വ്യവസായ ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും
അന്താരാഷ്ട്രവത്‌ക്കരണവും സാധ്യമാകണം- ടി.പി ശ്രീനിവാസന്‍
കൊച്ചി:
ഉന്നത വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക
വിദ്യകളുടെ ഉപയോഗവും വ്യവസായ ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും
അന്താരാഷ്ട്രവത്‌ക്കരണവും സാധ്യമായാല്‍ മാത്രമേ സംസ്ഥാനത്ത് ഉത്തമമായ സംരംഭക
കാലാവസ്ഥ രൂപപ്പെടുകയുള്ളുവെന്ന് മുന്‍ നയതന്ത്രജ്ഞനും , സംസ്ഥാന ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി ശ്രീനിവാസന്‍ പറഞ്ഞു. ലെ
മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ടൈക്കോണ്‍ കേരള 2017 സംരംഭക
സമ്മേളനത്തിന്റെ രണ്ടാം ദിവസം യുവ സംരംഭകരെ അഭിസംബോധന ചെയ്‌ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോയ നാള്‍വഴികളില്‍ സംരംഭക
സാഹചര്യങ്ങളൊരുക്കുന്നതിന് തടസം സൃഷ്ടിച്ച വിദ്യാഭ്യാസ രംഗത്തെ ഘടകങ്ങള്‍ വിശകലനം
ചെയ്‌തു കൊണ്ട് അനുകൂലമായ കാലാവസ്ഥ ഒരുക്കാന്‍ വരുത്തേണ്ട മാറ്റങ്ങള്‍ അദ്ദേഹം
വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം സംരംഭക രംഗത്ത് കര്‍മ്മോത്സുകത കാണിക്കാന്‍
ഇനിയും വൈകരുത്. വ്യാവസായിക ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും പേറ്റന്റുകളും
സര്‍വ്വകലാശാലകള്‍ പ്രോത്സാഹിപ്പിക്കണം. ആഗോള വിപണിയില്‍ മത്സരിക്കുന്ന രാജ്യമെന്ന
നിലയില്‍ വിജ്ഞാനത്തിന്റെ ഒഴുക്കും പ്രോത്സാഹിപ്പിക്കപ്പെടണം. ഉന്നത വിദ്യാഭ്യാസ
രംഗത്തെ അന്താരാഷ്ട്രവത്‌ക്കരണം തടയുന്നത്, കണ്ടെത്തിയത് തന്നെ വീണ്ടും വീണ്ടും
കണ്ടെത്തുന്ന തരത്തിലുള്ള സ്‌തഭനാവസ്ഥയാണ് സൃഷ്ടിക്കുക. ഇത് സംരംഭക രംഗത്തെ
മുന്നേറ്റം സാധ്യമല്ലാതാക്കുമെന്നും ടി.പി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
സര്‍വ്വകലാശാലകളെ സംരംഭക ഭ്രമണ പഥത്തിലെത്തിക്കേണ്ടത് സംരംഭകര്‍ തന്നെയാണ്. ഏതു
തരത്തിലുള്ള സംരംഭകരെയാണ് തങ്ങള്‍ക്കാവശ്യമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതരെ
ബോധ്യപ്പെടുത്തണം. വ്യവസ്ഥയുടെ അകത്ത് ചെന്ന് വേണം പരിഹാര നടപടികള്‍
നിര്‍ദ്ദേശിക്കാന്‍അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ്
അംഗം ജി.വിജയരാഘവന്‍, അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മാനേജ്‌മെന്റ് പ്രൊഫ. എബ്രഹാം കോശി, ഫോര്‍ത്ത് ആമ്പിറ്റ് ടെക്‌നോളജീസ് സി.ഇ.ഒ
രാഹുല്‍ ദാസ്, എ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ് കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
ഗ്രാമീണ സംരംഭക മേഖല നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക
സമ്മേളന വേദിയില്‍ സംസാരിച്ച സ്‌റ്റെര്‍ലിങ് ഗ്രൂപ്പ് എം.ഡി ശിവദാസ് ബി മേനോന്‍
ഗ്രാമീണ ഉത്‌പന്നങ്ങള്‍ക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍,
ചരക്ക് ഗതാഗതത്തിലെ പോരായ്‌മകള്‍, കാര്‍ഷിക രംഗത്തെ ഉത്‌പാദന വിതരണ ശൃംഖലകളെ
പൂര്‍ണമായും സംയോജിപ്പിച്ചു കൊണ്ടുള്ള കൂട്ടുകെട്ടുകളുടെ അഭാവം തുടങ്ങിയ അടിസ്ഥാന
പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു. വെസ്‌റ്റേണ്‍ ഇന്ത്യ കാഷ്യൂ കമ്പനി
പ്രസിഡന്റ് ഹരികൃഷ്‌ണന്‍ നായര്‍, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ്
മീരാന്‍, കെസിപിഎംസി എം.ഡി ജോജോ ജോര്‍ജ്ജ് പുത്തംകുളം, കേരള എഞ്ചല്‍
നെറ്റ്‌വര്‍ക്ക് സി.ഇ.ഒ എം.എസ്.എ കുമാര്‍ തുടങ്ങിയവര്‍ പ്രായോഗിക പരിഹാരങ്ങള്‍
നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ