മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സഹായഹസ്തമേകാന്‍
മറൈന്‍ ആംബുലന്‍സ്
കൊച്ചി: കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ഭാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള മൂന്ന് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുവാന്‍ കൊച്ചി കപ്പല്‍ശാല സംസ്ഥാന സര്‍ക്കാരുമായി ധാരണയായി. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കിടേശപതിയും കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ എന്‍.വി സുരേഷും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
22.5 മീറ്റര്‍ നീളവും 5.99 മീറ്റര്‍ വലിപ്പവുമുള്ള കപ്പലിന് 14 നോട്ടിക്കല്‍ വേഗതയുമുണ്ട്. കൊച്ചി കപ്പല്‍ശാലയുടെ ഇന്‍-ഹൗസ് ഡിസൈന്‍ ഡിപ്പാര്‍ട്മെന്‍റില്‍ ആധുനിക രീതിയില്‍ രൂപകല്പന ചെയ്യുന്ന ആംബുലന്‍സ് കൂടുതല്‍ ഇന്ധന ക്ഷമതയുള്ളതായിരിക്കും. വളരെ ഭാരക്കുറവുള്ള ബോട്ടുകളായതിനാല്‍ രൂപകല്പന ചെയ്തപ്പോള്‍ യാര്‍ഡിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഐ.ആര്‍.എസ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നിര്‍മ്മിക്കുന്ന ആംബുലന്‍സുകള്‍ക്ക് ഇരുവശവും വെള്ളത്തില്‍ നിന്ന് കരയിലേക്ക് രോഗിയെ വലിച്ചെടുക്കുവാന്‍ ഉതകുന്ന ഡെക്ക് ഫോള്‍ഡബില്‍ പ്ലാറ്റ്ഫോം ഉണ്ട്.
ആംബുലന്‍സിന് 2 രോഗികളെയും പാരാമെഡിക്കല്‍ ജീവനക്കാരെയുമടക്കം 7 പേരെ വഹിക്കാന്‍ ശേഷി ഉണ്ടായിരിക്കും. പരിശോധന, നഴ്സിങ്ങ് റൂം, മെഡിക്കല്‍ ബെഡ്ഡുകള്‍, മോര്‍ച്ചറി ഫ്രീസ്സര്‍, റഫ്രിജറേറ്ററുകള്‍, മെഡിക്കല്‍ ലോക്കറുകള്‍ ഉള്‍പ്പടെയുള്ള പാരാമെഡിക്കല്‍ സംവിധാനങ്ങള്‍ ബോട്ടിലുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള ആംബുലസ് ഒഖി പോലുള്ള ദുരന്തങ്ങളില്‍ സഹായകമാകുമായിരുന്നു.
കൊച്ചി കപ്പല്‍ശാലയില്‍ ആന്‍റമാന്‍ നിക്കോബര്‍ ഭരണകൂടത്തിന്നു വേണ്ടി 4 യാത്രാകപ്പലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 2355 കോടി രൂപയുടെ വരുമാനം കപ്പല്‍ശാലയ്ക്ക് നേടാന്‍ സാധിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ