2018, ജൂൺ 4, തിങ്കളാഴ്‌ച

കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി: സ്ത്രീകൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്

കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി:
സ്ത്രീകൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്

സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ മൂത്തകുന്നത്ത് കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷി വിളവെടുത്തു 

കൊച്ചി: സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കടൽമുരിങ്ങ (ഓയിസ്റ്റർ), കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് വിവിധ കർഷക സംഘങ്ങളിലായി 40ഓളം സ്ത്രീകളാണ് കടൽമുരിങ്ങയും കല്ലുമ്മക്കായയും കൃഷി ചെയ്ത് മികവ് തെളിയിച്ചത്. 

കഴിഞ്ഞ നവംബറിൽ തുടങ്ങിയ കൃഷി ഏഴ് മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മുള കൊണ്ട് നിർമ്മിച്ച 13 കൃഷിയിടങ്ങളിലാണ് കടൽമുരിങ്ങ (ഓയിസ്റ്റർ) കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 250-ഓളം കയറുകളിലായി നടത്തിയ കൃഷിയിൽ ഒന്നര ടൺവരെ കടൽമുരിങ്ങയാണ് ഓരോ യൂണിറ്റിൽ നിന്നും ലഭിച്ചത്. 13 യൂണിറ്റുകളിൽ നിന്നായി മൊത്തം 20-ഓളം ടൺ. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മൂന്ന് കൃഷിയിടങ്ങളിലാണ് കല്ലുമ്മക്കായ വിത്ത് കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 100 വീതം കയറുകളിലാണ് കല്ലുമ്മക്കായ വിത്തുകൾ നിക്ഷേപിച്ചിരുന്നത്. ഓരോ യൂണിറ്റിൽ നിന്നും ഒന്നേക്കാൽ ടൺ വീതം കല്ലുമ്മക്കായയാണ് വിളവെടുത്തത്. മറ്റ് ജോലികൾക്ക് പുറമെയാണ് സത്രീകളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ കല്ലുമ്മക്കായ-കടൽ മുരിങ്ങ കൃഷിക്ക് മുന്നിട്ടിറങ്ങിയത്. 

സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. സിഎംഎഫ്ആർഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷനാണ് കൃഷിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരുന്നത്. വിളവെടുപ്പിന് ശേഷം സിഎംഎഫ്ആർഐ തന്നെ വികസിപ്പിച്ച ശാസത്രീയ ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ് വിൽപന നടത്തുന്നത്. 

ചിലവ് കുറഞ്ഞ കൃഷി
തീറ്റ നൽകേണ്ടതില്ലെന്നതിനാൽ മത്സ്യകൃഷിയെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതാണ് കല്ലുമ്മക്കായ, കടൽമുരിങ്ങ കൃഷി. കൃഷിയുടെ ആരംഭത്തിൽ മുളകൊണ്ടുള്ള കൃഷിയിടം ഒരുക്കാനും കൃഷിയിറക്കുന്നതിനുള്ള കയറുകളുമാണ് കടൽമുരിങ്ങ കൃഷിക്കുള്ള ചിലവ്. കൃഷിക്കായി വിത്ത് പ്രത്യേകം ശേഖരിക്കേണ്ട എന്നതാണ് കടൽമുരിങ്ങ കൃഷിയുടെ പ്രത്യേകത.  എന്നാൽ, വിത്തു ശേഖരിച്ചാണ് കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ഒരു യൂണിറ്റിൽ കല്ലുമ്മക്കായ കൃഷിചെയ്യുന്നതിന് ഏകദേശം 125 കിലോ വിത്ത് ആവശ്യമായിവരും. കൃഷിയിറക്കിയതിന് ശേഷം മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ പരിചരണവും ശ്രദ്ധയും മാത്രമേ കടൽമുരിങ്ങ-കല്ലുമ്മക്കായ കൃഷിയിൽ ആവശ്യമുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. സ്വാഭാവികമായ ഒഴുക്കുള്ള ഉപ്പുജലാശയങ്ങളിലാണ് ഇവ കൃഷി ചെയ്യേണ്ടത്. അഴിമുഖങ്ങളോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളാണ് ഇതിന് ഏറ്റവും അഭികാമ്യം. 



പോഷക സമ്പുഷ്ടം 
ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടവുമാണ് കടൽ മുരിങ്ങയും കല്ലുമ്മക്കായയും. അത്യപൂർവമായ ധാതുലവണമായ സെലീനിയവും, സിങ്ക്, കാത്സ്യം, അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. 

സിഎംഎഫ്ആർഐയിൽ ലഭിക്കും 
പഞ്ചനക്ഷത്ര ഹോട്ടലുകളാണ് വിളവെടുത്ത് കടൽമുരിങ്ങയുടെയും കല്ലുമ്മക്കായയുടെയും പ്രധാന ഉപഭോക്താക്കൾ. എന്നാൽ, പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി ഇവ സിഎംഎഫ്ആർഐയിൽ ലഭ്യമാണ്. ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ ഇവയുടെ ഇറച്ചി സിഎംഎഫ്ആർഐയിലെ കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രത്തിൽ (ആറ്റിക്) വിൽപന നടത്തുന്നത്.  കടൽ മുരിങ്ങ കിലോയ്ക്ക് 600 രൂപയും കല്ലുമ്മക്കായ കിലോയ്ക്ക് 660 രൂപയുമാണ് വില. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് 4നുമിടയിൽ വാങ്ങാം. ഫോൺ 0484 2394867 (എക്‌സ്റ്റൻഷൻ 406).  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ