ഡോ. സനഗര്‍ സച്ചിന്‍ പ്രഹ്ലാദ്, ഡോ. ജഗദീഷ് എന്‍., ഡോ. മൂസക്കുഞ്ഞി എം. കെ. എന്നിവര്‍ ആദി തോപ്പില്‍ ഫാബീറിനോടും മാതാവ് മെറിന്‍ ഫാബീറിനോടുമൊപ്പം |
കൊച്ചി: ദുബായില്‍ മാതാപിതാക്കളോടൊത്ത് താമസിച്ചിരുന്ന ആദി തോപ്പില്‍ ഫാബീര്‍ എന്ന രണ്ടു വയസ്സുകാരന്റെ ഹൃദയാന്തര്‍ഭാഗത്ത് രൂപപ്പെട്ട ഇന്‍ട്രാകാര്‍ഡിയാക് യോക് സാക് ജെം സെല്‍ മുഴ, അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജന്മാര്‍ നീക്കം ചെയ്‌തു. ഈ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് ലോകത്ത് ഇത് അഞ്ചാം തവണയാണെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.
വിപിഎസ് ലേക്ക്‌ഷോറിലെ കാര്‍ഡിയാക് സര്‍ജറി, ഹാര്‍ട്ട് ട്രാന്‍സ്‌പ്ലാന്റേഷന്‍ വിഭാഗം തലവനും ചീഫ് സര്‍ജനുമായ ഡോ. എം. കെ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള 30-അംഗ സംഘമാണ് ശസ്‌ത്രക്രിയ നടത്തിയത്. `അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. ഗര്‍ഭാവസ്ഥയുടെ മൂന്നാം ദിവസം രൂപപ്പെടുന്ന യോക് സാക് ടിഷ്യു ഒരു മാസത്തിനുള്ളില്‍ത്തന്നെ ഇല്ലാതാകാറാണ് പതിവ്. എന്നാല്‍ ആദിയുടെ കാര്യത്തില്‍ ഇത് കാന്‍സറസ് ആയ മുഴയായി വളരുകയായിരുന്നു. ഈയിടെ പനി വന്ന് ദുബായിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ട്യൂമറിന്റെ സാന്നിധ്യം മനസ്സിലായത്. ദുബായിലെ ആശുപത്രിയില്‍ ഇത്തരം ശസ്‌ത്രക്രിയക്കുള്ള സൗകര്യങ്ങളും വിദഗ്‌ധരും ഇല്ലാഞ്ഞതിനാലാണ് സങ്കീര്‍ണമായ ഈ ശസ്‌ത്രക്രിയയ്‌ക്കായി കുട്ടിയെ വിപഎസ് ലേക്ക്‌ഷോറിലേയ്‌ക്ക കൊണ്ടുവന്നത്,` ഡോ. എം. കെ. മൂസക്കുഞ്ഞി വിശദീകരിച്ചു.
വിപിഎസ് ലേക്ക്‌ഷോറിലെത്തുമ്പോള്‍ മുഴ മൂലം 90% രക്തചംക്രമണവും തടസപ്പെട്ട്, ഹൃദയത്തിന്റെ രണ്ട് വലത് അറകളേയും ബാധിച്ച നിലയില്‍ ഈ രണ്ടു വയസ്സുകാരന്റെ നില അതീവഗുരുതരമായിരുന്നുവെന്ന് ഡോ. മൂസക്കുഞ്ഞി കൂട്ടിച്ചേര്‍ത്തു. മുഴ എത്രയും വേഗം നീക്കം ചെയ്യുക മാത്രമായിരുന്നു പോംവഴി. ആദിയുടെ ഹൃദയത്തിന്റെ ഉള്ളിലും പുറത്തുമായി രൂപപ്പെട്ട മുഴ 9 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് നീക്കം ചെയ്‌തത്. ശരീര താപനില 15 ഡിഗ്രിയിലേയ്‌ക്ക് താഴ്‌ത്തിക്കൊണ്ടുവന്ന് ചെയ്യുന്ന ഡീപ് ഹൈപോതെര്‍മിക് സര്‍കുലേറ്ററി അറസ്‌റ്റ് (ഡിഎച്ച്‌സിഎ) ശസ്‌ത്രക്രിയാ രീതിയാണ് ഡോ. മൂസക്കുഞ്ഞിയും സംഘവും അവലംബിച്ചത്. `സാധാരണ 50% മാത്രം വിജയസാധ്യതയുള്ള കേസായിരുന്നു ഇത്. മരണത്തില്‍ നിന്ന് മുടിനാരിഴയ്‌ക്കാണ് ആദി രക്ഷപ്പെട്ടത്` ഡോ. മൂസക്കുഞ്ഞി പറയുന്നു. ശസ്‌ത്രക്രിയക്കു ശേഷം ആദിയുടെ നില പെട്ടെന്ന് മെച്ചപ്പെട്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ ഡിസ്‌ചാര്‍ജ് ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ദുബായില്‍ വെച്ച് തങ്ങളുടെ മകന്റെ ഹൃദയത്തില്‍ കാന്‍സറസ് ആയ ട്യൂമര്‍ കണ്ടെത്തിയത് തങ്ങളെ തളര്‍ത്തിക്കളഞ്ഞെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. `ആ കണ്ടീഷനില്‍ യാത്ര പാടില്ലെന്ന് ദുബായിലെ ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. എന്നാല്‍ അവിടുത്തെ വിദഗ്‌ധരിലും സൗകര്യങ്ങളിലും വിശ്വാസം പോരാഞ്ഞതിനാല്‍ ഞങ്ങള്‍ റിസ്‌ക്കെടുക്കുകയായിരുന്നു. പിറ്റേന്നു തന്നെ ഞങ്ങള്‍ കൊച്ചിക്കു വന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് നേരെ ആംബുലന്‍സിലാണ് വിപിഎസ് ലേക്ക്‌ഷോറിലേയ്‌ക്കു വന്നത്. ഞങ്ങളുടെ മകന്റെ ജീവന്‍ രക്ഷിച്ച വിപിഎസ് ലേക്ക്‌ഷോര്‍ അധികൃതരോട്, വിശേഷിച്ചു ഈദ് ദിനത്തില്‍ തന്നെ വന്ന് ഈ ശസ്‌ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോ. മൂസക്കുഞ്ഞിയോട് ഞങ്ങള്‍ക്ക് ഏറെ നന്ദിയുണ്ട്,` ആദിയുടെ അമ്മയായ മെറിന്‍ ഫാബീര്‍ പറഞ്ഞു. മകന് ഇപ്പോള്‍ ഏറെ ആശ്വാസമുണ്ടെന്നും ആ അമ്മ കൂട്ടിച്ചേര്‍ത്തു.
ട്യൂമറിന്റെ വളര്‍ച്ച ഇനിയുണ്ടാകാതിരിക്കാന്‍ കുട്ടിക്ക് ഭാവിയില്‍ കീമോതെറാപ്പി ആവശ്യമായിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോ. സച്ചിന്‍, ഡോ. ജഗദീഷ് എന്നിവരാണ് ശസ്‌ത്രക്രിയയില്‍ ഡോ. മൂസക്കുഞ്ഞിക്ക് പിന്തുണ നല്‍കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ