2025, മാർച്ച് 10, തിങ്കളാഴ്‌ച

ഭാരതത്തിന്റെ നരേറ്റീവ് ലോകത്തോട് മുഴക്കണം: ജെ. നന്ദകുമാര്‍

 


 വൈചാരിക ആണവബോംബുകളെ നേരിടണം




കൊച്ചി: ഭാരതത്തിന്റെ യഥാര്‍ത്ഥ നരേറ്റീവ് ലോകത്തോട് മുഴക്കുവാന്‍ നാം തയ്യാറാകണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ജി 20യിലൂടെ നമുക്കത് ചെയ്യാന്‍ കഴിഞ്ഞു. ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. കൊവിഡ് വാക്‌സിന്‍ ലോകത്താകമാനം നമ്മള്‍ വിതരണം ചെയ്യുമ്പോള്‍ ഭാരതം മുഴക്കിയത് ആര്‍ക്കും അസുഖമുണ്ടാകാതിരിക്കട്ടെ, എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെയെന്നാന്നുള്ള ഭാരതത്തിന്റെ പ്രാര്‍ത്ഥനയാണെന്നും അദ്ദേഹം പറഞ്ഞു.  വിശ്വസംവാദ കേന്ദ്രം നടത്തുന്ന വാര്‍ഷിക പരിപാടിയായ സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ളുവന്‍സ് ലക്ഷ്യയില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍. വൈചാരിക ആണവബോംബുകള്‍ ഭാരതത്തിനുനേരെയുണ്ടായേക്കാം. ഭീകരമായ സ്‌ഫോടനശേഷിയുള്ള ഈ വൈചാരിക ബോംബുകളെ നേരിടാന്‍ നമുക്ക് കഴിയണം. ഇതിന് വ്യക്തമായ ആസൂത്രണം ഉണ്ടാവണം. ഭാരതത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങളെ തടയുകയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യണം. വ്യക്തികളില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുകയും സമൂഹിക സമരസതയിലേയ്ക്കുള്ള പോരാട്ടത്തിനായി പ്രവര്‍ത്തിക്കുകയും വേണം. ഭാവാത്മകമായ ഭാരതീയ സംസ്‌കൃതിയുടെ സനാതന ധര്‍മ്മത്തിന്റെ സന്ദേശം ലോകത്തെല്ലൊയിടത്തും എത്തിക്കാനായി പ്രവര്‍ത്തിക്കണം. ഈ ആഖ്യാന യുദ്ധത്തില്‍ അന്തിമ വിജയം നമുക്കായിരിക്കും.
നമ്മുടെ ലക്ഷ്യം ധ്രുവതാരം പോലെ ഏറ്റവും വെട്ടത്തിളങ്ങുന്നതുമാണ്. ദേശീയമായി ചിന്തിക്കുന്നവരുടെ എണ്ണം നമുക്ക് കൂട്ടാന്‍ കഴിയണം. ദേശീയമായി ചിന്തിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. ദുഷ് പ്രചാരണം നടത്തുന്നവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത് അവരുടെ എണ്ണം കൂടുതലുള്ളതുകൊണ്ടല്ല, നന്മയില്‍ വിശ്വസിക്കുന്നവരുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാത്തതുകൊണ്ടാണ്. മനസില്‍ നന്മയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. മുഖ്യമായും രണ്ട് ഘടകങ്ങളാണ് നമ്മുടെ മുന്‍പില്‍ ഉള്ളത്. ഖണ്ഡനവും മണ്ഡനവുമാണ് വേണ്ടത്. പ്രജ്ഞയും വിവേകവും ലഭിക്കുന്നത് എതിരായ ആശങ്ങള്‍ കൂടി പഠിക്കുമ്പോഴാണ്. അവരുടെ ഭാഷ പഠിക്കേണ്ടതുണ്ട്. രാഷ്ട്ര വിരുദ്ധശക്തികളുടെ ഭാഷയ്ക്ക് ചില സമാനതകളുണ്ട്. അവര്‍ സമൂഹത്തെ നിര്‍വീര്യമാക്കും, അസ്ഥിരപ്പെടുത്തും. ആ അസ്ഥിരതയ്ക്ക് ആക്കം കൂട്ടുവാന്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഭാരതീയമായുള്ള എന്തിനെക്കുറിച്ചുള്ള ചിന്തയും ശ്രദ്ധ കിട്ടാത്ത തരത്തില്‍ ഡീമോറലൈസ് ചെയ്യുന്നു. ചില ആശയങ്ങളെ ആവര്‍ത്തിച്ചുള്ള പ്രചരണങ്ങളിലൂടെ സമൂഹത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. ഒരു കാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ പൊളിച്ച് കപ്പ നടണമെന്ന് പ്രചാരണം നടത്തി. ശരിയായ ആരാധനാലയത്തോട് ഒരു അവിശ്വാസം ജനിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തത്. വിശ്വാസങ്ങളെ തകര്‍ത്ത് മനസ് ശൂന്യമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ ശൂന്യതയിലാണ് ആത്മഹത്യാ പ്രവണതയുടെയും മയക്കുമരുന്നിന്റെയും നൈരാശ്യത്തിന്റെ വലിയൊരും പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നത്.
ഇന്നത്തെ ലഹരി വ്യാപനത്തിനുപിന്നില്‍ വിഗ്രഹ ധ്വംസന പ്രത്യയശാസ്ത്രങ്ങളുണ്ടെന്ന് പറയാവുന്നതാണ്. ഇതിനെ നോര്‍മലൈസ് ചെയ്യാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതെല്ലാം സര്‍വ്വസാധാരണമാണെന്നാണ് പറയുന്നത്. ഇതിനെ കരുതിയിരിക്കണം. ഒരു യുദ്ധത്തിന്റെ നടുവിലാണ് നമ്മളെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആഖ്യാന യുദ്ധം വളരെ അപകടം പിടിച്ചതാണ്. സമൂഹത്തെ എതെല്ലാം വിധത്തിലാണ് തെറ്റായ രീതിയില്‍ നയിക്കാന്‍ ശ്രമിക്കുന്നത്. അതിനെയെല്ലാം നേരിടേണ്ടതുണ്ട്. കുടുംബത്തെ തന്നെ തര്‍ക്കുന്ന പ്രത്യയശാസ്ത്രം ഉണ്ടാക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ