2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കൊച്ചിയില്‍ ലാവണ്യം' കലാസന്ധ്യ ഇന്നു മുതല്‍





ഒന്‍പത്‌ വേദികള്‍, അഞ്ചു ദിനങ്ങള്‍

കൊച്ചി: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന 'ലാവണ്യം 2016' ഓണാഘോഷ പരിപാടികള്‍ക്ക്‌ ഇന്ന്‌ തുടക്കം. ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ പ്രധാന വേദിയ്‌ക്ക്‌ പുറമെ നഗരത്തിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലുമായി മറ്റ്‌ എട്ട്‌ വേദികള്‍ കൂടി ഇത്തവണത്തെ ഓണാഘോഷത്തിന്‌ നിറവും താളവും പകരാനുണ്ടാകും. ടൂറിസം കേന്ദ്രങ്ങളിലാണ്‌ ഈ വേദികളെന്നതാണ്‌ മറ്റൊരു പ്രത്യേകത.
ഫോര്‍ട്ട്‌കൊച്ചി (വാസ്‌കോഡഗാമ സ്‌ക്വയര്‍), കുമ്പളങ്ങി (പാര്‍ക്ക്‌), ചെറായി (ബീച്ച്‌ ഓഡിറ്റോറിയം), ഇടപ്പള്ളി (ചങ്ങമ്പുഴ പാര്‍ക്ക്‌), കളമശേരി (കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം), പെരുമ്പാവൂര്‍ (പെരിയാര്‍ ഗ്രൗണ്ട്‌, പാണംകുഴി, നെടുമ്പറച്ചിറ), മൂവാറ്റുപുഴ (കെ.എം ജോര്‍ജ്‌ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍), ഭൂതത്താന്‍കെട്ട്‌ (പാര്‍ക്ക്‌) എന്നിവയാണ്‌ ദര്‍ബാര്‍ ഹാള്‍ മൈതാനത്തിന്‌ പുറമെയുള്ള മറ്റ്‌ വേദികള്‍.

ദര്‍ബാര്‍ ഹാള്‍ മൈതാനം

ഉത്രാടദിനമായ ഇന്ന്‌ (13) ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററിലെ മുഖ്യ വേദിയില്‍ ഓണാഘോഷത്തിന്‌ ഔദ്യോഗികമായി തുടക്കം കുറിക്കും. വൈകുന്നേരം 5ന്‌ കോഴിക്കോട്‌ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന തെയ്യം, 6ന്‌ സുധ രഞ്‌ജിത്‌ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീതം, 7.30ന്‌ വിഭിന്നശേഷിയുള്ള കലാകാരന്മാരെ അണിനിരത്തി പ്രത്യാശ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന ഫ്‌ളൈ വിംഗ്‌സ്‌ മെഗാഷോ എന്നിവ അരങ്ങേറും.
തിരുവോണദിനമായ നാളെ (14) വൈകുന്നേരം 5.30ന്‌ ദേവാനന്ദും സംഘവും (അരങ്ങ്‌, വൈക്കം) അവതരിപ്പിക്കുന്ന ഓണപ്പാട്ടുകളോടെയാണ്‌ മുഖ്യവേദി ഉണരുക. തുടര്‍ന്ന്‌ 8ന്‌ നേഹ നായരുടെ നേതൃത്വത്തില്‍ അസ്‌ത്ര 13 അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ബാന്‍ഡും നടക്കും.അവിട്ടം ദിനമായ 15ന്‌ വൈകുന്നേരം 6ന്‌ 2016ലെ വേള്‍ഡ്‌ ഐക്കണ്‍ റെക്കോര്‍ഡ്‌ ജേതാവ്‌ പി.സി ചന്ദ്രബോസ്‌ നയിക്കുന്ന സിംഫണി ഓഫ്‌ കേരള ചെണ്ട അവതരണം. തുടര്‍ന്ന്‌ 7ന്‌ കുമാരനാശാന്റെ 'കരുണ'യെ ആസ്‌പദമാക്കി പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരമായ 'മ്യൂസിക്കല്‍ വിഷ്വല്‍ ഷോ'. മണ്‍മറഞ്ഞ പ്രഗത്ഭരായ കാവാലം നാരായണപ്പണിക്കര്‍, ഒ.എന്‍.വി, കലാഭവന്‍ മണി എന്നിവര്‍ക്കുള്ള ശ്രദ്ധാഞ്‌ജലിയും കൂടിയാവും ഈ 'മ്യൂസിക്കല്‍ വിഷ്വല്‍ ഷോ'. 
ചതയദിനമായ 16ന്‌ വൈകുന്നേരം 6ന്‌ ആര്‍.എല്‍.വി ജോളി മാത്യുവിന്റെ മോഹിനിയാട്ടവും തുടര്‍ന്ന്‌ എന്‍.എസ്‌ ഉഷ ആലപിക്കുന്ന പുള്ളുവന്‍പാട്ടും നടക്കും. 7.30ന്‌ വോയ്‌സ്‌ ഓഫ്‌ ആര്‍ച്ച്‌ ഏഞ്ചല്‍, കൊച്ചിയിലെ വാദ്യകലാകാരന്‍ മൈക്കിള്‍ ജോ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍ ബാന്‍ഡ്‌ / പെര്‍ക്കഷന്‍. 17ന്‌ ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ ഓണാഘോഷങ്ങള്‍ക്ക്‌ സമാപനമാവും. വൈകുന്നേരം 6ന്‌ ആധുനിക കവിത്രയങ്ങളായ ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവര്‍ക്കുള്ള ശ്രദ്ധാഞ്‌ജലിയായി രേഷ്‌മ യു രാജ്‌ അവതരിപ്പിക്കുന്ന പ്രദക്ഷിണ (നൃത്തശില്‍പ്പം)വും തുടര്‍ന്ന്‌ പ്രശസ്‌ത സംഗീതസംവിധായകന്‍ ജെറി അമല്‍ദേവിനൊപ്പം സിംഗ്‌ ഇന്ത്യ വിത്ത്‌ ജെറി അമല്‍ദേവ്‌ എന്ന പ്രത്യേക സംഗീതപരിപാടിയും നടക്കും. മറ്റ്‌ പ്രധാന വേദികളും പരിപാടികളും ചുവടെ:

ഫോര്‍ട്ട്‌കൊച്ചി 

ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറില്‍ 15ന്‌ വൈകുന്നേരം 6ന്‌ അനിതാഷേയ്‌ക്‌ അവതരിപ്പിക്കുന്ന സൂഫിയാന ഗസല്‍ സന്ധ്യ. തുടര്‍ന്ന്‌ 7.30ന്‌ സഹൃദയ സൊസൈറ്റിക്കുവേണ്ടി സ്‌പര്‍ശന്‍ മെലഡീസ്‌ ഒരുക്കുന്ന വിഭിന്നശേഷിയുള്ളവരുടെ സംഗീത വിരുന്ന്‌. 16ന്‌ വൈകുന്നേരം 5ന്‌ പ്രമോദ്‌ അവതരിപ്പിക്കുന്ന തെയ്യം, 17ന്‌ വൈകുന്നേരം 5ന്‌ പനയില്‍ ഗോപാലകൃഷ്‌ണന്റെ വേലകളി, 6ന്‌ ഭാരത്‌ ഭവന്‍, തിരുവനന്തപുരം ഒരുക്കുന്ന ഭാരതീയ രംഗോത്സവം.

കുമ്പളങ്ങി

കുമ്പളങ്ങി പാര്‍ക്കില്‍ ഉത്രാടദിനമായ ഇന്ന്‌്‌ (13) വൈകുന്നേരം 6ന്‌ അരുണ്‍ ആര്‍ നായരുടെ ഓട്ടന്‍തുള്ളല്‍ അവതരണത്തോടെ ഓണാഘോഷങ്ങള്‍ക്ക്‌ തുടക്കമാവും. തുടര്‍ന്ന്‌ 7ന്‌ അശോകന്‍ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍. തിരുവോണദിനമായ നാളെ (14) വൈകുന്നേരം 7ന്‌ ചലച്ചിത്രകോമഡിതാരം ലീലാ കൃഷ്‌ണനും സംഘവും അവതരിപ്പിക്കുന്ന എല്‍ ചാനല്‍ മെഗാ ഷോയും ഈ വേദിയില്‍ നടക്കും.

ഇടപ്പള്ളി

ചതയദിനമായ 16ന്‌ വൈകുന്നേരം 6ന്‌ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ വേദിയില്‍ സംഗീതസംവിധായകന്‍ ബേണിയുടെ നേതൃത്വത്തില്‍ ടീന്‍ ടാല്‍ സംഗീതവിരുന്ന്‌ അരങ്ങേറും. 


കളമശേരി

16നുവൈകുന്നേരം ആറു മുതല്‍ കളമശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലും ഓണം കലാസന്ധ്യയ്‌ക്ക്‌ വേദിയൊരുങ്ങും. വൈകുന്നേരം 6ന്‌ അനില്‍ ഏകലവ്യയുടെ കഥാപ്രസംഗവും തുടര്‍ന്ന്‌ 7ന്‌ സംഗീതസംവിധായകന്‍ ആര്‍.സോമശേഖരനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

പെരുമ്പാവൂര്‍

പെരുമ്പാവൂര്‍ പെരിയാര്‍ ഗ്രൗണ്ട്‌ പാണംകുഴി നെടുമ്പറച്ചിറയിലെ വേദിയില്‍ ഉത്രാടംനാളായ ഇന്ന്‌ വൈകുന്നേരം 7ന്‌ പ്രശസ്‌ത ഹാസ്യതാരം മനോജ്‌ ഗിന്നസും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ. തിരുവോണദിനമായ നാളെ വൈകുന്നേരം 6ന്‌ തണല്‍ പാലിയേറ്റീവ്‌ പാരാപ്ലെജിക്‌ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭിന്നശേഷിയുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.


ഭൂതത്താന്‍കെട്ട്‌

ഭൂതത്താന്‍കെട്ട്‌ പാര്‍ക്കില്‍ 17ന്‌ വൈകുന്നേരം 6ന്‌ പ്രശസ്‌ത ഹാസ്യതാരം കെ.എസ്‌ പ്രസാദും സംഘവും അവതരിപ്പിക്കുന്ന ടൈം മെഷീന്‍ കോമഡി ഷോ. 18ന്‌ വൈകുന്നേരം 6ന്‌ ഹംസധ്വനി എന്ന പേരില്‍ ജോണ്‍സണ്‍ മാജിക്കല്‍ മെലഡി നൈറ്റും പാര്‍ക്കില്‍ ക്രമീകരിച്ചിട്ടുണ്ട്‌. 


ചെറായി

ചെറായി ബീച്ച്‌ ഓഡിറ്റോറിയത്തില്‍ 17ന്‌ വൈകുന്നേരം 6 മുതല്‍ നാടന്‍പാട്ടുകളും തുടര്‍ന്ന്‌ യുവജന ചവിട്ടുനാടക കലാസമിതിയുടെ ചവിട്ടുനാടകവും നടക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ