2017, ജൂലൈ 11, ചൊവ്വാഴ്ച

'മധുരിക്കും ഓര്‍മ്മകളു'മായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍


കൊച്ചി: കാളിദാസ കലാകേന്ദ്രത്തിന്റെ 'മധുരിക്കും ഓര്‍മ്മകളെ' എന്ന അനശ്വര ഗാനം ഒഎന്‍വി കുറുപ്പ്  24-ാം വയസില്‍ എഴുതിയതാണ്. അര നൂറ്റാണ്ട് പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളിയുടെ മനസില്‍ ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്നതുമാണ്. പ്രസിദ്ധമായ ഈ നാടകഗാനം പാടിക്കൊണ്ടാണ് ഒ.യു ബഷീര്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 177-ാമത് ലക്കം തുടങ്ങിയത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍കേറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിച്ചു വരുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികോല്ലാസം ലഭിക്കുന്നതിനും അതുവഴി രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും ഉദ്ദേശിച്ചാണ് ഈ സംഗീത സാന്ത്വന പരിപാടി.

ഒ.യു ബഷീറും ബിബിന ബാബുവുമാണ് പരിപാടി അവതരിപ്പിച്ചത്. മധുരിക്കും ഓര്‍മ്മകളുണര്‍ത്തുന്ന 15 ഗാനങ്ങളാണ് ഇരുവരും പാടിയത്. പത്തു പാട്ടുകള്‍ ബഷീറും നാലു പാട്ടുകള്‍ ബിബിനയും ആലപിച്ചു. വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന യുഗ്മഗാനവും ഇവരുടേതായുണ്ടായിരുന്നു. 

ചലച്ചിത്ര പിന്നണി ഗായകന്‍ കൂടിയാണ് ഒ.യു ബഷീര്‍. മിനുക്കം, ഈ ഭാര്‍ഗവി നിലയം, കിസാന്‍, കുട്ടിസ്രാങ്ക്, ആനമയില്‍ ഒട്ടകം, കാപ്പിരിത്തുരുത്ത് എന്നീ സിനിമകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആര്‍എല്‍വി കോളേജില്‍നിന്ന് സംഗീതത്തില്‍ ബിരുദമെടുത്ത ബിബിന നിരവധി ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും ഗായികയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ