി മഠം ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ, സുലേഖ ടീച്ചർ എന്നിവർ പഠന ക്ലാസ് നയിക്കും. എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ വി ജയരാജ്  ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഓട്ടൻതുള്ളൽ അവതരണവും പഠന ക്ലാസും നയിക്കും. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര രജിസ്ട്രാർ ശ്രീ. കെ. ടി. സുകുമാരൻ സംഘടന സന്ദേശം നൽകും. മണ്ഡലം - യൂണിറ്റ് തല പ്രവർത്തകരും യുവജനസഭ, മാതൃസഭ പ്രവർത്തകരും പങ്കെടുക്കും


2025 മാർച്ച് 12, ബുധനാഴ്‌ച

കെഎഫ്സി പുതിയ വാല്യൂ ഓഫര്‍ അവതരിപ്പിക്കുന്നു





കൊച്ചി :കെ.എഫ്.സി. തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ആസ്വദിക്കാന്‍ കേരളത്തിലെങ്ങുമുള്ള സ്റ്റോറുകളില്‍

ഓഫറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു

 6 ബോണ്‍ലെസ് ചിക്കന്‍ സ്ട്രിപ്പുകള്‍, 4 ക്ര ഞ്ചി ആന്‍ഡ് സ്പൈസി ഹോട്ട് വിംഗ്സ്, 2 ഹോട്ട് & ക്രിസ്പി ചിക്കന്‍ ജ്യൂസി പീസുകള്‍, 2 സ്വാദിഷ്ടമായ ഡിപ്പുകള്‍ എന്നിവയെല്ലാം അവിശ്വസനീയമായ വിലയില്‍  ലഭ്യമാണ്.കേരളത്തിലെ 80+ കെ.എഫ്.സി. റെസ്റ്റോറന്‍്റുകളിലും കെ.എഫ്.സി. ആപ്പ്, വെബ് സൈറ്റ് എന്നിവ വഴി ഓണ്‍ലൈനിലും ഓഫര്‍ ലഭ്യമാണ്

പ്രതിദിനം 500 ലധികം വിമാന സര്‍വീസുകള്‍




 

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറു കടന്നു. 100-ാമത് വിമാനത്തിന്‍റെ ഫ്ളാഗ് ഓഫ് ബാംഗ്ലൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100-ാമത് വിമാനം സര്‍വീസ് നടത്തിയത്. രാജ്യ തലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസാണ്. ആഴ്ചയില്‍ 445ലധികം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന കേന്ദ്രമാണ് ബാംഗ്ലൂര്‍. 100-ാമത് വിമാനത്തില്‍ കര്‍ണാടകയുടെ പരമ്പരാഗത ചുവര്‍ചിത്ര കലയായ ചിത്താര ടെയില്‍ ആര്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

100-ാമത്തെ വിമാനത്തിന്‍റെ വരവ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വളര്‍ച്ചയുടേയും മാറ്റത്തിന്‍റേറെയും സുപ്രധാന നാഴികകല്ലാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. സ്വകാര്യവത്ക്കരണം പൂര്‍ത്തിയായി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു ലോ കോസ്റ്റ് എയര്‍ലൈനുമായുള്ള ലയനം, ആഭ്യന്തര, ഗള്‍ഫ്, തെക്ക് കിഴക്കന്‍ മേഖലകളിലെ കൂടുതല്‍ വിമാന സര്‍വീസുകള്‍, കൂടുതല്‍ ഇന്ധന ക്ഷമതയുള്ളതും ആധുനികവുമായ വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ളവ നടപ്പാക്കാനായി. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമുള്ള തങ്ങളുടെ ശക്തമായ സാന്നിധ്യം ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

2022 ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത് മുതല്‍ അതിവേഗ വളര്‍ച്ചയും നവീകരണവുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിലുണ്ായത്. 26 ബോയിംഗ് 737എന്‍ജി, 28 എ320 വിമാനങ്ങളില്‍ നിന്നും ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം 100 ആയി ഉയര്‍ന്നു. അതിവേഗ വിപുലീകരണത്തിന്‍റെ ഭാഗമായി ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപൂര്‍, ഹിന്‍ഡണ്‍, ജമ്മു, പാട്ന, ഫുക്കറ്റ്, പോര്‍ട്ട് ബ്ലെയര്‍ (ശ്രീ വിജയപുരം) എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ആധുനിക വിമാനങ്ങള്‍ക്കും കൂടുതല്‍ സര്‍വീസുകള്‍ക്കും ഉപരിയായി ഗോര്‍മേര്‍ ഭക്ഷണം, എക്സ്പ്രസ് ബിസ് സീറ്റുകള്‍, താമസം-യാത്രാ പാക്കേജുകള്‍ക്കായി എക്സ്പ്രസ് ഹോളിഡേയ്സ് തുടങ്ങി 'ഫ്ളൈ അസ് യു ആര്‍' എന്ന ആശയത്തിലൂന്നിയുള്ള സേവനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ലഭ്യമാക്കുന്നത്. ക്യാബിന്‍ ലഗേജ് മാത്രമുള്ള യാത്രക്കാര്‍ക്ക് എക്സ്പ്രസ് ലൈറ്റ് ഉള്‍പ്പടെ നാല് വ്യത്യസ്ത നിരക്കുകളും എയര്‍ ഇന്ത്യ എക്സ്പ്രസിലുണ്ട്.

2025 മാർച്ച് 10, തിങ്കളാഴ്‌ച

ലഹരിക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും‌: ജില്ലാ കളക്ടർ




കൊച്ചി: വിദ്യാർഥികൾക്കിട‍യിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് സ്കൂൾ തലത്തിലും മറ്റും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്.  

      മയക്കുമരുന്നിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം തടയുന്നതിനും നിരുൽസാഹപ്പെടുത്തുന്നതിനുമായി സമഗ്രമായ പദ്ധതികളാണ് ജില്ലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. മികച്ച കളക്ടർക്കുള്ള സംസ്ഥാനതല പുരസ്കാരം നേടിയ ശേഷം എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

     ജില്ലയിൽ  മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വിതരണം തടയുന്നതിന് മികച്ച പ്രവർത്തനമാണ് പൊലീസ്,എക്സൈസ്,നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കോസ്റ്റ്ഗാർഡ് തുടങ്ങിയവയുടെ  സഹകരണത്തോടെ നടത്തുന്നത്. ജില്ലയിൽ  എക്സൈസും പൊലിസും ചേർന്ന് പതിനായിരത്തിലധികം ബോധവൽക്കരണ ക്ലാസുകൾ  ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹം ഒന്നാകെ നിലകൊണ്ടാൽ  ലഹരി,മയക്കുമരുന്നുകളുടെ ഉപയോഗം തുടച്ചുനീക്കാനാകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

    പ്രസ്ക്ലബ്ബിൽ നടന്ന  ചടങ്ങിൽ പ്രസിഡൻ്റ് ആർ ഗോപകുമാർ കളക്ടറെ പൊന്നാടയണിയിക്കുകയും മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു. സെക്രട്ടറി ഷജിൽകുമാർ സ്വാഗതം ആശംസിച്ചു

ഏകത്വം പകര്‍ന്ന സംഗമായിരുന്നു മഹാകുംഭമേള: ഷെഹസാദ് പൂനേവാലാ

 



കൊച്ചി: ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സംഗമമാണ് പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനേവാലാ. വിശ്വാസത്തിലും ഏകതയിലും ജാതി, വര്‍ണ, വര്‍ഗ, ഭാഷ വ്യത്യാസമില്ലാതെ ഒന്നാണെന്ന സന്ദേശത്തില്‍ 66 കോടി ഭാരതീയര്‍ മഹാകുംഭമേളയില്‍ സ്‌നാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വ സംവാദകേന്ദ്രം സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ളുവന്‍സ് ലക്ഷ്യ 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മത്തിലെ ഏകത്വമാണ് ഇവിടെ ദര്‍ശിച്ചത്. കാലടിയില്‍ ജനിച്ച ആദിശങ്കരന്‍ ഭാരതത്തിന്റെ നാലുമേഖലകളില്‍ മഠങ്ങല്‍ സ്ഥാപിച്ച് ഭാരതത്തിന് ഏകത്വം പകര്‍ന്നു. ആ ഏകതയുടെ തുടര്‍ച്ചയാണ് ഇപ്പോഴും അനുസൂതം പ്രവഹിക്കുന്നത്.
രണ്ട് ലക്ഷം കോടി രൂപയാണ് വിവിധ മേഖലകളിലായി രാജ്യത്ത് ചെലവഴിക്കപ്പെട്ടത്. 76 രാജ്യങ്ങളില്‍ നിന്നുള്ള വളരെ പ്രഗത്ഭരായ വ്യക്തികള്‍ വരെ കുംഭമേളയ്ക്ക് എത്തിയിരുന്നു. രാജ്യത്തിന്റെ ആത്മാഭിമാനമുയര്‍ത്തുന്നതായിരുന്നു ഈ മേള. എന്നാല്‍ ഇതിനെ ആക്ഷേപിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അഖിലേഷ് യാദവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തയ്യാറായി. എന്നാല്‍ മക്കയെയും മദീനയെയും മറ്റ് മതസ്ഥരുടെ സംഗമങ്ങളെയും ആക്ഷേപിക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

 

ഭാരതത്തിന്റെ നരേറ്റീവ് ലോകത്തോട് മുഴക്കണം: ജെ. നന്ദകുമാര്‍

 


 വൈചാരിക ആണവബോംബുകളെ നേരിടണം




കൊച്ചി: ഭാരതത്തിന്റെ യഥാര്‍ത്ഥ നരേറ്റീവ് ലോകത്തോട് മുഴക്കുവാന്‍ നാം തയ്യാറാകണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ജി 20യിലൂടെ നമുക്കത് ചെയ്യാന്‍ കഴിഞ്ഞു. ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. കൊവിഡ് വാക്‌സിന്‍ ലോകത്താകമാനം നമ്മള്‍ വിതരണം ചെയ്യുമ്പോള്‍ ഭാരതം മുഴക്കിയത് ആര്‍ക്കും അസുഖമുണ്ടാകാതിരിക്കട്ടെ, എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെയെന്നാന്നുള്ള ഭാരതത്തിന്റെ പ്രാര്‍ത്ഥനയാണെന്നും അദ്ദേഹം പറഞ്ഞു.  വിശ്വസംവാദ കേന്ദ്രം നടത്തുന്ന വാര്‍ഷിക പരിപാടിയായ സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ളുവന്‍സ് ലക്ഷ്യയില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍. വൈചാരിക ആണവബോംബുകള്‍ ഭാരതത്തിനുനേരെയുണ്ടായേക്കാം. ഭീകരമായ സ്‌ഫോടനശേഷിയുള്ള ഈ വൈചാരിക ബോംബുകളെ നേരിടാന്‍ നമുക്ക് കഴിയണം. ഇതിന് വ്യക്തമായ ആസൂത്രണം ഉണ്ടാവണം. ഭാരതത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങളെ തടയുകയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യണം. വ്യക്തികളില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുകയും സമൂഹിക സമരസതയിലേയ്ക്കുള്ള പോരാട്ടത്തിനായി പ്രവര്‍ത്തിക്കുകയും വേണം. ഭാവാത്മകമായ ഭാരതീയ സംസ്‌കൃതിയുടെ സനാതന ധര്‍മ്മത്തിന്റെ സന്ദേശം ലോകത്തെല്ലൊയിടത്തും എത്തിക്കാനായി പ്രവര്‍ത്തിക്കണം. ഈ ആഖ്യാന യുദ്ധത്തില്‍ അന്തിമ വിജയം നമുക്കായിരിക്കും.
നമ്മുടെ ലക്ഷ്യം ധ്രുവതാരം പോലെ ഏറ്റവും വെട്ടത്തിളങ്ങുന്നതുമാണ്. ദേശീയമായി ചിന്തിക്കുന്നവരുടെ എണ്ണം നമുക്ക് കൂട്ടാന്‍ കഴിയണം. ദേശീയമായി ചിന്തിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. ദുഷ് പ്രചാരണം നടത്തുന്നവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത് അവരുടെ എണ്ണം കൂടുതലുള്ളതുകൊണ്ടല്ല, നന്മയില്‍ വിശ്വസിക്കുന്നവരുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാത്തതുകൊണ്ടാണ്. മനസില്‍ നന്മയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. മുഖ്യമായും രണ്ട് ഘടകങ്ങളാണ് നമ്മുടെ മുന്‍പില്‍ ഉള്ളത്. ഖണ്ഡനവും മണ്ഡനവുമാണ് വേണ്ടത്. പ്രജ്ഞയും വിവേകവും ലഭിക്കുന്നത് എതിരായ ആശങ്ങള്‍ കൂടി പഠിക്കുമ്പോഴാണ്. അവരുടെ ഭാഷ പഠിക്കേണ്ടതുണ്ട്. രാഷ്ട്ര വിരുദ്ധശക്തികളുടെ ഭാഷയ്ക്ക് ചില സമാനതകളുണ്ട്. അവര്‍ സമൂഹത്തെ നിര്‍വീര്യമാക്കും, അസ്ഥിരപ്പെടുത്തും. ആ അസ്ഥിരതയ്ക്ക് ആക്കം കൂട്ടുവാന്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഭാരതീയമായുള്ള എന്തിനെക്കുറിച്ചുള്ള ചിന്തയും ശ്രദ്ധ കിട്ടാത്ത തരത്തില്‍ ഡീമോറലൈസ് ചെയ്യുന്നു. ചില ആശയങ്ങളെ ആവര്‍ത്തിച്ചുള്ള പ്രചരണങ്ങളിലൂടെ സമൂഹത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. ഒരു കാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ പൊളിച്ച് കപ്പ നടണമെന്ന് പ്രചാരണം നടത്തി. ശരിയായ ആരാധനാലയത്തോട് ഒരു അവിശ്വാസം ജനിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തത്. വിശ്വാസങ്ങളെ തകര്‍ത്ത് മനസ് ശൂന്യമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ ശൂന്യതയിലാണ് ആത്മഹത്യാ പ്രവണതയുടെയും മയക്കുമരുന്നിന്റെയും നൈരാശ്യത്തിന്റെ വലിയൊരും പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നത്.
ഇന്നത്തെ ലഹരി വ്യാപനത്തിനുപിന്നില്‍ വിഗ്രഹ ധ്വംസന പ്രത്യയശാസ്ത്രങ്ങളുണ്ടെന്ന് പറയാവുന്നതാണ്. ഇതിനെ നോര്‍മലൈസ് ചെയ്യാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതെല്ലാം സര്‍വ്വസാധാരണമാണെന്നാണ് പറയുന്നത്. ഇതിനെ കരുതിയിരിക്കണം. ഒരു യുദ്ധത്തിന്റെ നടുവിലാണ് നമ്മളെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആഖ്യാന യുദ്ധം വളരെ അപകടം പിടിച്ചതാണ്. സമൂഹത്തെ എതെല്ലാം വിധത്തിലാണ് തെറ്റായ രീതിയില്‍ നയിക്കാന്‍ ശ്രമിക്കുന്നത്. അതിനെയെല്ലാം നേരിടേണ്ടതുണ്ട്. കുടുംബത്തെ തന്നെ തര്‍ക്കുന്ന പ്രത്യയശാസ്ത്രം ഉണ്ടാക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.




സര്‍ഗാത്മക യുവത്വത്തിലൂന്നി ലക്ഷ്യ



ലഹരിക്കെതിരായ മുന്നേറ്റത്തിന് ആഹ്വാനം
കൊച്ചി: സര്‍ഗാത്മക യുവത്വത്തിലൂന്നി ലഹരിക്കെതിരെ മുന്നേറ്റത്തിനുള്ള ആഹ്വാനവുമായി സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ളുവന്‍സ് ലക്ഷ്യ 2025 കൊച്ചിയില്‍ നടന്നു. എളമക്കര ഭാസ്‌കരീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിശ്വസംവാദ കേന്ദ്രത്തിന്റെ വാര്‍ഷിക പരിപാടിയായ ലക്ഷ്യ മുന്‍ ഡിജിപി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമ്പ്രദായത്തിലെ വൈകല്യമാണ് യുവജനതയില്‍ ലഹരി പടരാന്‍ കാരണമെന്നും ഇന്നത്തെ വിദ്യാഭ്യാസം കുട്ടികളെ അലസന്‍മാരാക്കിയെന്നും ജേക്കബ് തോമസ് പറഞ്ഞു. പണ്ടുകാലത്ത് കുട്ടികള്‍ പഠിച്ചാലെ ഗ്രേഡും സ്ഥാനകയറ്റവും വിജയവും ലഭിക്കുമായിരുന്നുള്ളു. ഇപ്പോള്‍ പഠിച്ചില്ലെങ്കിലും എ പ്ലസ് കിട്ടും. ഭൗതികമായ വെല്ലുവിളിയുടെ അന്തരീക്ഷം വിദ്യാലയങ്ങളിലില്ല. കായികമായോ കലാപരമായോ ഒരു തരത്തിലുള്ള വെല്ലുവിളിയും ഇല്ലെന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
സ്വാഭാവികമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള  മോട്ടിവേഷനോ, ദിശാബോധം നല്കുന്നതിനോ സ്‌കൂളുകളില്‍ യാതൊരു സംവിധാനവുമില്ല. അദ്ധ്യാപകര്‍ സിലബസ് എന്താണോ അത് പഠിപ്പിച്ച് പോകുന്നു. കുട്ടികളെ നന്നാക്കാന്‍ പോയാല്‍ അദ്ധ്യാപകര്‍ക്കെതിരെ നടപടി വരുന്ന അവസ്ഥയാണുള്ളത്. കുട്ടികള്‍ അലസരായി, എതാണ് ശരി, എതാണ് തെറ്റ് എന്ന് അറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. സമൂഹവും അങ്ങനെയാക്കി മാറ്റി. തെറ്റിനെ തെറ്റാണെന്ന് പറയുന്ന അവസ്ഥ കേരളത്തിലില്ല. ചിലര്‍ തെറ്റ് ചെയ്താല്‍ തെറ്റല്ല, തെറ്റാണെന്ന് പറയുകയുമില്ല. ഹമാസ് ഇസ്രയേലില്‍ കയറി സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുന്നതും കൊന്ന് നഗ്നയായി വണ്ടിയിലൂടെ തെരുവുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും തെറ്റാണെന്ന് പറയാന്‍ തയ്യാറല്ല. കുറ്റമല്ല എന്ന നരേറ്റീവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇസ്രയേല്‍ ഇതിനെതിരെ തിരിച്ചടി നടത്തിയപ്പോള്‍ മുറവിളികളുമായി രംഗത്തെത്തുകയും ചെയ്തു.
കേരളത്തില്‍ എല്ലാ കാലിയാണ്. ഖജനാവ് കാലിയാണ്, ആശുപത്രി കാലിയാണ്, റേഷന്‍കട കാലിയാണ്, എല്ലാം കാലിയാണ്. കാലിയാണെന്ന് അറിയാതിരിക്കാന്‍ കള്ള നരേറ്റീവുകള്‍ കൊണ്ടുവരുന്നു. കൊവിഡിനുശേഷം ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ കേരളം എന്ന ഒരു നരേറ്റീവ് കൊണ്ടുവന്നു. കേരളമാണ് വ്യാവസായിക രംഗത്ത് മുന്നേറ്റം നടത്തുകയാണ് എന്ന നരേറ്റീവാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ പ്രചാരണത്തിനായി ലക്ഷങ്ങള്‍ മുടക്കി കേരളത്തിനുപുറത്തുള്ള ഒരു കമ്പനിയെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്. ഇതൊരു നരേറ്റീവായി ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തിലിവിടെ ലഹരിക്കടിമപ്പെട്ട കുട്ടികള്‍, കൊലപാതകങ്ങള്‍  എന്നിവ അരങ്ങുതകര്‍ക്കുകയാണ്. ഭീതജനകമായ അവസ്ഥയാണ് കേരളത്തിലുള്ളത്. യാഥാര്‍ത്ഥ്യം തുറന്നുകാട്ടേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്, സോഷ്യല്‍ മീഡിയയ്ക്കുണ്ട്. പരിഹാരത്തിന്റെ ദിശയിലാണ് നമ്മള്‍ നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും ഐശ്വര്യവും അറിവും നിറവും ആത്മീയതയുമുള്ള യാത്രയില്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തുറന്നുകാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.സി. നരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ആര്‍എസ്എസ് ദക്ഷിണ പ്രന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, ക്ഷേത്രീയ പ്രചാര്‍ പ്രമുഖ് ജെ. ശ്രീറാം, വി. വിശ്വരാജ്, വി. പ്രജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ ചര്‍ച്ചകളില്‍ ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനേവാലാ, രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍, മുന്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ കെ.ജി. ജ്യോതിര്‍ഘോഷ്, അഡ്വ. ഒ.എം. ശാലീന തുടങ്ങിയവര്‍ സംസാരിച്ചു.

*തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദ കേന്ദ്രങ്ങളായി മാറണം* - സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ

 


രാജ്യത്തെ മുഴുവൻ തൊഴിലിടങ്ങളും സ്ത്രീ സൗഹൃദ കേന്ദ്രങ്ങളായി മാറണമെന്ന് ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ്‌  ഫെഡറേഷൻ ജനറൽ സെക്രട്ടറി സ: എൽ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാർവദേശീയ വനിതാദിനത്തിൽ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ  സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ്‌ യൂണിയൻ കേരള സർക്കിളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്ത്രീ സൗഹൃദ പദ്ധതികൾ രൂപകല്പന ചെയ്യുന്നതിൽ ട്രേഡ് യൂണിയൻ എന്ന നിലയിൽ ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ്‌  ഫെഡറേഷൻ നടത്തി വരുന്ന ഇടപെടലുകളെ കുറിച്ച് അദ്ദേഹം വിവരിച്ചു. ഗർഭിണികളായ ഉദ്യോഗാർത്ഥികളുടെ നിയമനകാര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നിയമ പോർരാട്ടത്തിലൂടെ മറി കടക്കാൻ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ്‌ യൂണിയൻ കേരള സർക്കിൾ കാണിച്ച ആർജ്ജവം തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിൽ  ട്രേഡ് യൂണിയനുകൾക്കുള്ള പ്രസക്തിയുടെ ഉത്തമ ഉദാഹരണമാണെന്നും ചൂണ്ടി കാണിച്ചു.

2009 മുതൽ ഈ വിഷയത്തിൽ സംഘടന നടത്തിവരുന്ന ഇടപെടലുകൾ അടുത്ത കാലത്താണ് ഫലം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ സംഗമത്തിൽ ആയിരത്തി നനൂറോളം വനിതാ സഖാക്കൾ പങ്കെടുത്തു.

യു എൻ ഐ ഗ്ലോബൽ യൂണിയൻ ഏഷ്യ - പസിഫിക് റീജിയണൽ സെക്രട്ടറി ശ്രീ രാജേന്ദ്ര ആചാര്യ  സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന് തനതായ  ഒരു ട്രേഡ് യൂണിയൻ സംസ്കാരമുണ്ടെന്നു അദ്ദേഹം സൂചിപ്പിച്ചു.

പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ ഗോപാലകൃഷ്ണൻ മാനസിക ആരോഗ്യ സമസ്യകൾ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. മാനസിക സമ്മർദ്ദവും പിരിമുറുക്കവും മാറ്റി നിർത്തിക്കൊണ്ട് ജീവിതവും ജോലിയും ആസ്വദിക്കാനുള്ള വഴികൾ സദസ്സുമായി അവർ പങ്കുവച്ചു.

തുടർന്ന് നടന്ന പാനൽ ചർച്ചയിൽ സഖാക്കൾ വിജിത വി,
ആര്യ രാജേന്ദ്രൻ സി എൽ, ദീപിക ആർ എസ്, വസുജ ആർ വി, വിജയ പി അയ്യർ, അനു പി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ ഓർഗനൈസിങ്ങ് സെക്രട്ടറി സ: നിധി തോമസ് മോഡറേറ്ററായി. സംസ്ഥാനതല വനിതാ സമ്മേളനത്തോടനുബന്ധിച്ച് ബാങ്ക് ജീവനക്കാർക്കും, അവരുടെ മക്കൾക്കും,കോളേജ് വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീമതി എ ഭുവനേശ്വരി, ആൾ ഇന്ത്യാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ പ്രസിഡന്റ് സ: പങ്കജ് കൗശിക് , സ്റ്റേറ്റ് ബാങ്ക് സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ പ്രസിഡന്റ് സ: രജത്  എച്ച് സി, ജനറൽ സെക്രട്ടറി സ: അഖിൽ എസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ ശിവകുമാർ ജെ എന്നിവർ ആശംസകൾ നേർന്നു. 

സംഘാടക സമിതി ചെയർപേഴ്സൺ സ: സുധാ അനിൽകുമാർ  സ്വാഗതം ആശംസിച്ച യോഗത്തിൽ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ്‌ യൂണിയൻ കേരള സർക്കിൾ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ: ജി ശ്രീകല അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സ: ശ്യാമ സോമൻ നന്ദി രേഖപ്പെടുത്തി.3 മണിയോടെ യോഗം അവസാനിച്ചു.

2025 മാർച്ച് 3, തിങ്കളാഴ്‌ച

കേരളത്തിൽ അൾട്രാവയലറ്റ് വികിരണതങ്ങൾ അപകട നിലയിൽ







കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിനെതിരെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിന് പുറമേ ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ താ‍ഴെ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും

മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും സൂചിക ഉയര്‍ന്നതായിരിക്കും.





ശ്രീനാരായണ സേവാസംഘം

                                                                                          




 
 ശ്രീനാരായണ സേവാസംഘം കുമ്പളം പഞ്ചായത്ത് സമ്മേളനം നെട്ടൂർ - മാടവന ശ്രീനാരായണ സേവാസംഘം ഹാളിൽ നടന്നു. സംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
         സംഘം ഡയറക്ടർ ബോർഡംഗം കെ.ആർ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പി.പി. രാജൻ, എം.എ. കമലാക്ഷൻ വൈദ്യർ, ചെയർമാൻ ടി.വി. വിജയൻ, വനിതാസംഘം പ്രസിഡന്റ് ഡോ. ടി.പി. സരസ, ജോ. സെക്രട്ടറി എം.ബി. പ്രഭാവതി, കോ - ഓർഡിനേറ്റർ സന്ധ്യരമേഷ്, യുവജനസംഘം പ്രസിഡന്റ്  ടി. എസ്. അംജിത്ത്, സെക്രട്ടറി ടി.വി. വിജീഷ്, ജയദേവ് തായങ്കേരി, ബി.കെ. മുരളീധരൻ, യു.പി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

തൃക്കാക്കര കായിക മേഖലക്ക് പുത്തൻ ഉണർവ്: 3 കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സിന് കാക്കനാട് അനുമതി






കാക്കനാട് : തൃക്കാക്കരയിലെ കായിക മേഖലക്ക് പുതിയ മുഖം നൽകുന്നതിന് സംസ്ഥാന കായിക യുവജന വകുപ്പ് 3 കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാനൊരുങ്ങുന്നു. തൃക്കാക്കര MLA ഉമ തോമസിന്റെ നിർദേശത്തിന്റെയും, നിരന്തരം ശ്രമത്തിന്റെയും ഫലമായാണ് ഈ സുപ്രധാന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.


പദ്ധതിയുടെ പ്രധാന ഘടകങ്ങൾ


1,9's ആർട്ടിഫിഷ്യൽ ഫുട്ബോൾ കോർട്ട് 


2,വോളിബോൾ കോർട്ട്


3,ഓപ്പൺ ജിം


4,മുൻസിപ്പൽ ഗ്രൗണ്ടിനെ സമഗ്ര സ്പോർട്സ് കോംപ്ലക്‌സായി വികസിപ്പിക്കൽ

ടെക്നിക്കൽ അനുമതി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കുകയും ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും MLA അറിയിച്ചു  



ഏറെ നാൾ നീണ്ട പരിശ്രമങ്ങളുടെ ഫലമായാണ് തൃക്കാക്കരയിൽ ഈ വലിയ കായിക വികസന പദ്ധതി യാഥാർത്ഥ്യമാകുന്നത്..

തൃക്കാക്കരയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്‌സ് നിർമ്മിക്കാനുള്ള MLAയുടെ നിർദേശത്തോടനുബന്ധിച്ചു, മറ്റ് പല സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തിനായി ശ്രമിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിക്കാത്തത് കാരണമാണ് മുനിസിപ്പൽ ഗ്രൗണ്ടിൽ 9's ഫുട്ബോൾ കോർട്ട് നിർമ്മാണം ആരംഭിക്കാൻ തീരുമാനമായത്.

ഈ പദ്ധതി തൃക്കാക്കരയിലെ യുവ കായിക താരങ്ങൾക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുകയും കായിക രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുകയും ചെയ്യുമെന്നും ഉമ തോമസ് MLA അറിയിച്ചു. 

തൃക്കാക്കര MLA ഉമ തോമസിന്റെയും കായിക യുവജന വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പിലാകുന്ന ഈ വികസന പ്രവർത്തനം തൃക്കാക്കരയുടെ കായിക ഭാവിക്ക് ശക്തിയേകുന്നതാകും എന്നതിൽ സംശയമില്ല.


അണ്ടർപാസുകൾ വേണമെന്ന്

 




ദേശീയപാത 66  വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം ഇടപ്പള്ളി റീച്ചിൽ ആവശ്യമായ പ്രദേശങ്ങളിൽ അണ്ടർപാസുകൾ വേണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പിയും ടി ജെ വിനോദ് എം എം എൽ എയും മാർച്ച്‌ 8 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ നിരാഹാര സമരം നടത്തും. ചേരാനല്ലൂർ കുടുംബരോഗ്യ കേന്ദ്രത്തിനു സമീപമാണ്  നിരാഹാര സമരം നടത്തുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.


നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങളാണ് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ റോഡ് നിർമ്മാണം, സർവ്വീസ് റോഡുകളുടെ നിർമ്മാണത്തിലെ അപാകതകൾ എന്നിവയെല്ലാം വലിയ പ്രശ്‌നങ്ങളാണ്. മൂത്തക്കുന്നം മുതൽ ഇടപ്പള്ളി വരെ ഏറെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അണ്ടര്പാസുകൾ ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹൈബി ഈഡൻ എം പിയും ടി ജെ വിനോദ് എം എൽ എ യും അറിയിച്ചു.



ഗതാഗത കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന്

 കൊച്ചി:ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ പതിക്കണമെന്ന ഗതാഗത കമ്മിഷണറുടെ ഉത്തരവ് അടിയന്തിരമായി


പിൻവലിക്കണമെന്ന് എറണാകുളത്ത് ചേർന്ന എച്ച്.എം.എസ് ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്. എം. എസ്) സംസ്ഥാന കമ്മിറ്റി നേതൃയോഗം ആവിശ്യപ്പെട്ടു.

        തൊഴിലാളികൾക്കിടയിൽ കടുത്ത പ്രതിഷേധം ഇത് ഉണ്ടാക്കിയിട്ടുണ്ട്. പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന ഈ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുന്ന തീരുമാനമാണ് കമ്മിഷണരുടേത് എന്നും നേതൃയോഗം  സൂചിപ്പിച്ചു.

           യൂണിയൻ നേതൃയോഗം എച്ച് എം എസ്. ദേശീയ വർക്കിംങ്ങ് കമ്മറ്റിയംഗം  മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ മനോജ് ഗോപി അധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ. സംസ്ഥാന ഭാരവാഹികളായ ബിജു ആന്റണി,, മുസമ്മിൽ കൊമ്മേരി, കെ.കെ. കൃഷ്ണൻ , ഒ.പി.ശങ്കരൻ മലയൻകീഴ് ചന്ദ്രൻ നായർ , എൻ.സി. മൊയിൻ കുട്ടി, അജി ഫ്രാൻസിസ് , പി.വി.തമ്പാൻ, രാജു കൃഷ്ണ, എ. രാമചന്ദ്രൻ ,പി. ദിനേശൻ , കോയ അമ്പാട്ട്,   ,ജയൻ അടൂർ ,  കൊല്ലം സുനിൽ , , ഗഫൂർ പുതിയങ്ങാടി , ജോയി മാടശ്ശേരി, ഹമീദ് പട്ടത്ത്. എന്നിവർ സംസാരിച്ചു.       പ്രസിദ്ധീകരണത്തിന് വേണ്ടി മനോജ് ഗോപി സംസ്ഥാന പ്രസിഡൻ്റ് Phone:9447578864, 7510908864

2025 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

സി പി ഐ നേതാവ് പി.രാജു അന്തരിച്ചു


 സിപിഐ നേതാവ്  പി രാജു മുൻ എംഎൽഎ   അന്തരിച്ചു 


കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും  മുൻ എംഎൽഎയുമായിരുന്ന പി രാജു (73)  അന്തരിച്ചു. ഇന്നലെ  പുലർച്ചേ 6 .40 ഓടെ  പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു  അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.

 ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന്  രാവിലെ 8 മണിയോടെ വിലാപയാത്രയായി പറവൂരിലേക്ക് കൊണ്ടു പോകും .തുടർന്ന് 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും .പിന്നെ കെടാമംഗലം കുടിയാകുളങ്ങര എംഎൽഎ പടിയിലെ മേപ്പള്ളി

വസതിയിലേക്ക് കൊണ്ടു പോകും .വൈകിട്ട് നാലിന്  വീട്ടുവളപ്പിൽ സംസ്കാരം നടത്തും..

വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെ പൊതു രംഗത്ത് എത്തിയ രാജു എഐവൈഎഫ് ജില്ലാ പ്രസിഡൻ്റായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. 1991 ,1996 വർഷങ്ങളിൽ പറവൂരിൽ എംഎൽഎ ആയിരുന്നു.ഇക്കാലയളവിൽ  പറവൂരിൻ്റെ വികസന നേർസാക്ഷ്യങ്ങൾക്ക് ജീവൻ ജീവൻ പകരാൻ  ഇദ്ദേഹത്തിന്റെ ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.   2015 മുതൽ 2022 ആഗസ്റ്റ് വരെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

ജനയുഗം പുനഃപ്രസിദ്ധീകരണം  ആരംഭിച്ച സന്ദർഭത്തിൽ കൊച്ചി യുണിറ്റ് മാനേജരായും ഏഴു വർഷക്കാലം ഡയറക്ർ ബോർഡ് അംഗമായും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻറാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ ദേശീയ, സംസ്ഥാന ഭാരവാഹിയുമാണ്.  നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. കെടാമംഗലം എൽപി സ്കൂൾ, പറവൂർ ബോയ്സ് സ്കൂൾ, മാല്യങ്കര എസ്എൻഎം കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

1970 നു ശേഷം എഐവൈഎഫ് സജീവ പ്രവർത്തകനും പറവൂർ മണ്ഡലം സെക്രട്ടറിയും, ജില്ലാ പ്രസിഡന്റുമായി  കുറെക്കാലം.എടയാർ കോമിൻകോ ബിനാനിയിൽ ജിവനകാനായി. ഇവിടെ നിന്നും രാജിവെച്ച്  1975 മുതൽ സിപിഐയുടെ  മുഴുവൻ സമയ പ്രവർത്തകനായി പറവൂർ മണ്ഡലം സെക്രട്ടറി, താലൂക്ക് സെക്രട്ടറി, ജില്ലാ അസി. സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു.

1951ജൂലൈ 18ന്  പറവൂർ  കെടാമംഗലത്ത് ജനനം.  സ്വാതന്ത്ര്യസമര സേനാനിയും മുൻ എംഎൽഎയുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ്   എൻ ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. രാജു നെയ്യാർ (പരേതൻ), ഗംഗ, (റിട്ട വാട്ടർ അതോറിറ്റി ) ,രഘു (ഹൈദരാബാദ്), എന്നിവർ സഹോദരങ്ങളാണ്.

ഭാര്യ: ലതിക ( (റിട്ട. പറവൂർ താലൂക്ക് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ )  

മകൾ : സിന്ധു (അദ്ധ്യാപിക, കരുനാഗപ്പള്ളി  ക്ലാപ്പന  എസ് വി എച്ച് എസ് സ്കൂൾ )

മരുമകൻ : ഡോ ജയകൃഷ്ണൻ ,കരുനാഗപ്പള്ളിയിൽ സ്വകാര്യ ക്ലീനിക്ക്

ആശാവർക്കർമാരുടെ സമരം സർക്കാർ ഉത്തരവിറക്കി കളിക്കുന്നു

 ആശമാര്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാര്‍ 

ഉത്തരവിറക്കി കളിക്കുന്നു: മുഹമ്മദ് ഷിയാസ്



കൊച്ചി: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങളെ നിരാകരിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്നവരെ പരിഗണിക്കാതെ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന ഉത്തരവ് സര്‍ക്കാരിന്റെ ധാര്‍ഷ്ഢ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരക്കാരെ ഭീഷണിയിലൂടെ നേരിടാമെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നയമെന്ന് ഷിയാസ് പറഞ്ഞു. സമരം ചെയ്യുന്നവരെ തല്‍സ്ഥാനത്ത് നിന്നും മാറ്റി സിപിഎം അനുഭാവികളെ നിയമിക്കാനുള്ള കുത്സിത ശ്രമമാണ് അരങ്ങേറുന്നതെന്നും ഷിയാസ് പറഞ്ഞു.


സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് സര്‍ക്കാരിന്റെ ഉത്തരവ് കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കളമശേരി മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ നടന്ന ജില്ലാതല പരിപാടി ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഷംസു തലക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജോസഫ് ആന്റണി, അബ്ദുല്‍ ലത്തീ

ഫ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി എം നജിബ്, മുന്‍ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി വെള്ളക്കല്‍, എം എ വഹാബ്, കെ എം പരീത്, മാര്‍ട്ടിന്‍ തായങ്കേരി, ജബ്ബാര്‍ പുത്തന്‍വീടന്‍, എ ഡി ജോസ്, കൃഷ്ണകുമാര്‍, വിജിലന്‍ ജോണ്‍, എ കെ നിഷാദ്, മുനാഫ് പുതുവായി, സബീര്‍ അലി, അലി തെയ്യത്ത്, ശ്രീകുമാര്‍ മുട്ടാര്‍, രാകേഷ് രാജന്‍, റിയാസ് പുളിക്കായത്ത്, ഫിറോസ് തെക്കുംപുറം, സലാം പുതുവായി, നാസര്‍ മൂലേപ്പാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കാതെ അവര്‍ക്കെതിരെ കിരാത സര്‍ക്കുലര്‍ ഇറക്കി ഭീഷണിപ്പെടുത്തുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സര്‍ക്കുലര്‍ കത്തിച്ച

2025 ഫെബ്രുവരി 26, ബുധനാഴ്‌ച

ജര്‍മ്മന്‍ സംഗീതബാന്‍ഡ് ദി പ്ലേഫോര്‍ഡ്സ് കൊച്ചിയില്‍


 


കൊച്ചി: ജര്‍മ്മന്‍ സാഹിത്യ ഇതിഹാസം ഗൊയ്ഥെയുടെ ജന്മനാടായ വെയ്മറില്‍ നിന്നുള്ള പ്രശസ്ത സംഗീതബാന്‍ഡായ ദി പ്ലേഫോര്‍ഡ്സ് വ്യാഴാഴ്ച (ഫെബ്രുവരി 27) കൊച്ചിയിലെത്തും. ചവറ കള്‍ച്ചറല്‍ സെന്ററില്‍ വൈകിട്ട് ഏഴിന് ദി പ്ലേഫോര്‍ഡ്സിന്റെ സംഗീതപരിപാടി അരങ്ങേറും.

ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തിന്റെ ക്ഷണപ്രകാരമാണ് ദി പ്ലേഫോര്‍ഡ്സ് കേരളത്തിലെത്തിയത്. തിങ്കളാഴ്ച (ഫെബ്രുവരി 24) തിരുവനന്തപുരത്ത് പ്ലേഫോര്‍ഡ്സിന്റെ പരിപാടി അവതരിപ്പിച്ചിരുന്നു.

17 മുതല്‍ 19 വരെ നൂറ്റാണ്ടുകളിലുള്ള ജര്‍മ്മന്‍ ഗാനങ്ങളാണ് അവതരിപ്പിക്കുക. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരിക്കും ഗാനാവതരണം.

ജോണ്‍, ഹെന്റി പ്ലേഫോര്‍ഡ് എന്നിവരുടെ 'ദി ഇംഗ്ലീഷ് ഡാന്‍സിങ് മാസ്റ്ററില്‍' നിന്ന് പ്രചോദനമുള്‍ക്കൊണ്ട അഞ്ചംഗ സംഘമാണ് പ്ലേഫോര്‍ഡ്സിനു പിന്നില്‍. ബ്യോര്‍ണ്‍ വെര്‍ണര്‍  (വോക്കല്‍സ്), ആനെഗ്രറ്റ് ഫിഷര്‍ (റെക്കോര്‍ഡര്‍), എറിക് വാര്‍ക്കന്തിന്‍  (ല്യൂട്ട്), ബെഞ്ചമിന്‍ ഡ്രെസ്ലര്‍ (വയല ഡ ഗാംബ), നോറ തീലെ (പെര്‍ക്കുഷന്‍) എന്നിവരാണ് ബാന്‍ഡംഗങ്ങള്‍.
2001 ല്‍ വെയ്മറിലാണ് ദി പ്ലേഫോര്‍ഡ്സ് രൂപീകൃതമായത്. പാരമ്പര്യലൂന്നിയുള്ള ചരിത്രപരമായ സംഗീതശൈലികളെ സമകാലികരീതികളുമായി കൂട്ടിയിണക്കിയുള്ള ഇവരുടെ അവതരണരീതി ലോകമെമ്പാടും പേരു കേട്ടതാണ്. ജര്‍മ്മനിയ്ക്ക് പുറമെ നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും പ്ലേഫോര്‍ഡ്സ് സംഗീതപരിപാടി അവതരിപ്പിക്കാറുണ്ട്.

പൊതുജനങ്ങള്‍ക്ക് പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :https://trivandrum.german.in/events-detail/279

2023 ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ച് എയര്‍ബിഎന്‍ബി

 




കൊച്ചി : രാജ്യത്തെ ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ വളര്‍ത്തുന്നതിനും സാംസ്്കാരിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി  എയര്‍ബിഎന്‍ബി കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡി, ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതി, ടൂറിസം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി രാകേഷ് കുമാര്‍ വര്‍മ, എയര്‍ബിഎന്‍ബി ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഹോങ്കോംഗ്, തായ്വാന്‍ എന്നീ പ്രദേശങ്ങളുടെ ജനറല്‍ മാനേജര്‍ അമന്‍പ്രീത് ബജാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

വിസിറ്റ് ഇന്ത്യ 2023 സംരംഭത്തിന്റെ ഭാഗമായി ഇന്‍ബൗണ്ട് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് എയര്‍ബിഎന്‍ബി ടൂറിസം മന്ത്രാലയവുമായി സഹകരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും നിര്‍മ്മിത പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതിനായി എയര്‍ബിഎന്‍ബി 'സോള്‍ ഓഫ് ഇന്ത്യ' എന്ന മൈക്രോസൈറ്റ് അവതരിപ്പിച്ചു. ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സഹകരണം ധാരണാപത്രത്തിന്റെ ഭാഗമാണ്. 'അതിഥി ദേവോ ഭവ' എന്ന ഇന്ത്യയുടെ പാരമ്പര്യ വചനം അതിഥികളെ ദൈവത്തോട് തുല്യമാക്കുന്നുവെന്നും, വിനോദസഞ്ചാരികളെ ഹോം സ്റ്റേകളില്‍ താമസിപ്പിക്കുന്നതിലും വലിയ മറ്റെന്ത് ആതിഥ്യ മര്യാദയാണ് നമ്മള്‍ കാണിക്കേണ്ടതെന്നും കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. ടൂറിസം മന്ത്രാലയവുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡിനെ ശക്തിപ്പെടുത്തുകയും ടൂറിസത്തിലൂടെ പുതിയ സാമ്പത്തികവും സാമൂഹികവുമായ അവസരങ്ങള്‍ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രം മുന്നോട്ടുവെക്കുന്നതെന്നും എയര്‍ബിഎന്‍ബി ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഹോങ്കോംഗ്, തായ്വാന്‍ ജനറല്‍ മാനേജര്‍ അമന്‍പ്രീത് ബജാജ് പറഞ്ഞു.

ടൂറിസത്തിലേക്ക് വളര്‍ന്നുവരുന്ന സ്ഥലങ്ങളില്‍ ഹോസ്പിറ്റാലിറ്റി മൈക്രോ-സംരംഭകരെ പരിശീലിപ്പിക്കാന്‍ എയര്‍ബിഎന്‍ബി മന്ത്രാലയവുമായി സഹകരിക്കും. ഇത് മന്ത്രാലയത്തിന്റെ പ്രധാന പദ്ധതിയുടെ ഭാഗമാണ്.

മാലിന്യം വലിച്ചെറിയുന്നത് അറിയിച്ചാല്‍ പ്രതിഫലം; ഉത്തരവ് ഫലം കാണുന്നു



നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യപ്രശ്നത്തിന് അടിയന്തര നടപടി




തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഫലം കാണുന്നു. നിയമലംഘനം അറിയിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ അറിയിപ്പ് നല്‍കിയതോടെ നിരവധി പ്രദേശങ്ങളിലെ മാലിന്യപ്രശ്നത്തിനാണ് പരിഹാരം കാണാനായത്. നിയമലംഘനം അറിയിക്കുന്നതിനായി തദ്ദേശ സ്ഥാപന അധികൃതര്‍ പരസ്യപ്പെടുത്തിയ വാട് സാപ്‌ നമ്പര്‍, ഇ മെയില്‍ എന്നിവയിലേക്ക് പ്രദേശത്തെ മാലിന്യപ്രശ്നങ്ങള്‍ ജനങ്ങള്‍ അറിയിച്ചു. ഉടനടി മാലിന്യം നീക്കം ചെയ്ത് അധികൃതര്‍ മാതൃക കാണിക്കുകയും ചെയ്തു.

കൂത്താട്ടുകുളം, മരട്, പിറവം, അശമന്നൂര്‍, പാമ്പാക്കുട തുടങ്ങി നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് മാലിന്യം നിക്ഷേപിക്കുന്നതിന്‍റെ ഫോട്ടോ, വീഡിയോ ഉള്‍പ്പെടെയുള്ള തെളിവ് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യം ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടത്. പെരുമ്പാവൂര്‍ മത്സ്യ-മാംസ-പച്ചക്കറി മാര്‍ക്കറ്റുകളില്‍ കൃത്യമായി മാലിന്യനീക്കം നടത്താതെ മാലിന്യം നിറഞ്ഞ് രോഗഭീതി ഉടലെടുത്തിരുന്നു. ഈ പ്രശ്നം ചിത്രവും വീഡിയോയും സഹിതം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചു. മാലിന്യവിഷയത്തില്‍ സമാന നടപടികള്‍ സ്വീകരിച്ചതിന്‍റെ റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

മാലിന്യപ്രശ്നം അറിയിക്കാനായി വാട് സാപ്‌ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തി നല്‍കുന്ന അറിയിപ്പ് ചുരുക്കം ദിവസങ്ങള്‍ കൊണ്ടുതന്നെ പലയിടങ്ങളിലും വിജയം കണ്ടതോടെ ഈ മാതൃക പിന്തുടരാന്‍ തയ്യാറാകുകയാണ് മറ്റു തദ്ദേശ സ്ഥാപനങ്ങളും. ഇത് സംബന്ധിച്ച് എല്ലാ ജില്ലയിലും അടിയന്തര നടപടികള്‍ ഉണ്ടാകുന്നതിന് ഈയിടെ നടന്ന മാലിന്യമുക്തം നവകേരളം ശില്‍പ്പശാലയില്‍ നിര്‍ദേശങ്ങള്‍ ഉയരുകയും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. എല്ലാ ജില്ലകളിലെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഫോണ്‍ നമ്പര്‍/ഇമെയില്‍ വിലാസം പരസ്യപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാന്‍ ശില്‍പ്പശാലയില്‍ ജോയിന്‍റ് ഡയറക്ടര്‍മാര്‍ക്ക് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിര്‍ദേശവും നല്‍കി.

2024 മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മൂന്ന് ഘട്ടങ്ങളിലായി 'മാലിന്യമുക്തം നവകേരളം' കാമ്പയിന്‍ നടത്തിവരികയാണ്. 2023 മാര്‍ച്ച് 13 മുതല്‍ 2023 ജൂണ്‍ 5 വരെ നടന്ന കാമ്പയിനിന്‍റെ ആദ്യഘട്ട ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ഹരിതസഭകള്‍ സംഘടിപ്പിച്ചു. കാമ്പയിനിന്‍റെ രണ്ടാം ഘട്ടം ഈ വര്‍ഷം നവംബര്‍ 30 ന് സമാപിക്കും.

കാമ്പയിനിന്‍റെ ഭാഗമായാണ് പാരിതോഷികം നല്‍കുന്നത്. നിയമലംഘനം അറിയിക്കുന്ന വ്യക്തികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 2,500 രൂപ വരെയോ അല്ലെങ്കില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ആണ് പാരിതോഷികമായി നല്‍കുക. പൊതു ഇടങ്ങള്‍, സ്വകാര്യ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തെളിവ് സഹിതം പൊതുജനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കാം. ശുചിത്വമിഷന്‍റെ ഹരിതമിത്രം ആപ്പ് വഴിയും മാലിന്യം നിക്ഷേപിക്കുന്നത് അധികൃതരെ അറിയിക്കാനാകും.