2017, നവംബർ 12, ഞായറാഴ്‌ച

മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ്‌ കാര്യക്ഷമമല്ലെന്ന്‌ സി.എം.എഫ്‌.ആര്‍.ഐ





കൊച്ചി:ഇന്‍ഷുറന്‍സ്‌ പരിരക്ഷ രാജ്യത്തെ മത്സ്യമേഖലയില്‍ഒട്ടുംകാര്യക്ഷമമല്ലെന്ന്‌ പഠനം. മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും അനുഭവിക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആര്‍ഐ) ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്‌. 

മറ്റ്‌കാര്‍ഷിക മേഖലകളെ അപേക്ഷിച്ച്‌ മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ വളരെകുറവാണെന്നാണ്‌ പഠനം. കടലില്‍ മീന്‍പിടിക്കുന്നവര്‍ക്കുള്ള ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ മാത്രമാണ്‌ ഈ മേഖലയില്‍ പ്രചാരത്തിലുള്ളത്‌. എന്നാല്‍, മീന്‍പിടിത്ത ബോട്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള കേടുപാട്‌, തീരദേശജംഗമവസ്‌തുക്കള്‍ക്ക്‌ സംഭവിക്കുന്ന നാശനഷ്ടംതുടങ്ങിയവയ്‌ക്ക്‌ കേരളത്തിലുള്‍പ്പെടെ വളരെ പരിമിതമായ അളവില്‍ മാത്രമാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നിലവിലുള്ളത്‌. മത്സ്യങ്ങള്‍ വന്‍തോതില്‍ ഇല്ലാതാകുന്നതുകൊണ്ടുള്ള നഷ്ടം, കടലില്‍കൃഷിചെയ്യാനുപയോഗിക്കുന്ന കൂടുകള്‍ക്ക്‌ സംഭവിക്കുന്ന കേടുപാട്‌, മത്സ്യകൃഷിയില്‍ സംഭവിക്കുന്ന നഷ്ടം എന്നിവയ്‌ക്ക്‌ രാജ്യത്തെവിടെയും ഇന്‍ഷുറന്‍സ്‌ സംരക്ഷണം ഇല്ലെന്നും പഠനം വ്യക്തമാക്കുന്നു. 

സി.എം.എഫ്‌.ആര്‍.ഐ.യിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം ശാസ്‌ത്രജ്ഞനായഡോഷിനോജ്‌ പാറപ്പുറത്താണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയത്‌. 

കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 14 മീന്‍പിടിത്ത കേന്ദ്രങ്ങളിലുംകേരളത്തിലെയും തമിഴ്‌നാട്ടിലെയും മത്സ്യകര്‍ഷകര്‍ക്കിടയിലുമാണ്‌സിഎംഎഫ്‌ആര്‍ഐ പഠനം നടത്തിയത്‌. ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ നിന്നുംസര്‍ക്കാര്‍ തലങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പഠനത്തിനായി ഉപയോഗപ്പെടുത്തി. 

സര്‍വ്വേ നടത്തിയതില്‍കേരളത്തില്‍ ഒരുസ്ഥലത്ത്‌ മാത്രമാണ്‌ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തിട്ടുള്ളതെന്ന്‌ കണ്ടെത്തി. സര്‍വേയോട്‌ പ്രതികരിച്ചവരില്‍, തീരദേശ മേഖലയില്‍ വസിക്കുന്നവരുടെ പുരയിടം, മറ്റ്‌ജംഗമവസ്‌തുക്കള്‍ എന്നിവയ്‌ക്കുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയിട്ടുള്ളത്‌ തമിഴ്‌നാട്ടിലെ 14 ശതമാനം പേര്‍ മാത്രമാണ്‌. മത്സ്യസമ്പത്തിലെ കുറവ്‌, വിപണിയിലെ വിലവ്യത്യാസം മൂലമുള്ള നഷ്ടം, മത്സ്യകൃഷിയിലെ നഷ്ടം എന്നിവയ്‌ക്ക്‌ സര്‍വേയില്‍ പങ്കാളികളായ ആരും തന്നെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയിട്ടില്ലെന്ന്‌ പഠനം വെളിപ്പെടുത്തുന്നു. 

മത്സ്യബന്ധന ബോട്ടുകള്‍ക്ക്‌ കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍വളരെകുറഞ്ഞ അളവില്‍ മാത്രമാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുള്ളത്‌. എന്നാല്‍, വ്യക്തിഗത ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ കേരളത്തില്‍ നിന്ന്‌ സര്‍വേയില്‍ പങ്കാളികളായ 80 ശതമാനം പേരും ഉറപ്പുവരുത്തിയിട്ടുണ്ട്‌. ശുദ്ധജല-ഓരുജലാശയങ്ങളില്‍ മത്സ്യകൃഷിചെയ്യുന്ന ആരും തന്നെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 

ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെക്കുറിച്ച്‌ മത്സ്യമേഖലയില്‍ നിലനില്‍ക്കുന്ന അജ്ഞതയാണ്‌ ഇത്തരമൊരവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സ്‌ പോളിസികള്‍ മത്സ്യത്തൊഴിലാളി സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന്‌ സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ താല്‍പര്യമെടുക്കാത്തതും ഈ രണ്ട്‌ വിഭാഗവും തമ്മിലുള്ള വിശ്വാസക്കുറവും മറ്റ്‌കാരണങ്ങളാണ്‌. കൂടാതെ, ഉയര്‍ന്ന പ്രീമിയവും ഭാഗികമായ കേടുപാടുകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കാത്തതും നടപടിക്രമങ്ങളിലെ സങ്കീര്‍ണതയുംമത്സ്യത്തൊഴിലാളി സമൂഹത്തെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടുന്നതില്‍ നിന്ന്‌ പിന്നോട്ടടിപ്പിക്കുന്നു. ഉചിതമായ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഈ മേഖലയില്‍ ലഭ്യമല്ലാത്തതുംമത്സ്യത്തൊഴിലാളികളെ ഇതില്‍ നിന്ന്‌ അകറ്റുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. 

ഉ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ