കൊച്ചി : വിദേശത്ത് തൊഴില്‍ തേടുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ
സഹകരണത്തോടെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിങ്ങ് സെന്ററുകള്‍
ആരംഭിക്കും. ഇന്ത്യയില്‍ ആരംഭിക്കുന്ന 50 ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കില്‍
സെന്റേഴ്‌സിന്റെ ഭാഗമാണിത്.
ഗാര്‍ഹിക ജോലി, ആരോഗ്യ സംരക്ഷണം, റീട്ടെയ്‌ല്‍,
സെക്യൂരിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ്, ഓട്ടോമോട്ടീവ്, നിര്‍മാണമേഖല, ടൂറിസം,
ഹോസ്‌പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലായിരിക്കും പരിശീലനം. ഭാഷാ പരിജ്ഞാനം,
സോഫ്‌റ്റ് സ്‌കില്‍ പരിശീലനം എന്നിവ ഇതില്‍ ഉള്‍പ്പെടും.
സ്‌കില്‍ ഇന്ത്യയുടെ
ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, കേന്ദ്ര സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ്
എന്റര്‍പ്രന്യുര്‍ഷിപ് (എംഎസ്‌ഡിഇ) മന്ത്രാലയം ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ
ഭാഗമാണിത്. യുവജനങ്ങള്‍ക്കുവേണ്ടി അഞ്ചു പ്രധാന പദ്ധതികള്‍ക്കാണ് മന്ത്രാലയം രൂപം
കൊടുത്തിട്ടുള്ളത്. പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന, ഇന്ത്യ ഇന്റര്‍നാഷണല്‍
സ്‌കില്‍ സെന്റേഴ്‌സ്, ഇന്ത്യാ സ്‌കില്‍ ഓണ്‍ലൈന്‍ ലേബര്‍ മാനേജ്‌മെന്റ്
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇന്ത്യാ സ്‌കില്‍സ് മത്സരങ്ങള്‍ എന്നിവ ഇതില്‍
ഉള്‍പ്പെടും.
2017-ല്‍ അബുദാബിയില്‍ നടക്കുന്ന ലോക സ്‌കില്‍
ചാമ്പ്യന്‍ഷിപ്പിലേയ്‌ക്കുള്ള ഇന്ത്യന്‍ സംഘത്തെ സുസജ്ജമാക്കുകയാണ് ഇന്ത്യാ
സ്‌കില്‍ കോംപറ്റീഷന്റെ ഉദ്ദേശ്യം. 24 സ്‌കില്‍സില്‍ 80 പ്രാദേശിക റൗണ്ടുകളില്‍
മാറ്റുരയ്‌ക്കാന്‍ 4820-ലേറെ യുവാക്കള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
അടുത്ത
വര്‍ഷങ്ങളില്‍ നടപ്പിലാക്കുന്ന അപ്രന്റീഷിപ് പ്രോത്സാഹന്‍ യോജന, പ്രധാന്‍മന്ത്രി
കൗശല്‍ വികാസ് യോജന എന്നിവയ്‌ക്കുവേണ്ടി 22000 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍
എംഎസ്‌ഡിഇ മന്ത്രാലയത്തിന് അനുവദിച്ചിട്ടുള്ളതെന്ന് വകുപ്പിന്റെ സ്വതന്ത്ര
ചുമതലയുള്ള കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി അറിയിച്ചു.
നാഷണല്‍ ലേബര്‍
മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിനും മന്ത്രാലയം രൂപം നല്‍കി. തൊഴില്‍
മേഖലയിലെ ആവശ്യകതയും വിതരണവും പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ദേശീയ തലത്തില്‍
ബാഹ്യാകാശ വിദൂര പഠന പരിപാടികള്‍ക്കായി മന്ത്രാലയം, ഐഎസ്‌ആര്‍ഓ-യുമായി ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ട്. 2300 ഐടിഐകളും 31 അഡ്വാന്‍സ് ട്രെയിനിങ്ങ്
ഇന്‍സ്റ്റിറ്റിയൂട്ടുകളും ഇതിന്റെ പരിധിയില്‍ വരും. മനുഷ്യ വിഭവശേഷി വികസന
മന്ത്രാലയത്തിന്റെ കീഴിലുള്ള, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍
സ്‌കൂളിങ്ങുമായും എംഎസ്‌ഡിഇ മറ്റൊരു ധാരണാപത്രവും
ഒപ്പുവച്ചിട്ടുണ്ട്.
പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന അനുസരിത്ത് 2020
മാര്‍ച്ച് മാസത്തോടെ ഒരു കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ 12,000 കോടി
രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും എംഎസ്‌ഡിഇ മന്ത്രാലയം പത്രക്കുറിപ്പില്‍
അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ