കൊച്ചി
യുവജനങ്ങളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് കെ എം എ പോലുള്ള സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് എറണാകുളം ജില്ലാ കളക്‌ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഐ എ എസ് പ്രസ്‌താവിച്ചു. കായിക ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് മതിയായ പരിശീലനം നല്‍കി അവരെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നതിനു പ്രാപ്‌തരാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പുരോഗതി നേടുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യും. -കളക്‌ടര്‍ വിശദീകരിച്ചു. കെ എം എ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്‌ടറായി ചുമതലയേറ്റതിനു ശേഷം അദ്ദേഹം ഒരു പ്രൊഫഷണല്‍ സംഘടനയുടെ വേദിയില്‍ സംസാരിക്കുന്ന ആദ്യ പരിപാടികളിലൊന്നായിരുന്നു ഇത്. സദസ്യരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി. നഗരവാസികളും മാധ്യമപ്രവര്‍ത്തകരും പ്രമുഖ മാനേജ്‌മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യോഗത്തിനെത്തിയിരുന്നു.
ഖരമാലിന്യ നിര്‍മാര്‍ജനം, ഗതാഗതകുരുക്ക് തുടങ്ങിയ വിഷയങ്ങള്‍ക്കും മതിയായ ശ്രദ്ധ കൊടുക്കുമെന്ന് കളക്‌ടര്‍ വ്യക്തമാക്കി. മെട്രോ, ജലഗതാഗതസംവിധാനം, സ്‌മാര്‍ട് സിറ്റി തുടങ്ങിയ പദ്ധതികളുള്ള കൊച്ചിയ്‌ക്ക് ഇന്ത്യയിലെ മറ്റു പല മെട്രോകളേക്കാളും ഉയര്‍ന്ന സ്ഥിതി കൈവരിക്കുന്നതിനുള്ള സാദ്ധ്യതകകളുണ്ട്. ഇ-ഓഫീസ്, ഭൂരേഖകളുടെ ഡിജിറ്റൈസേഷന്‍ തുടങ്ങിയ നടപടികളിലൂടെ സുതാര്യതയും കാര്യക്ഷമതയും ഭരണത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കും. ഡിജിറ്റൈസേഷന്‍ രംഗത്തു നേരിടുന്ന വെല്ലുവിളി സാങ്കേതികമല്ല മറിച്ചു മനുഷ്യരുമായി ബന്ധപ്പെട്ടതാണ്. ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു റോഡ് ഗതാഗത അതോറിറ്റിയുടെ സഹായം തേടും. ബാലതൊഴില്‍ ഇല്ലാതാക്കുന്നതിനു തൊഴില്‍മേഖലകളെ ബോധവത്‌കരിക്കണം. കളക്‌ടര്‍ വിശദീകരിച്ചു.
വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ ചോദ്യങ്ങള്‍ക്കും കളക്‌ടര്‍ തുറന്ന മറുപടികള്‍ നല്‍കി. എന്‍ജിനീയറിംഗിനും എം ബി എ യ്‌ക്കും ശേഷം സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തത് സാമ്പത്തികനേട്ടങ്ങളേക്കാള്‍ പ്രധാനമാണ് വ്യക്തിപരമായ സംതൃപ്‌തി എന്നു കരുതുന്നതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കോഴ്‌സുകളിലെ തന്റെ സഹപാഠികള്‍ ഇന്നു വളരെ നല്ല നിലയിലാണ്. പക്ഷേ ആന്തരികമായ സംതൃപ്‌തിയുടെ തലങ്ങള്‍ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. കൊച്ചി നഗരത്തിനകത്തും പുറത്തുമുള്ള ജനങ്ങളുടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനു സംയുക്തമായ പരിശ്രമങ്ങളാണാവശ്യമെന്നും വലിയ കാര്യങ്ങള്‍ ചെയ്യുന്നതല്ല, ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യുന്നതാണു പ്രധാനമെന്നും അദ്ദേഹം വിശദീകരിച്ചു.
കെ എം എ യുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ അബ്രാഹം അതിഥിയെ പരിചയപ്പെടുത്തി. മാത്യു ഉറുമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ