രാജ്യത്തെ മുഴുവൻ തൊഴിലിടങ്ങളും സ്ത്രീ സൗഹൃദ കേന്ദ്രങ്ങളായി മാറണമെന്ന് ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സ: എൽ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാർവദേശീയ വനിതാദിനത്തിൽ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്ത്രീ സൗഹൃദ പദ്ധതികൾ രൂപകല്പന ചെയ്യുന്നതിൽ ട്രേഡ് യൂണിയൻ എന്ന നിലയിൽ ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ നടത്തി വരുന്ന ഇടപെടലുകളെ കുറിച്ച് അദ്ദേഹം വിവരിച്ചു. ഗർഭിണികളായ ഉദ്യോഗാർത്ഥികളുടെ നിയമനകാര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നിയമ പോർരാട്ടത്തിലൂടെ മറി കടക്കാൻ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ കാണിച്ച ആർജ്ജവം തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിൽ ട്രേഡ് യൂണിയനുകൾക്കുള്ള പ്രസക്തിയുടെ ഉത്തമ ഉദാഹരണമാണെന്നും ചൂണ്ടി കാണിച്ചു.
2009 മുതൽ ഈ വിഷയത്തിൽ സംഘടന നടത്തിവരുന്ന ഇടപെടലുകൾ അടുത്ത കാലത്താണ് ഫലം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ സംഗമത്തിൽ ആയിരത്തി നനൂറോളം വനിതാ സഖാക്കൾ പങ്കെടുത്തു.
യു എൻ ഐ ഗ്ലോബൽ യൂണിയൻ ഏഷ്യ - പസിഫിക് റീജിയണൽ സെക്രട്ടറി ശ്രീ രാജേന്ദ്ര ആചാര്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന് തനതായ ഒരു ട്രേഡ് യൂണിയൻ സംസ്കാരമുണ്ടെന്നു അദ്ദേഹം സൂചിപ്പിച്ചു.
പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ ഗോപാലകൃഷ്ണൻ മാനസിക ആരോഗ്യ സമസ്യകൾ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. മാനസിക സമ്മർദ്ദവും പിരിമുറുക്കവും മാറ്റി നിർത്തിക്കൊണ്ട് ജീവിതവും ജോലിയും ആസ്വദിക്കാനുള്ള വഴികൾ സദസ്സുമായി അവർ പങ്കുവച്ചു.
തുടർന്ന് നടന്ന പാനൽ ചർച്ചയിൽ സഖാക്കൾ വിജിത വി,
ആര്യ രാജേന്ദ്രൻ സി എൽ, ദീപിക ആർ എസ്, വസുജ ആർ വി, വിജയ പി അയ്യർ, അനു പി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ ഓർഗനൈസിങ്ങ് സെക്രട്ടറി സ: നിധി തോമസ് മോഡറേറ്ററായി. സംസ്ഥാനതല വനിതാ സമ്മേളനത്തോടനുബന്ധിച്ച് ബാങ്ക് ജീവനക്കാർക്കും, അവരുടെ മക്കൾക്കും,കോളേജ് വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീമതി എ ഭുവനേശ്വരി, ആൾ ഇന്ത്യാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ പ്രസിഡന്റ് സ: പങ്കജ് കൗശിക് , സ്റ്റേറ്റ് ബാങ്ക് സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ പ്രസിഡന്റ് സ: രജത് എച്ച് സി, ജനറൽ സെക്രട്ടറി സ: അഖിൽ എസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ ശിവകുമാർ ജെ എന്നിവർ ആശംസകൾ നേർന്നു.
സംഘാടക സമിതി ചെയർപേഴ്സൺ സ: സുധാ അനിൽകുമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ: ജി ശ്രീകല അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സ: ശ്യാമ സോമൻ നന്ദി രേഖപ്പെടുത്തി.3 മണിയോടെ യോഗം അവസാനിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ