2018, ജൂൺ 4, തിങ്കളാഴ്‌ച

ചെറുമീനുകളെ പിടിക്കുന്നത് മത്സ്യമേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ

ചെറുമീനുകളെ പിടിക്കുന്നത് മത്സ്യമേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ 

മറ്റ് സംസ്ഥാനങ്ങളിലും ചെറുമീനുകളെ പിടിക്കുന്നത് തടയാനുള്ള നിയമം കൊണ്ട് വരണമെന്ന് മത്സ്യത്തൊഴിലാളികൾ 

കൊച്ചി: അനിയന്ത്രിതമായ രീതിയിൽ ചെറുമീനുകളെ പിടിക്കുന്നത്  കേരളത്തിന്റെ മത്സ്യമേഖലയിൽ കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം.  കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചെറുമീനുകൾ പിടിക്കപ്പെട്ടത് കിളിമീനിന്റേതാണ്. ഇത് കൊണ്ട് മാത്രം 221 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

ചെറുമീനുകളെ വൻതോതിൽ പിടിക്കുന്നത് മൂലം, മത്സ്യത്തിന്റെ മൊത്ത ലഭ്യത, ഉൽപാദനം, വംശസംഖ്യാവർദ്ധനവ്, പ്രജനനം എന്നിവ താളം തെറ്റുന്നതായും സിഎംഎഫ്ആർഐ പഠനം വ്യക്തമാക്കുന്നു. കേരളത്തിന്റെ മത്സ്യമേഖലയുടെ പുരഗതി ലക്ഷ്യമാക്കി പരിപാലന മാതൃകകൾ രൂപപ്പെടുത്തുന്നതിനുള്ള സിഎംഎഫ്ആർഐയുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പഠനം. സിഎംഎഫ്ആർഐയിൽ നടന്ന ഗുണഭോക്തൃ ശിൽപശാലയിൽ പദ്ധതിയുടെ മുഖ്യഗവേഷകനായ ഡോ ടി എം നജ്മുദ്ധീൻ പഠനഫലങ്ങൾ അവതരിപ്പിച്ചു. 

മത്സ്യത്തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, സമുദ്രഭക്ഷ്യോൽപ്പന്ന കയറ്റുമതി വിതരണക്കാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് ശിൽപശാലയിൽ സംബന്ധിച്ചത്. സിഎംഎഫ്ആർഐ കഴിഞ്ഞ വർഷം നടത്തിയ ഗവേഷണ ഫലങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു സംയുക്ത യോഗം. 

എൽ-നിനോയെ തുടർന്ന് കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ മത്തി കുറയാനുണ്ടായ കാരണമെന്ന് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. കാലാവസ്ഥാ പ്രതികൂലമായതിനാൽ മത്തിയുടെ പ്രജനനത്തിൽ കുറവ് വരികയും വളർച്ചയിൽ മുരടിപ്പ് സംഭവിക്കുകയും ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം (2017) മുൻ വർഷത്തേക്കാൾ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണട്്. 176 ശതമാനമാണ് വർധനവ്. 

ചെറുമീനുകളെ പിടിക്കുന്നത് തടയുന്നതിന് കേരളത്തിന്റെ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിലും നിയമം കൊണ്ട് വരണമെന്ന് മത്സ്യത്തൊഴിലാളികൾ ശിൽപശാലയിൽ ആവശ്യപ്പെട്ടു. അടിത്തട്ട് മത്സ്യങ്ങളുടെ പാലായന സ്വഭാവം സിഎംഎഫ്ആർഐ പഠനവിധേയമാക്കണം. ലഭ്യത കുറഞ്ഞുവരുന്ന പരവ പോലുള്ള മത്സ്യങ്ങളെക്കുറിച്ച് പ്രത്യേകമായി പഠനം നടത്തണം. മത്സ്യബന്ധന യാനങ്ങൾ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് സിഎംഎഫ്ആർഐ നേതൃത്വം നൽകകണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. 

മീൻപിടിത്തത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ദേശീയതലത്തിൽ ഒരുപോലെ നടത്തിയാൽ മാത്രമേ ഫലപ്രദമാകൂവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 

ഡോ ടി വി സത്യാനന്ദൻ, ഡോ കെ സുനിൽ മുഹമ്മദ്, ഡോ പി യു സക്കറിയ, ഡോ എൻ അശ്വതി, എസ് മഹേഷ്, ചാൾസ് ജോർജ്ജ്, ജോസഫ് സേവിയർ കളപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു. ചർച്ചയിൽ ഡോ ശ്യാം എസ് സലീം മോഡറേറ്ററായിരുന്നു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ