2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

മരുന്നില്‍ വിഷാംശമില്ലെന്ന്‌ തെളിയിക്കാന്‍ മരുന്ന്‌ കഴിച്ച ഡോക്ടര്‍ 9 വര്‍ഷത്തിനുശേഷം മരിച്ചു




കൊച്ചി: 
മരുന്നില്‍ വിഷാംശമില്ലെന്ന്‌ തെളിയിക്കാനായി രോഗിക്ക്‌ കൊടുത്തുവിട്ട മരുന്ന്‌ കഴിച്ച്‌ അബോധാവസ്ഥയിലായ ഡോക്ടര്‍ ഒന്‍പത്‌ വര്‍ഷത്തിനുശേഷം മരിച്ചു. വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്ന്‌ തെളിയിക്കാന്‍ സ്വയം മരുന്നു കുടിച്ചു കാണിച്ച ആയുര്‍വേദ ഡോക്ടര്‍ പി.എ. ബൈജുവാണ്‌ മരിച്ചത്‌.

മരുന്നു കുടിച്ചതോടെ ഓര്‍മ നഷ്ടപ്പെട്ട്‌ ഡോക്ടറുടെ ശരീരം പൂര്‍ണമായും തളര്‍ന്നിരുന്നു. 2007 ജനുവരി 25നാണ്‌ പായിപ്ര മാനാറി പണ്ടിരിപുത്തന്‍പുര എം. അയ്യപ്പന്റെയും, ലീലയുടെയും മകന്‍ ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവമുണ്ടായത്‌. 

ബൈസണ്‍ വാലി ആയുര്‍വേദ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ രോഗിക്ക്‌ കുറിച്ചു കൊടുത്ത മരുന്നില്‍ വിഷം കലര്‍ന്നിരുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തെ തുടര്‍ന്ന്‌ അസ്വസ്ഥതകളുമായി ക്ലിനിക്കിലെത്തിയ രോഗിയുടെയും ബന്ധുക്കളുടെയും മുന്നില്‍ വെച്ച്‌ ഡോക്ടര്‍ മരുന്ന്‌ കുടിച്ചു കാണിക്കുകയായിരുന്നു. മരുന്നില്‍ അസ്വാഭിവകമായി ഒന്നുമില്ലെന്ന്‌ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മരുന്നു കുടിച്ച ഉടനെ ഡോക്ടര്‍ തളര്‍ന്നു വീണു. പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല. 

ശരീരത്തിന്റെ ചലനശേഷിയും നഷ്ടപ്പെട്ടു. അലോപ്പതിയില്‍ ഇനി മരുന്നൊന്നുമില്ലെന്ന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്‌തു. പിന്നീട്‌ പലയിടങ്ങളിലായി ചികിത്സ തുടര്‍ന്നുവെങ്കിലും സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ഏലത്തിനടിക്കുന്ന കീടനാശിനിയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനോ ഫോസ്‌ഫറസ്‌ എന്ന വിഷവസ്‌തുവിന്റെ സാന്നിധ്യമാണ്‌ ഡോക്ടര്‍ കുടിച്ച മരുന്നില്‍ അടങ്ങിയിരുന്നതെന്ന്‌ പിന്നീട്‌ തെളിഞ്ഞു. 
രോഗിക്കുള്ള മരുന്നില്‍ മറ്റാരോ കലര്‍ത്തിയ വിഷവസ്‌തുവാണ്‌ ഡോക്ടറുടെ ദുരന്തത്തിനു കാരണമായതെന്നു വ്യക്തമായിരുന്നു. മരുന്നുമായെത്തിയ രോഗിയുടെ ഭര്‍ത്താവിനെ മാസങ്ങള്‍ക്കുശേഷം പോലീസ്‌ അറസ്റ്റു ചെയ്‌തെങ്കിലും തുടരന്വേഷണം ഫലപ്രദമായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ